ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകരുത് ; നിര്‍ഭയ ദിനത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന വനിത ശിശുവികസന വകുപ്പ്; ഉദ്ഘാടനം നിര്‍വഹിച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിര്‍ഭയ ദിനാചരണത്തിന്റേയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പോക്‌സോ അതിജീവിതരുടെ കേസുകള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്ത് നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നിര്‍ഭയസെല്ലിനോടനുബന്ധിച്ച് സ്ഥാപിച്ച ലീഗല്‍ ഡെസ്‌ക്ക്, 12 വയസിന് താഴെയുള്ള പോക്‌സോ അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ഗൃഹാന്തരീക്ഷം നല്‍കി പരിപാലിക്കുന്നതിലേക്ക് തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ എസ്.ഒ.എസ്. മോഡല്‍ ഹോം, നിര്‍ഭയ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിന് പുറത്തുള്ള പോക്‌സോ അതിജീവിതരുടെ ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നടന്നത്.
ഈ നിര്‍ഭയദിനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ് നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കുന്നതിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് ഡിസംബര്‍ 29-ാം തീയതിയാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് 2016 മുതല്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയദിനം ആചരിച്ചു വരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും കരുത്താര്‍ന്ന സന്ദേശവാഹകരായി മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്, പുനരധിവാസവും പുനരേകീകരണവും എന്നിങ്ങനെ നാല് പ്രധാന മേഖലകളിലെ ഇടപെടലുകളാണ് സംസ്ഥാന വനിതശിശുവികസന വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് നിര്‍ഭയ സെല്‍ വഴി നടപ്പിലാക്കി വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലുമായി പ്രവര്‍ത്തിച്ചുവരുന്ന 17 നിര്‍ഭയ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളിലൂടെ പോക്‌സോ അതീജീവിതരുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ സാധ്യമാക്കുന്നു. നിലവില്‍ എല്ലാ ഹോമുകളിലു മായി ആകെ നാനൂറോളം കുട്ടികള്‍ താമസിച്ചുവരുന്നു. ഈ കുട്ടികള്‍ക്ക് കൂടുതലായി ശാസ്ത്രീമായ പരിശീലനം, തൊഴില്‍ പരിശീലനം എന്നിവ നല്‍കുന്നതിലേക്കായി തൃശൂര്‍ ജില്ലയില്‍ ഒരു മോഡല്‍ഹോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നത്. അതിക്രമങ്ങള്‍ക്ക് വിധേയരായി മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കിക്കൊണ്ട് തൃശൂരില്‍ രാമവര്‍മ്മപുരത്ത് ഹോം ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന സ്ഥാപനവും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് ഒരു എസ്.ഒ.എസ്. മോഡല്‍ഹോമും, പഠനം കഴിഞ്ഞവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി എറണാകുളം എടക്കാട്ടുവയലില്‍ തേജോമയഹോമും പ്രവര്‍ത്തിച്ചു വരുന്നു. ഇതിനെല്ലാം പുറമെ പോക്‌സോ അതിജീവിതര്‍, ഗാര്‍ഹിക പീഡനത്തിനിരയായവര്‍, മറ്റ് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, ആസിഡ് ആക്രമണത്തിന് വിധേയരായവര്‍ എന്നിവര്‍ക്ക് ആശ്വാസനിധി എന്ന പദ്ധതിയിലൂടെ പരമാവധി 2 ലക്ഷം രൂപാവരെ അടിയന്തിര ധനസഹായമായി നല്‍കിവരുന്നു. കൂടാതെ അതിജീവിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അഭയം, ചികിത്സ, പോലീസ് സഹായം, നിയമസഹായം, കൗണ്‍സിലിംഗ് എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് എല്ലാ ജില്ലകളിലും വണ്‍സ്റ്റോപ്പ് സെന്ററുകളും നിര്‍ഭയസെല്ലിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍, വിനോദയാത്ര, നിര്‍ഭയ ദിനത്തിന്റെ പ്രചരണാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്, ആകാശവാണി എഫ്.എം. സ്റ്റേഷനുകളിലൂടെയുള്ള ഡേ ബ്രാന്‍ഡിംഗ്, ദൂരദര്‍ശനിലൂടെ തത്സമയ മുഖാമുഖം പരിപാടി, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നിര്‍ഭയദിന പ്രചരണം എന്നിവ സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതമാശംസിച്ചു. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍, കൗണ്‍സിലര്‍ പി.വി. മഞ്ജു, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha