വെല്ലൂർ സിഎംസിയിൽ 1971ൽ ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു....

വെല്ലൂർ സിഎംസിയിൽ 1971ൽ ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റും വിപിഎസ് ലേക്‌ഷോർ ആശുപത്രി ഡയറക്ടറുമായ തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് ഉപരിക മാളിക 12–ബിയിൽ ഡോ. കെ.വി. ജോണി (87) അന്തരിച്ചു.
കോന്നി വകയാർ കൈവിളയിൽ കുടുംബാംഗമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിനു വെല്ലൂരിൽ തുടക്കം കുറിച്ചത് ഡോ. ജോണിയാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാജ്യത്തു വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
സംസ്കാരം 18നു 10.45നു തേവര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. അന്നു രാവിലെ 9 മുതൽ 9.30വരെ ലേക്‌ഷോർ ആശുപത്രിയിലും 10 മുതൽ തേവര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും പൊതുദർശനം.
കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. 1993ൽ കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയുണ്ടായി.
കുവൈത്ത് നാഷനൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റി അധ്യക്ഷ പദവി വഹിച്ചിരുന്നു. ഇന്ത്യയും കുവൈത്തുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിനു കുവൈത്ത് മിനിസ്ട്രി ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















