പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണം... നെയ്യാറ്റിൻകരയില്‍ മൂന്ന് സെന്‍റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്‍റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

നെയ്യാറ്റിൻകരയില്‍ മൂന്ന് സെന്‍റ് വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്‍റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്.
വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണം. മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും ധിക്കാരമാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന് കാരണം. രാജന്‍റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം മാത്രമല്ല അവരുടെ കുടുംബം അനാഥമാക്കിയവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങളും പി.വി അന്‍വറിന്റെ അനധികൃത തടയണകളും എംഎം മണിയുടെ സഹോദരന്റെ മൂന്നാറിലെ കയ്യേറ്റങ്ങളും ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് മൂന്ന് സെന്റ് സ്ഥലത്ത് കൂരവെച്ച പാവങ്ങളുടെ കുടുംബം ഇല്ലാതാക്കിയത്. ഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സ്വന്തം കുടുംബം പോലെ സംരക്ഷിക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha