തയ്യല്‍ സംരംഭം തുടങ്ങാനെന്ന പേരില്‍ 30 സ്ത്രീകളെ പറ്റിച്ച് പണം തട്ടിയെടുത്തു

മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയില്‍ സ്ത്രീകളെ കബളിപ്പിച്ച് 6,000 രൂപ വീതം കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തയ്യല്‍ സംരംഭം തുടങ്ങാനെന്ന പേരില്‍ 30 പേരില്‍നിന്ന് ഇത്തരത്തില്‍ 1,80,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ 8 മാസം മുന്‍പ് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ തട്ടിപ്പിനിരയായവര്‍ കഴിഞ്ഞ ദിവസം കൂട്ടായ്മയുണ്ടാക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
മലപ്പുറത്തെ ഒരു തുന്നല്‍ പരിശീലന കേന്ദ്രത്തിലെത്തുന്ന സ്ത്രീകളാണ് പ്രധാനമായും തട്ടിപ്പിനിരയായിരിക്കുന്നത്. തുന്നല്‍ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഫറോക്ക് സ്വദേശിയും ഇയാളുടെ സഹായിയായ അരീക്കോട് സ്വദേശിനിയുമാണ് ഒരു വര്‍ഷം മുന്‍പ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
12,000 രൂപ വിലവരുന്ന ഹൈസ്പീഡ് തുന്നല്‍ മെഷീന്‍ ഉപയോഗിച്ച് സ്‌കൂള്‍ യൂണിഫോം തയ്ച്ചു നല്‍കണമെന്നും ഇതിനായി തുണികള്‍ നല്‍കുമെന്നും അറിയിച്ച ഇവര്‍ ഇതിന് ഉയര്‍ന്ന തുക പ്രതിഫലം ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു. പിന്നീട് ഇതിനായി പകുതി വില സബ്സിഡിയായി ലഭിക്കുമെന്നും വിശ്വസിപ്പിച്ച് 6,000 രൂപ വീതം ഇവരുടെ പക്കല്‍ നിന്നും വാങ്ങി.
പിന്നീട് ഇരുമ്പുഴിയിലെ യൂണിറ്റില്‍ 10 മെഷീന്‍ കൊണ്ടുവന്നെങ്കിലും ഇത് മലപ്പുറത്തെ ഇയാളുടെ ഓഫിസിലേക്ക് തന്നെ തിരികെ കൊണ്ടുപോയതായി പരാതിക്കാര്‍ പറഞ്ഞു. ഇത്തരത്തില്‍ രാമപുരം, മക്കരപ്പറമ്പ്, നിലമ്പൂര്‍, കൂട്ടിലങ്ങാടി, വളാഞ്ചേരി, താനാളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തട്ടിപ്പു നടത്തിയതായും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha