ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും തൊഴിലാളികളുടെ ശമ്പളവും സര്‍ക്കാര്‍ അട്ടിമറിച്ചതോടെ ഇടത് അനുഭാവ സര്‍വീസ് സംഘടനകളില്‍ നിന്ന് ജീവനക്കാരുടെ വന്‍തോതിലുള്ള കൊഴിഞ്ഞു പോക്ക് തുടങ്ങി

ഇങ്ങനെ മുന്നോട്ടുപോയാല്‍ ഇങ്കിലാബ് സിന്ദാബാദ് വിളിക്കാന്‍ ആളെ കിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജീവനക്കാര്‍ അറിയിക്കാനൊരുങ്ങുകയാണ്. എന്നും ജീവനക്കാരോടൊപ്പം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ സര്‍ക്കാരാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും അട്ടിമറിച്ചത്.
കോവിഡിന്റെ മറവില്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പെന്‍ഷന്‍ നിര്‍ണ്ണയത്തിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സി പി എം സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന രീതിയില്‍ ഒരു മാസത്തെ സാവകാശം നല്‍കിയത്. എന്നാല്‍ 6 മാസത്തേക്കായി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പുതുക്കിയതോടെ ശമ്പളം പിടിച്ചെടുക്കുമെന്ന തീരുമാനത്തിന് മാറ്റം സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് നവംബറില്‍ വാങ്ങുന്ന ഒക്ടോബര്‍ മാസത്തെ ശമ്പളം മുതല്‍ പിടുത്തം തുടങ്ങും. അതിനിടയാലാണ് പെന്‍ഷനില്‍ കൈവച്ചത്.
പെന്‍ഷന്‍ നിര്‍ണയിക്കാന്‍ സേവനകാലാവധി കണക്കാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ മാറ്റംവരുത്തിയത്. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഇടതുസംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു.
ആറുമാസത്തില്‍ കൂടുതലുള്ള സര്‍വീസ് നേരത്തേ ഒരുവര്‍ഷമായി കണക്കാക്കിയിരുന്നു. ആറുമാസത്തില്‍ കുറവുള്ളത് ഒഴിവാക്കിയിരുന്നു. ഇതുമാറ്റി. ഇനി മൂന്നുമുതല്‍ ഒമ്പതുവരെ മാസമുള്ള സര്‍വീസ് കാലാവധി അരവര്‍ഷമായും ഒമ്പതുമാസത്തില്‍ കൂടുതലുള്ളത് ഒരുവര്‍ഷമായും കണക്കാക്കും. മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കാനുള്ള കാലാവധി കണക്കാക്കുന്നതിലും മാറ്റമുണ്ട്.
ഇത് ഒട്ടേറെ ജീവനക്കാര്‍ക്ക് പെന്‍ഷനും ആനുകൂല്യവും കുറയാന്‍ കാരണമാകുമെന്ന് ജീവനക്കാര്‍ പറയുന്നു. ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുണകരമല്ലാത്ത പരിഷ്‌കാരം പുനഃപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളുടെ പൊതുവേദിയായ ഫെസ്‌റ്റോ ആവശ്യപ്പെട്ടു.
മിനിമം പെന്‍ഷനും ഫുള്‍ പെന്‍ഷനും കണക്കാക്കാന്‍ ലഭിക്കുന്ന ഇളവ് സംബന്ധിച്ച് അവ്യക്തതയുണ്ട്. സര്‍വീസ് കാലയളവില്‍ വരുന്ന അധിവര്‍ഷങ്ങളിലെ അധിക ദിവസങ്ങള്‍കൂടി പെന്‍ഷന്‍ യോഗ്യതയുള്ള ദിവസങ്ങളായി പരിഗണിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കുന്നതോടൊപ്പമാണ് ആറുമാസത്തില്‍ ഒരുദിവസം കൂടുതലുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ ആനുകൂല്യം ലഭിക്കുന്നത് അവസാനിപ്പിച്ചത്.
ചര്‍ച്ചയില്ലാതെ ചട്ടം ഭേദഗതിചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫെസ്‌റ്റോ പ്രസിഡന്റ് കെ.സി.ഹരികൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടിയും പറഞ്ഞു. അനവസരത്തില്‍ ജീവനക്കാരെ ദ്രോഹിക്കാനെടുത്ത തീരുമാനമാണിതെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍ ആരോപിച്ചു.
സേവനകാലയളവ് കണക്കാക്കുന്നതുസംബന്ധിച്ച് ഒട്ടേറെ ജീവനക്കാര്‍ കോടതിയെ സമീപിക്കുന്നത് സര്‍ക്കാരിന് പണനഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാല്‍ അതിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് ചെയ്തതെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു.
മറ്റുമാറ്റങ്ങള്‍ ഇങ്ങനെ
* മൂന്നുമാസത്തില്‍ കുറവുള്ള സര്‍വീസ് ഒഴിവാക്കും. നേരത്തേ ആറുമാസത്തില്‍ കുറവുള്ളത് ഒഴിവാക്കിയിരുന്നു.
* മിനിമം പെന്‍ഷനുവേണ്ടി ഒമ്പതുവര്‍ഷവും ഒരു ദിവസവുമെന്നത് പത്തുവര്‍ഷമായി കണക്കാക്കിയിരുന്നത് തുടരും.
* 29 വര്‍ഷവും ഒരു ദിവസവും ജോലിചയ്താല്‍ 30 വര്‍ഷമായി കണക്കാക്കി ഫുള്‍പെന്‍ഷന്‍ അനുവദിക്കുന്നത് നിര്‍ത്തി.
* 32 വര്‍ഷവും ഒരുദിവസവും സര്‍വീസുണ്ടെങ്കില്‍ 33 വര്‍ഷമായി കണക്കാക്കി ഗ്രാറ്റ്വിറ്റി നല്‍കിയിരുന്നത് ഇനി തുടരില്ല.
* അതിവര്‍ഷത്തെ അധികദിവസങ്ങളും പെന്‍ഷന് കണക്കാക്കും.
എല്ലാ തീരുമാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരെ നിരാശയിലാഴ്ത്തുന്നതും സര്‍ക്കാരിനെ സഹായിക്കുന്നതുമാണ്. പിണറായി അധികാരത്തിലെത്തിയത് മുതല്‍ ജീവനക്കാരോട് നിഷേധാത്മക നിലപാടാണ് തുടരുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാര്‍ ജോലിചെയ്യുന്നില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കാറുണ്ട്. മുഖ്യമന്ത്രി ജോലി ചെയ്യുന്നില്ലെന്ന് പറയുന്നത് തങ്ങളെ അധിക്ഷേപിക്കാനാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
എക്കാലവും സി പി എമ്മിന് കരുത്തായി നില കൊണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. 5 ലക്ഷം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എല്ലാ പാര്‍ട്ടികള്‍ക്കും എക്കാലത്തും വോട്ടുബാങ്കായിരുന്നു. എന്നാല്‍ അത്തരമൊരു ചിന്താഗതിയിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ഇടത് സംഘടനാ പ്രവര്‍ത്തകര്‍ പോലും ഇടതിന് വോട്ടുചെയ്യാത്ത അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. 2021 ല്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ ഇത് സിപിഎമ്മിന് വലിയ തലവേദനയായി തീരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
"
https://www.facebook.com/Malayalivartha


























