ഇന്ന് നിര്‍ണായകം... സിബിഐ ആവശ്യപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് കൊണ്ടുപോയി; നിര്‍ണായകമായ 6 രേഖകളുടെ ഫോട്ടോ കോപ്പികളുമായി സിബിഐയുടെ മുന്നില്‍ ചോദ്യം ചെയ്യാനായി മറ്റൊരു സര്‍ക്കാര്‍ സെക്രട്ടറി കൂടിയെത്തുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നു

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന് പുറമേ മറ്റൊരു സര്‍ക്കാര്‍ സെക്രട്ടറി കൂടി അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യാന്‍ എത്തുകയാണ്. ലൈഫ് മിഷന്‍ സി.ഇ.ഒ. കൂടിയായ യു.വി ജോസാണ് ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് യു.വി ജോസ് ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
അതേസമയം സിബിഐ ആവശ്യപ്പെട്ട രേഖകളെല്ലാം സിബിഐ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പേ വിജിലന്‍സ് കൊണ്ടുപോയിരുന്നു. അതിനാല്‍ തന്നെ സിബിഐ ചോദിച്ച രേഖകളുടെ ഫോട്ടോ കോപ്പിയുമായാണ് യുവി ജോസ് സിബിഐയ്ക്ക് മുന്നിലെത്തുന്നത്. ഇതിന്‍മേലുള്ള സിബിഐയുടെ പ്രതികരണം നിര്‍ണായകമാകും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സി.ബി.ഐ എസ്.പി നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍. യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില് സി.ബി.ഐ യൂണിടാക്ക് എം.ഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, ത്യശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.
അതിനിടെ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ സംബന്ധിച്ചും ഏറെ വിവാദമുണ്ടായി. സര്‍ക്കാരിനെതിരെ സമരം നടത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു ഐ ഫോണ്‍ സ്വപ്ന നല്‍കിയതായി സന്തോഷ് ഈപ്പന്‍ പറഞ്ഞത് ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുപയോഗിച്ച് ചെന്നിത്തലയെ ആക്രമിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയാകട്ടെ ഫോണ്‍ കിട്ടിയ കോടിയേരിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ പുറത്ത് കൊണ്ടു വന്നു. പ്രോട്ടോകോള്‍ ഓഫീസര്‍ ഫോണ്‍ സ്വീകരിച്ചത് പുറത്ത് വന്നതോടെ വീണ്ടും നയതന്ത്ര ബാഗിലെ കള്ളക്കളി ചര്‍ച്ചയായി.
അതേസമയം ഐ ഫോണ്‍ വിവാദത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമനടപടിക്കൊരുങ്ങി ചെന്നിത്തല രംഗത്തെത്തുകയും ചെയ്തു. സന്തോഷ് ഈപ്പന് ചെന്നിത്തല ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും.
ഫോണ്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ഡിജിപിക്ക് കത്തയച്ചിരുന്നു. ഡിജിപി ഇതിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം. നിയമവിദഗ്ദ്ധരുമായി അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ റെയ്‌സിങ് ഡേ ചടങ്ങില്‍ പങ്കടുത്ത താന്‍ അവരില്‍നിന്ന് മൊബൈല്‍ ഫോണോ മറ്റുസമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. ലൈഫ് മിഷന്‍ വിവാദത്തില്‍പ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് ഫോണിന്റെ ഐ.ഇ.എം.ഐ. നമ്പര്‍ ഉപയോഗിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇങ്ങനെ മറ്റൊരു വിവാദം കത്തുന്നതിനിടേയാണ് യുവി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യലില്‍ എന്തെങ്കിലും സംശയം സിബിഐ ഉന്നയിച്ചാല്‍ അത് സര്‍ക്കാരിനെതിരായുള്ള വലിയൊരുക്രമണമായി പ്രതിപക്ഷം ഏറ്റെടുക്കും.
https://www.facebook.com/Malayalivartha


























