സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി; അധിക്ഷേപ കേസിൽ ഇനി മുതൽ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കും ; സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, വ്യാജ വാർത്തകൾ തുടങ്ങിയവയ്ക്ക് പൊലീസിന് കേസെടുക്കാൻ അനുവാദം

അങ്ങനെ ആ കാര്യത്തിലും തീരുമാനമായി. ഗവർണ്ണർ സമ്മതം മൂളിയതോടെ സൈബർ ലോകം പരുങ്ങുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി കഴിഞ്ഞു .അധിക്ഷേപ കേസിൽ ഇനി മുതൽ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കും .സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, വ്യാജ വാർത്തകൾ തുടങ്ങിയവയ്ക്ക് പൊലീസിന് കേസെടുക്കാനുള്ള അനുവാദവും ഉണ്ട് . ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു .കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയ നടപടി മാദ്ധ്യമങ്ങൾക്ക് എതിരല്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ നേരത്തെ പറഞ്ഞിരുന്നു.പൗരൻമാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് 2011 ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി . കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2000ത്തിലെ ഐ ടി ആക്ടിലെ 66എ വകുപ്പിൽ ,കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളിൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു.
2015ൽ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പും സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിലാണിത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആർക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയായി.അശ്ലീലഭാഷ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിഹത്യ സർവസാധാരണമാകുകയും ചെയ്തു . ഇതിനു പരിഹാരം കാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്.നിലവിലുള്ള പൊലീസ് ആക്ടിൽ 118-എ വകുപ്പ് കൂട്ടിച്ചേർക്കും. സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള കുറ്റകൃത്യം നടത്തുന്നവർക്ക് ഇനി അഞ്ചുവർഷംവരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണ്. അതിനാലാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നത്. ഇത് ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണർ സമ്മതിക്കുകയും കൂടെ ചെയ്തു .
https://www.facebook.com/Malayalivartha