കലി കുറഞ്ഞെങ്കിലും... ബുറേവി ചുഴലിക്കാറ്റ് ഉച്ചയോടെ കേരളത്തിലെത്തുമെങ്കിലും ആശ്വാസ വാര്‍ത്ത; ചുഴലി കാറ്റിന്റെ കലി കുറഞ്ഞെങ്കിലും കാറ്റിനും മഴയ്ക്കും സാധ്യത; അഞ്ചു ജില്ലകളില്‍ പൊതു അവധി; എയര്‍പോര്‍ട്ട് പകല്‍ പ്രവര്‍ത്തിക്കുന്നതല്ല; ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ച് ഓറഞ്ചാക്കി; കരുതലോടെ കേരളം

മലയാളികളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണുന്നു എന്നുവേണം പറയാന്‍. ബുറെവി ചുഴലിക്കാറ്റിനെപ്പറ്റി കേരളം ഇന്നലെ പ്രതീക്ഷിച്ച അത്ര ആശങ്കയില്ല. നേരം ഇരുട്ടി വെളുത്തതോടെ കാര്യങ്ങള്‍ മാറിമിറിഞ്ഞു. ബുറെവി ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി ഇന്ന് ഉച്ചയോടെയാണ് കേരളത്തിലെത്തുന്നത്. തമിഴ്‌നാട് തീരം തൊടുന്നതിനു മുന്‍പുതന്നെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയത് ഏറെ ആശ്വാസമായി. തിരുവനന്തപുരം, കൊല്ലം അതിര്‍ത്തി വഴി കേരളത്തില്‍ എത്തുമ്പോഴേക്കും ഇത് വീണ്ടും ദുര്‍ബലമാകുമെന്നാണ് സൂചന. തുടര്‍ന്ന് അറബിക്കടലിലേക്കു നീങ്ങും. അതാണ് കേരളത്തിന് ആശ്വാസമായത്.
ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ മാത്രമായിരിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ കാറ്റിനു സാധ്യതയുണ്ട്. റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ സാധ്യതയുണ്ടെങ്കിലും ഓറഞ്ച് അലര്‍ട്ട് ആണുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ സാധ്യത കാരണം യെലോ അലര്‍ട്ടിലാണ്.
ഇന്നലെ വൈകിട്ടു ലങ്ക കടന്നു മാന്നാര്‍ കടലിടുക്കിലെത്തിയ ചുഴലിക്കാറ്റ് ഇന്നു പുലര്‍ച്ചെയാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലേക്കു കയറിയത്. സംസ്ഥാനത്ത് അത്യാഹിത സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
പൊലീസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാസേനകളെ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രി അറിയിച്ചു.
5 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് പൊതുഅവധി. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം. ദുരന്തനിവാരണം, അവശ്യ സര്‍വീസ്, തിരഞ്ഞെടുപ്പു ചുമതല എന്നിവയ്ക്കു ബാധകമല്ല. തിരുവനന്തപുരം വിമാനത്താവളം ഇന്നു രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ അടച്ചിടും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിടെക്‌നിക് കോളജുകളില്‍ ഇന്നു നടത്താനിരുന്ന സ്‌പോട് അഡ്മിഷന്‍ നാളത്തേക്കു മാറ്റി. പിഎസ്‌സിയും കേരള, എംജി, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷകള്‍ മാറ്റി. പുതിയ തീയതി പിന്നീട്. പിഎസ്‌സി ഇന്നു നിശ്ചയിച്ച അഭിമുഖത്തിനു മാറ്റമില്ല. കാര്‍ഷിക, സാങ്കേതിക സര്‍വകലാശാലകളില്‍ ഇന്നു പരീക്ഷയില്ല.
വൈദ്യുതി കണ്‍ട്രോള്‍ റൂം, വൈദ്യുതി ബോര്‍ഡിന്റെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 1912, 94960 10101 ആണ്.
കാറ്റിന്റെ ശക്തി കുറയുമെന്നാണു സൂചനയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് നേരിടാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. ഏതു സാഹചര്യം ഉണ്ടായാലും നേരിടാന്‍ കഴിയും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ രീതിയിലും സജ്ജമാണ്.
ബുറെവി ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രകള്‍, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാരവും നാളെ വരെ നിരോധിച്ചു. ജില്ലയിലെ മലയോര മേഖലകളിലുള്ള ഗതാഗതം നാളെ വരെ വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ നിരോധിച്ചിട്ടുണ്ടെന്നും കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കെഎസ്ആര്‍ടിസിക്കും ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യ സര്‍വീസ് നടത്തിപ്പിനും മാത്രമാകും സര്‍വീസ് നടത്തുക.
തെക്കന്‍ കേരളത്തില്‍ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഉള്‍പ്പെട്ട ഡിപ്പോകളിലെ ബസുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാര്‍ക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ സ്വീകരിക്കണമെന്നും എംഡി അറിയിച്ചു.
ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. ഇങ്ങനെ കേരളം കരുതലോടെ ബുറേവിയെ നേരിടുമ്പോള്‍ പ്രകൃതി കനിയും എന്ന് തന്നെയാണ് കേരളം കരുതുന്നത്.
https://www.facebook.com/Malayalivartha

























