ആ വിദ്യ വേണ്ടേ വേണ്ട... 5 മാസം ജയിലില്‍ കിടന്ന സ്വപ്ന സുരേഷിന്റെ അവസ്ഥ കണ്ട് സകലരും ഞെട്ടുന്നു; ഒറ്റയടിക്ക് ഭാരം കുറഞ്ഞത് 27 കിലോ; മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്ന് വിവരം

നമ്മളൊക്കെ തടി ഒരല്‍പം കുറയ്ക്കാനായി പരതാത്ത യൂട്യൂബ് ചാനലില്ല. നോക്കാത്ത വഴികളില്ല. 15 ദിവസം കൊണ്ട് തടി കുറയ്ക്കുമെന്ന് വിശ്വസിച്ച് പോകുന്ന പല വീഡിയോകളും 15 മാസങ്ങള്‍ പരീക്ഷിച്ചിട്ടും ഫലം കിട്ടിയവര്‍ നന്നേ കുറവാണ്. അപ്പോഴാണ് സ്വപ്ന സുരേഷ് ഒറ്റയടിക്ക് 27 കിലോ തടി കുറച്ചെന്ന വാര്‍ത്ത വരുന്നത്. പക്ഷെ ആ വഴി നമുക്കൊന്നും പറ്റിയ വഴിയല്ലെന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ബോധ്യമാകും.
നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയിട്ട് ഇന്ന് അഞ്ചുമാസമാകുകയാണ്. ഈ സമയംകൊണ്ടു രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ഭാരം കുറഞ്ഞത് 27 കിലോയാണ്. ജയില്‍ ജീവിതവും നിരന്തരമുള്ള ചോദ്യംചെയ്യലും മാനസിക സമ്മര്‍ദവുമാണു കാരണമെന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കസ്റ്റംസ് കോഫെപോസെ ചുമത്തിയതോടെ വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയും മങ്ങി.
വിഷാദാവസ്ഥയിലേക്കു നീങ്ങാതിരിക്കാന്‍ ജയിലധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. തന്റെ ശബ്ദരേഖ താനറിയാതെ പകര്‍ത്തി പ്രചരിച്ചിപ്പിച്ചത് അറിഞ്ഞതോടെ മനസുതുറന്നു സംസാരിക്കാനും സ്വപ്‌ന മടിക്കുന്നു.
മാനസികസമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്നാണു വിവരം. സെപ്റ്റംബര്‍ ഏഴിനു നെഞ്ചുവേദനയെത്തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലില്‍ ആയിരിക്കുമ്പോഴും ആശുപത്രിയിലെത്തിച്ചു.
ജൂലൈ 11നാണു നാലാംപ്രതി സന്ദീപ് നായര്‍ക്കൊപ്പം സ്വപ്‌നയെ കസ്റ്റംസ് ബംഗുരുവില്‍നിന്നു പിടികൂടിയത്. കാക്കനാട്, വിയ്യൂര്‍ വനിതാ ജയിലുകളില്‍ കഴിഞ്ഞ സ്വപ്‌ന ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലിലാണ്. ആഡംബരജീവിതം നയിച്ച സ്വപ്‌ന ജയില്‍ഭക്ഷണം കഴിക്കാന്‍ ആദ്യം തയാറായിരുന്നില്ല. പിന്നെപിന്നെ അല്‍പ്പാല്‍പ്പം ഉപയോഗിച്ചു തുടങ്ങി.
കേസില്‍പ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വക്കീല്‍ ഫീസ് കൊടുക്കാനാകാതെ വന്നപ്പോള്‍ കസ്റ്റംസ് മുന്‍കൈയെടുത്താണ് മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്.
അറസ്റ്റിലായതോടെ ഭര്‍ത്താവിന്റെ ഐ.ടി. ജോലി പോയി. കുട്ടികളുടെ പഠനത്തിനും കേസ് നടത്തിപ്പിനും പണമില്ലാതായി. കേസില്‍പ്പെടുന്നതിനു മുമ്പുതന്നെ സ്‌കൂള്‍ ഫീസ് പലവട്ടം മുടങ്ങി. ലോക്കറിലെ പണം തന്റേതായിരുന്നെങ്കില്‍ ഇതു വരുമായിരുന്നോ എന്നാണു സ്വപ്‌നയുടെ ചോദ്യം. കോഫെപോസെ തടവുകാരിയായതിനാല്‍ സ്വപ്‌നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതി.
വല്ലാത്ത മാനസികാവസ്ഥയിലായ സ്വപ്ന വളരെ പെട്ടന്നാണ് രഹസ്യമൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡോളര്‍ കള്ളക്കടത്ത് കേസില്‍ സ്വപ്നയെയും സരിത്തിനെയും മാപ്പ് സാക്ഷിയാക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചതിന് പിന്നാലെ ഇതില്‍ ഉള്‍പ്പെട്ട വമ്പന്‍ സ്രാവുകള്‍ക്കായി കസ്റ്റംസ് വലവിരിച്ചു. സ്വപ്നയില്‍ നിന്നും സരിത്തില്‍ നിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച നിര്‍ണായക മൊഴികളും തെളിവുകളുമാണ് ഇരുവരെയും മാപ്പ് സാക്ഷികളാക്കാന്‍ കസ്റ്റംസിനെ പ്രേരിപ്പിച്ചത്. ഡിപ്ലോമാറ്റിക് ചാനലിലൂടെ കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിട്ടുണ്ടെന്ന് സ്വപ്‌നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തി.
നടന്നത് റിവേഴ്‌സ് ഹവാലയാണെന്നും നിരവധി പ്രമുഖര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 1.40 കോടിയോളം രൂപ സംഘം ഡോളര്‍ രൂപത്തില്‍ വിദേശത്തേക്ക് കടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേ പണം ഇന്ത്യന്‍ കറന്‍സിയാക്കി തിരികെ നാട്ടിലെത്തിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡോളര്‍ കടത്തുകേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന സൂചനയാണ് കസ്റ്റംസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഇങ്ങനെ വിശേഷങ്ങളുടെ 5 മാസങ്ങളാണ് കടന്ന് പോയത്.
https://www.facebook.com/Malayalivartha