ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..

ഇതിനെയാണ് വഞ്ചന എന്നുവിളിക്കുന്നത്. ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത് അതാണ്.കേരള കോൺഗ്രസിൽ കലാപമുണ്ടാക്കികൊണ്ടാണ് ജോസ് കെ മാണി 2021 ൽ പ്രമോദിന് റാന്നി സീറ്റ് നൽകിയത്. പാലായിൽ സി പി എമ്മുകാരുടെ കുതികാൽവെട്ടിൽ തികച്ചും അപ്രതീക്ഷിതമായി ജോസ് തോൽക്കുമ്പോൾ വേണമെങ്കിൽ തന്നെ താനാക്കിയ ജോസിന് വേണ്ടി പ്രമോദിന് സ്ഥാനം രാജിവയ്ക്കാക്കാമായിരുന്നു. എന്നാൽ.അതുണ്ടായില്ലെന്ന് മാത്രമല്ല ഒരു വാക്കു പോലും പ്രമോദ് ചോദിച്ചതുമില്ല.അതേ സമയം പൂഞ്ഞാറിൽ നിന്നും ജയിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ അങ്ങനെയൊരു ആവശ്യം മുന്നോട്ടു വച്ചെങ്കിലും ജോസ് അംഗീകരിച്ചില്ല.
ജോസ് കെ മാണി ഉള്ളതുകൊണ്ടുമാത്രമാണ് റോഷി അഗസ്റ്റിൻ മന്ത്രിയായത്. 2021 ൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ റോഷിയെ മന്ത്രിയാക്കാൻ ജോസ് അനുവദിച്ചില്ലായിരുന്നെങ്കിൽ റോഷിക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞേനെ.ഒടുവിലിതാ ജനങ്ങൾ പൂർണമായി വെറുത്തുകഴിഞ്ഞ പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക് വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്. ജലവകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. സെക്രട്ടറി സി പി എമ്മിന്റെ സെക്രട്ടറിയറ്റിലെ ഉന്നത നേതാവാണ്. സി പി എം നേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹം പുലർത്തുന്നുമുണ്ട്. ഒരിക്കൽ വ്യക്തിപരമായ ഒരു വിവാദം പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ച് ഉയർന്നെങ്കിലും ജല വിഭവമന്ത്രിക്ക് ഒരു നടപടിയും സ്വീകരിക്കാനായില്ല. അതിനാൽ ജലവിഭവ മന്ത്രാലയത്തിൽ നടക്കുന്ന കാര്യങ്ങൾ ആദ്യം മുഖ്യമന്ത്രി അറിയും. മന്ത്രി റബർസ്റ്റാമ്പായി തുടരും. ഇത്തരത്തിൽ മന്ത്രി റോഷിയെ സി പി എം ലോക്ക് ആക്കിയെന്നാണ് പറയപ്പെടുന്നത്. ആരാണ് പ്രമോദ് നാരായണൻ? സി.പി എമ്മിന്റെ കളരിയിൽ നിന്നാണ് പഠനം തുടങ്ങിയത്. ജോസ് കെ മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി, കേരളാ കോൺഗ്രസ് ടിക്കറ്റിൽ റാന്നിയിൽനിന്ന് തിരഞ്ഞടുക്കപ്പെടാൻ അതുകാരണമായി. വർഷങ്ങൾക്ക് മുൻപ് സീതാറാം യെച്ചൂരിയുടെ പ്രസംഗം തർജമ ചെയ്യാനാണ് പ്രമോദ് നാരായണൻ റാന്നിയിൽ പോയത്. ഈ തിരഞ്ഞെടുപ്പിൽ അതേ പ്രമോദ് നാരായണനു വേണ്ടി പ്രസംഗിക്കാൻ വൃന്ദാ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കൾ റാന്നിയിൽ ചെന്നു. അപ്രതീക്ഷിതമായാണ് പ്രമോദ് നാരായണൻ റാന്നിയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ആയത്. വിജയവും അങ്ങനെ തന്നെ. തികച്ചും അപ്രതീക്ഷിതം.പ്രമോദിന് നേരെ ചോദ്യങ്ങൾ ഉയരുന്നത് ആദ്യമല്ല. സിപിഎമ്മിൽനിന്ന് കോൺഗ്രസിൽ എത്തി. പിന്നെ കേരള കോൺഗ്രസിലും. ജോസ് കെ മാണിയുടെ മനസാക്ഷി ആയപ്പോൾ കേരള കോൺഗ്രസുകാരാണ് ആദ്യം ചോദിച്ചത്. ആരാണ് പ്രമോദ്. സിപിഎമ്മുമായി ചർച്ചകൾക്കു പോയപ്പോൾ മറ്റു പാർട്ടിക്കാർക്കും ഇതേ ചോദ്യം ഉയർന്നു. റാന്നിയിൽ സ്ഥാനാർഥി ആയപ്പോൾ ചോദ്യം മാറി. സിപിഎമ്മിന്റെ വാടക സ്ഥാനാർഥിയാണോ. ജയിച്ചു കഴിഞ്ഞപ്പോൾ വീണ്ടും ചോദ്യം.കേരള കോൺഗ്രസിലെ സിപിഎമ്മുകാരനാണ് പ്രമോദ് നാരായണൻ. പ്രമോദ് നാരായണന്റെ സിപിഎം ബന്ധം പലപ്പോഴും ചർച്ചയാകുന്നുണ്ട്. സിപിഎം കുടുംബാംഗമാണ് അദ്ദേഹം. നൂറനാട് പാലമേലിൽ പരമേശ്വരമാണ് വീട്. മുത്തച്ഛൻ സി.കെ. ബാലകൃഷ്ണപിള്ള സ്വാതന്ത്ര്യ സമരസേനാനിയാണ്. കമ്യൂണിസ്റ്റ് പാർട്ടി കൊല്ലം, ആലപ്പുഴ സെക്രട്ടറിയുമായിരുന്നു. ശൂരനാട് സംഭവത്തിലെ പ്രതികൾ പ്രമോദിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. ഇഎംഎസും ക്യാപ്റ്റൻ ലക്ഷ്മിയും വീട്ടിൽ വന്നു പോയി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘത്തിലൂടെ പൊതുരംഗത്ത് വന്നു. ചെറുപ്പത്തിലെ എസ്എഫ്ഐയിലെത്തി. ബിഷപ്പ് മൂർ കോളജിൽ ആദ്യ എസ്എഫ്ഐ ചെയർമാനായിരുന്നു. 22–ാം വയസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ആലപ്പുഴയിലെ സിപിഎം തർക്കത്തിൽ പാർട്ടിയിൽനിന്നു തെറിച്ചു. ഒരിക്കൽ ലോക്സഭയിലേക്ക് പരിഗണിച്ചു. എന്നാൽ പാർട്ടിയിൽ തർക്കംമൂലം പിന്തള്ളപ്പെട്ടു. പിന്നീട് സ്വയം പുറത്തുപോയി.പാർട്ടിയിൽ നിന്നു മാറിയ ശേഷം വിദ്യാഭ്യാസ രംഗത്തു പ്രവർത്തിച്ചു. ഏതാനും മോണ്ടിസോറി സ്കൂളുകൾ തുടങ്ങി. പൊതു പ്രവർത്തകൻ എന്ന നിലയിൽ കെ.എം. മാണിയെ ഇഷ്ടപ്പെട്ടിരുന്നു. ആദ്യം പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പിന്നീട് നേരിട്ട് പാർട്ടി ജനറൽ സെക്രട്ടറിയായി കെ.എം. മാണി നിയോഗിച്ചു.പ്രസംഗമാണ് ജോസിനെ അടുപ്പിച്ചത്. പ്രസംഗിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും ഇഷ്ടം. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രസംഗം കൊണ്ട് ഗുണം മാത്രമല്ല. ദോഷവുമുണ്ട്. പണ്ട് അന്നത്തെ സിപിഎം ദേശീയ സെക്രട്ടറി ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. അതോടെ പാർട്ടിയിൽ ചിലർക്ക് ഇഷ്ടക്കേടായി. സിപിഎമ്മിന്റെ വാടക സ്ഥാനാർഥിയാണ് പ്രമോദ് എന്ന് ആരോപണമുയർന്നു. പ്രമോദാണ് സ്ഥാനാർഥിയെന്ന് കേരള കോൺഗ്രസ് (എം) പ്രഖ്യാപിച്ചപ്പോഴാണ് സിപിഎം അറിഞ്ഞതെന്നാണ് പ്രമോദിന്റെ വാദം. കേരള കോൺഗ്രസിനു നൽകിയ സീറ്റാണ് റാന്നി. ലക്ഷണമൊത്ത പ്രതികൂല സാഹചര്യങ്ങളായിരുന്നു റാന്നിയിൽ എന്നു പലരും കരുതി. ജോസ് കെ. മാണിയുടെ ധീരതയാണ് പ്രമോദിനെ സ്ഥാനാർഥിയാക്കിയത്. രാജു ഏബ്രഹാമിന്റെ മികവു കൊണ്ടാണ് റാന്നി സിപിഎം 5 വട്ടം നിലനിർത്തിയത്. ആ മണ്ഡലത്തിലേക്കാണ് മത്സരിക്കാൻ പോയത്. ഏതാനും കാര്യങ്ങളാണു വിജയത്തിനു കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തി. പ്രമോദിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ നേരിട്ടു കമ്മിറ്റികൾ വിളിച്ചു ചേർത്തു. സഖാവ് എന്ന തരത്തിൽ തന്നെ പ്രമോദും ഇടപെട്ടു. കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി പ്രവർത്തിച്ചു. റാന്നിയുടെ വികസനത്തിനായി ജനകീയ മാനിഫെസ്റ്റോ തയാറാക്കി. കോളജ് സെന്റർ, പിൽഗ്രിം ടൂറിസം പദ്ധതി, കാർഷികോൽപ്പന്നങ്ങൾക്കായി റാന്നി ബ്രാൻഡ് എന്നിവയായിരുന്നു മാനിഫെസ്റ്റോ. ട്യൂട്ടോറിയലിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു. അതുവഴി അവരുടെ കുടുംബങ്ങളിൽ എത്തി. സി പി എം പ്രമോദിനെ ജയിപ്പിച്ചു. ഇതിനിടയിൽ കോൺഗ്രസിലെത്തിയെങ്കിലും രമേശ് ചെന്നിത്തലയാണ് പ്രമോദിനെ വെട്ടിയത്. കേരള കോൺഗ്രസ്സ് യു ഡി എഫുമായി അടുക്കുന്നതായി വാർത്തകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വീണ്ടും ഒരു പിളർപ്പിന്റെ വക്കിലേക്കാണോ കേരളാ കോൺഗ്രസ് എം.?പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും യുഡിഎഫിലേക്ക് മടങ്ങിപ്പോകണമെന്ന അഭിപ്രായക്കാരായ എംഎൽഎമാരും ഒരുവശത്ത്. ഇടതിനൊപ്പം തുടരാം എന്ന നിലപാടുമായി പാർട്ടി മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും. തിരഞ്ഞെടുപ്പു കാലത്തെ പിളർപ്പുകൾ പുത്തരിയല്ലാത്ത കേരളാ കോൺഗ്രസുകൾ, ആ പതിവ് ഇക്കുറിയും ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.സെബാസ്റ്റ്യൻ കുളത്തിങ്കൽ (പൂഞ്ഞാർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), റോഷി അഗസ്റ്റിൻ (ഇടുക്കി), പ്രമോദ് നാരായൺ(റാന്നി), എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിങ്ങനെ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിലുള്ളത്. ഇതിൽ സെബാസ്റ്റ്യൻ കുളത്തിങ്കലും ജോബ് മൈക്കിളുമാണ് യുഡിഎഫിലേക്ക് തിരികെ പോകാൻ താൽപര്യം പ്രകടിപ്പിക്കുന്നതെന്നും റോഷിയും പ്രമോദ് നാരായണനും ഇടതുമുന്നണിയിൽ തുടരാൻ താൽപര്യപ്പെടുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. മുന്നണിമാറ്റ ചർച്ചകൾ 2-2 എന്ന നിലയ്ക്കായാൽ, നിർണായകമാവുക എൻ. ജയരാജിന്റെ നിലപാടാണെന്നത് നിശ്ചയം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ സമയത്ത്, റോഷി മന്ത്രിയാകട്ടെ എന്ന നിലപാട് മുന്നോട്ടുവെച്ചത് ജയരാജ് ആയിരുന്നു. അതിനാൽതന്നെ ജയരാജ് വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.എന്നാൽ കോൺഗ്രസിന്റെ സഹായമില്ലാതെ ജയരാജിന് കാഞ്ഞിരപ്പള്ളിയിൽ ഇക്കുറി ജയിക്കാനാവില്ല. റോഷിക്കും ഇടുക്കിയിൽ ജയിക്കണമെങ്കിൽ യു.ഡി എഫിന്റെ സഹായം കൂടിയേ തീരൂ. കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ ഇടുക്കിയും കാഞ്ഞിരപ്പള്ളിയും കോൺഗ്രസ് തൂത്തുവാരിയിരുന്നു.2026 നിയമസഭാ തിരഞ്ഞെടുപ്പ് അത്രമേൽ നിർണായകമായതിനാൽ, അത്രയും സൂക്ഷ്മതയോടെയാണ് യുഡിഎഫ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അതിന്റെ ഭാഗമായാണ് ഹൈക്കമാൻഡ് തലത്തിൽ ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. സോണിയാ ഗാന്ധി ജോസ് കെ. മാണിയുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. ഇതിന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ ഇടപെടലുമുണ്ടായിരുന്നു എന്നാണ് സൂചനകൾ. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗും കേരളാ കോൺഗ്രസിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കേന്ദ്ര അവഗണനയ്‌ക്കെതിരായ സത്യഗ്രഹത്തിലെ ജോസ് കെ. മാണിയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വിദേശത്തേക്കു പോയതിനാലാണ് സത്യാഗ്രഹത്തിന് ജോസ് എത്താത്തതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. പിറ്റേന്ന് ചൊവ്വാഴ്ച ഇതേ പരിപാടിയുടെ ചിത്രം 'തുടരും' എന്ന കുറിപ്പോടെ പാർട്ടി മന്ത്രി റോഷി അഗസ്റ്റിൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിൽക്കുന്ന ചിത്രം #2026തുടരും എന്ന അടിക്കുറിപ്പോടെയാണ് എംഎൽഎ പ്രമോദ് നാരായണൻ പങ്കുവെച്ചിട്ടുള്ളത്. മുന്നണിമാറ്റ അഭ്യൂഹങ്ങൾ ചൂടുപിടിച്ചുനിൽക്കവേ ഈ രണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പുകളെ അത്ര ലാഘവത്തോടെ കാണാനാകില്ലെന്ന് ചുരുക്കം. ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് ഇരുവരും ജോസിനോട് ഒരു വാക്കുപോലും ചോദിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും സൂചനയുണ്ട്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാൽ അതിൽ പങ്കെടുക്കണമെന്നതാണ് വിട്ടുനിൽക്കുന്നതിന് കാരണമായി പറയുന്നത്. പകരം ചീഫ് വിപ്പ് എൻ. ജയരാജിനെ ചുമതല ഏൽപ്പിക്കാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ജാഥയുടെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ, ജാഥ ഉടനീളം നയിക്കാൻ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണ് നിലവിൽ അദ്ദേഹം. കഴിഞ്ഞ രണ്ടു ഇടതുമുന്നണി യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തില്ല. സാധാരണ സിപിഎം, സിപിഐ നേതാക്കൾ നയിക്കുന്ന രണ്ടു ജാഥകളാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തുക. ഇപ്രാവശ്യം മൂന്നുജാഥകളായി ക്രമീകരിച്ചതുതന്നെ ജോസ് കെ. മാണിയെക്കൂടി ക്യാപ്റ്റനാക്കാനും അതുവഴി കേരള കോൺഗ്രസിനെ മുന്നണിയിൽ ഉറപ്പിച്ചുനിർത്താനുമാണ്.നീണ്ടകാലത്തെ യുഡിഎഫ് ബന്ധം കെ.എം മാണിയുടെ കേരള കോൺഗ്രസ് വിച്ഛേദിച്ചത് 2016 ലായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ബാർ കോഴ വിവാദത്തിന് പിന്നാലെയാണ് യുഡിഎഫ് വിടുന്നത്. ശേഷം സഭയിൽ പ്രത്യേക ബ്ലോക്കായി മാറി. എന്നാൽ രണ്ടുകൊല്ലത്തിനിപ്പുറം 2018-ൽ രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നൽകാൻ യുഡിഎഫ് തയ്യാറായതോടെ വീണ്ടും മാണിയും പാർട്ടിയും യുഡിഎഫിലെത്തി. എന്നാൽ 2019-ൽ കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിലെ ശാക്തിക സമവാക്യങ്ങൾ മാറിമറിഞ്ഞു, മാണി കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും പി.ജെ. ജോസഫ് വിഭാഗവുമായി മാറി. മുൻധാരണ പ്രകാരം 2020-ൽ കോട്ടയം പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ കൂട്ടാക്കാത്തതിന് പിന്നാലെ ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കി. ഇന്ന് പൂഞ്ഞാർ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തിങ്കലായിരുന്നു അന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മാസങ്ങൾക്കിപ്പുറം 2020 ഒക്ടോബർ 14-ന് ജോസ് കെ. മാണി എൽഡിഎഫിൽ ചേർന്നു. അതിനിടെ പാർട്ടിയുടെ ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടി ജോസ് വിഭാഗവും ജോസഫ് വിഭാഗവും കോടതി കയറി. ഒടുവിൽ ചിഹ്നം ജോസ് വിഭാഗത്തിന് ലഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയും എൽഡിഎഫിന് മൂന്നാംവട്ടം ലഭിക്കാതെ പോയാലുണ്ടാകുന്ന രാഷ്ട്രീയ അനാഥത്വവുമാണ് ജോസ് കെ. മാണിയേയും സംഘത്തെയും മുന്നണിമാറ്റ ആലോചനയിലേക്ക് നയിക്കുന്നത്. എൽഡിഎഫിൽ ഇക്കുറി 13 സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതങ്ങനെ തന്നെ സംഭവിച്ചുകൊള്ളണമെന്നില്ല എന്നതും തലവേദനയാണ്. ഇടത് അനുകൂല രാഷ്ട്രീയ കാലാവസ്ഥ ആയിരുന്നിട്ടും 2021-ൽ പന്ത്രണ്ടിടത്ത് മത്സരിച്ചപ്പോൾ കേവലം അഞ്ചുസീറ്റിൽ മാത്രമാണ് കേരളാ കോൺഗ്രസ് എമ്മിന് വിജയിക്കാനായത്. പാലായിൽ ചെയർമാനും കെ.എം. മാണിയുടെ രാഷ്ട്രീയ പിൻഗാമിയുമായ ജോസ്, മാണി സി. കാപ്പനോട് പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നൽകുന്ന രാഷ്ട്രീയ സൂചന മനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നാണ് ജോസിനൊപ്പമുള്ളവരുടെ വാദമെന്നാണ് സൂചന.കേരളാ കോൺഗ്രസ് എൽഡിഎഫ് വിടുമെന്നത് അഭ്യൂഹമാണെന്നാണ് ജലവിഭവ വകുപ്പുമന്ത്രി കൂടിയായ റോഷി അഗസ്റ്റിന്റെ പ്രതികരണം. തുടരും എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസത്തെ ഇടതുപ്രതിഷേധ സത്യഗ്രഹ ചിത്രം പങ്കുവെച്ചത് വാർത്തയാവുകയും പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയുമായിരുന്നു അദ്ദേഹം. മുന്നണി വിടുന്ന കാര്യത്തേക്കുറിച്ച് അറിയില്ല. കേരള കോൺഗ്രസിനേക്കുറിച്ച് മുൻപും ഇത്തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. ഉപവാസ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള വിശദീകരണം അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ലെന്നും എന്തിനാണ് അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകുന്നതെന്നും റോഷി ചോദിച്ചു.
മധ്യകേരളത്തിലെ നിർണായക രാഷ്ട്രീയശക്തിയായിരുന്ന, സർക്കാരിനും സമുദായത്തിനും ഇടയിലെ പാലമായി വർത്തിച്ചിരുന്ന കേരള കോൺഗ്രസിന് ഇന്നും പഴയ കരുത്തുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കരുത്തു പ്രകടിപ്പിക്കാൻ കേരളാ കോൺഗ്രസ് എമ്മിന് കഴിഞ്ഞിരുന്നില്ല. ശക്തികേന്ദ്രങ്ങളായിരുന്നിടം പലതും കൈവിടുന്നതും കണ്ടു. ഇതിനുകാരണം സി പി എമ്മിനോടുള്ള ജനങ്ങളുടെ അപ്രീതിയാണ്. പിണറായി വിരുദ്ധതയാണ് .യുഡിഎഫിലേക്ക് കൈകൊടുക്കാൻ ജോസ്.കെ മാണി വെക്കുന്ന ഉപാധികൾ എന്താകും എന്ന ആകാംക്ഷയും ഉയർന്നിട്ടുണ്ട്. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും ജോസ്.കെ മാണിയുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. കേരള കോൺഗ്രസ് മുന്നണി മാറുമോ. അങ്ങനെ വന്നാൽ ഒരു പിളർപ്പുകൂടി അതുറപ്പാണ്. അതോ ജോസിനെ ഒപ്പം നിലനിർത്താൻ എൽഡിഎഫിന് കഴിയുമോ. വരും ദിവസങ്ങളിലെ ചർച്ചകൾ കേരള കോൺഗ്രസ് രാഷ്ട്രീയമാകുമെന്ന് ഉറപ്പ്.പ്രമോദ് വന്നില്ലെങ്കിലും റോഷി അഗസ്റ്റിൻ യു ഡി എഫിൽ എത്തുമെന്നാണ് കരുതുന്നത്. കുറച്ചുവൈകിയാണെങ്കിലും.ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാവും. രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നത് ആദ്യമായിട്ടാവും.
https://www.facebook.com/Malayalivartha
























