വയനാട്ടിലേക്ക് ചുരത്തിലൂടെ അല്ലാതെ യാത്ര; ബദല്‍പാതയുടെ പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്

താമരശേരി ചുരത്തിനു ബദലായി നിര്‍മിക്കാനുദ്ദേശിക്കുന്ന ആനക്കാം പൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതിയുടെ ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പത്തിന് വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുന്നതോടെ വയനാട്ടിലേക്ക് ചുരമില്ലാത്ത യാത്രയെന്ന സ്വപ്നം സഫലമാവും. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായിരിക്കും. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എംപിമാരായ രാഹുല്‍ ഗാന്ധി, എളമരം കരീം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തിരുവമ്പാടിയില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ്.എം. തോമസ് എംഎല്‍എ, താമരശേരി ബിഷപ്പ് മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവരും പങ്കെടുക്കും.
ബദല്‍ പാതയുടെ നിര്‍മാണം ഏറ്റെടുത്ത കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്റെ (കെആര്‍സിഎല്‍) നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ സെപ്റ്റംബര്‍ 23-ന് ആരംഭിച്ചു. നിര്‍മാണമാരംഭിച്ച് മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെആര്‍സിഎല്‍, കിഫ്ബി, പിഡബ്ല്യുഡി എന്നിവര്‍ ത്രികക്ഷി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. പുതിയ പാത വരുമ്പോള്‍ വയനാട് യാത്രയിലെ പ്രധാന കുരുക്കായ താമരശേരി ചുരം ഒഴിവാക്കാം.
തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് കോഴിക്കോട് നഗരം പൂര്‍ണമായും ഒഴിവാക്കി നേരെ വയനാട്ടിലേക്കെത്താം. 30 വര്‍ഷങ്ങള്‍ക്കപ്പുറത്ത് യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദിഷ്ട കൊച്ചി-ബെംഗളൂരു ചരക്കുപാതയുടെ ഭാഗമായി ഈ പാത മാറും. തുരങ്കപാതയായതിനാല്‍ വനമേഖല നശിപ്പിക്കപ്പെടില്ല. ജൈവവ്യവസ്ഥയെ ബാധിക്കുകയുമില്ല. 12 കിലോമീറ്റര്‍ ചുരത്തിലെ 9 ഹെയര്‍പിന്‍ വളവുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. ഇവ പരിഹരിക്കപ്പെടും. പുതിയ പാത വരുന്നതോടെ വയനാട്ടിലേക്ക് ശരാശരി 40 കിലോമീറ്റര്‍ ദൂരം കുറയും.
https://www.facebook.com/Malayalivartha


























