കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് നാളെ പുറത്തിറക്കും

കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് നാളെ രാവിലെ 10.30 തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു . ഇതോടൊപ്പം തന്നെ കെഎസ്ആര്‍ടി സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ 'കെഎസ്ആര്‍ടിസി ജനതാ സര്‍വീസ് ലോഗോ, 'കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ് ലോഗോ എന്നിവയും മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു .ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യുന്നത് . ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നത് .
എങ്കിലും ഇതുവരെ കെഎസ്ആര്‍ടിസിയ്ക്ക് സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വേഷനായി ഒരു മൊബൈല്‍ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. Abhi Bus മായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ റിസര്‍വ്വേഷന്‍ ആപ്പ് 'എന്റെ കെ.എസ്.ആര്‍.ടി.സി' എന്ന പേരില്‍ തയ്യാറാക്കിയിട്ടുണ്ട് . എല്ലാവിധ ആധുനിക പേയ്മെന്റ് സംവിധാനങ്ങളുമുള്ള ഈ ആപ്ലിക്കേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും വിധം ലളിതമായി ഉപയോഗിക്കാന്‍ സാധിക്കും .
പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരില്‍ കൊവിഡ് മുഖാന്തിരം വളരെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതിയ കാല്‍വയ്പ്പ് എന്ന നിലയില്‍ 'അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി' ബസ്സുകള്‍ വിജയകരമായി സര്‍വ്വീസ് നടത്തി വരികയാണ്.
വളരെയധികം ജനപ്രീതി നേടിയ ഈ സര്‍വ്വീസിന് ഒരു പേര് നിര്‍ദ്ദേശിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിന് ആയിരത്തിലധികം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട 'കെഎസ്ആര്‍ടിസി ജനത സര്‍വീസ്' എന്ന പേര് ഈ സര്‍വീസിന് നല്‍കുകയാണ്. ആയതിനായി ഒരു ലോഗോയും തയ്യാറാക്കിയിട്ടുണ്ട്. പല ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും യാത്രാക്കാരില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഡീസല്‍, സ്പെയര്‍ പാര്‍ട്സ് വിലവര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
"
https://www.facebook.com/Malayalivartha


























