മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് ഏകോപനച്ചുമതലയുള്ള (നോഡല്‍ ഓഫീസര്‍) ഡോ.അരുണയെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുന്നു

മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് ഏകോപനച്ചുമതലയുള്ള (നോഡല്‍ ഓഫീസര്‍) ഡോ.അരുണയെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുന്നു. സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിക്കുന്നു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി, നാളെ (ചൊവ്വ) മുതല്‍ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കും. അതിന്റെ മുന്നോടിയായി ഇന്ന് രാവിലെ എട്ടു മുതല്‍ പത്ത് വരെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒ. പി ബഹിഷ്‌കരിക്കും. കൊവിഡ്, അടിയന്തര-അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്തവിധത്തിലാണ് സമരം.
കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നു മുതല്‍ നിറുത്തിവയ്ക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ ചുമതല ഒഴിഞ്ഞുള്ള കത്ത് ഇന്നലെ രാത്രിയോടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയതായും ഗവ.മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) നേതാക്കള്‍ അറിയിച്ചു.
അതേസമയം, ഡോ.അരുണയ്‌ക്കൊപ്പം, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, രഞ്ജിനി കെ.വി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ഗവ.നഴ്‌സ്സ് യൂണിയന്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ 17വരെ റിലേ നിരാഹാരം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ റിലേ സത്യാഗ്രഹം ഇന്ന് രാവിലെ എട്ടിന് അവസാനിക്കും.
"
https://www.facebook.com/Malayalivartha


























