ചെലപ്പോഴും ശരിയാകില്ല... ഇക്കുറി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെയുള്ള യു ഡി എഫ് രംഗത്തിറക്കുക കടല്‍ കിഴവന്‍മാരെയായിരിക്കുമെന്ന് സൂചന; യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം ആഗ്രഹമാകും

നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തെരഞ്ഞടുപ്പില്‍ യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം തകര്‍ന്നു തരിപ്പണമായി. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന ആലോചന മുതിര്‍ന്ന നേതാക്കള്‍ തന്നെ പൊളിച്ചടുക്കിയത്. ഇതിനെതിരെ അവസാനം രംഗത്തെത്തിയത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സി പി. മുഹമ്മദ് ആണ്.
മത, സാമുദായിക നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ച് സ്ഥാനാര്‍ഥികളെയും മന്ത്രിമാരെയും തീരുമാനിക്കുന്നതിനെതിരെയാണ് കെപിസിസി ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ സി പി മുഹമ്മദ് രംഗത്തെത്തിയത്. നാലുതവണയിലേറെ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഇളവ് നല്‍കാമെന്ന തീരുമാനത്തെ പി സി സി ഉപാധ്യക്ഷന്‍ വിവര്‍ശിച്ചിട്ടില്ല. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ പൊതു നിലപാടുണ്ടാകണമെന്നും വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകളുടെ താത്പര്യത്തിന് വഴങ്ങരുതന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അത് മുന്നണിയ്ക്ക് ഗുണം ചെയ്യില്ല. മുതിര്‍ന്നവരെ ഒഴിവാക്കുന്നതിന് പൊതു മാനദണ്ഡമാണ് വേണ്ടത്.
വിവേചനം പാടില്ലെന്നും മാറിനില്‍ക്കണം എന്നത് തന്റെ കാര്യത്തില്‍ മാത്രമാകരുതെന്ന് അദ്ദേഹം പറഞ്ഞു. ചിലരിടുമ്പോള്‍ ബര്‍മുഡയും മറ്റു ചിലരിടുമ്പോള്‍ വള്ളിക്കളസവും എന്ന നിലപാട് ശരിയല്ല. പട്ടാമ്പിയില്‍ തനിക്കാണ് വിജയസാധ്യത. തോല്‍ക്കാനുള്ളതൊന്നും 2016ലും കഴിഞ്ഞ അഞ്ച് വര്‍ഷവും ചെയ്തിട്ടില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികുടെ കാര്യത്തില്‍ കടുത്ത നിലപാടാണ് യൂത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറിക്കുന്ന പ്രവണതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയിലും ഇത് ചര്‍ച്ചയായത്.
നേതാക്കളുടെ ഓമനകള്‍ക്കല്ല ജനങ്ങളുടെ ലാളനകള്‍ നേടാന്‍ കഴിയുന്നവരാകണം സ്ഥാനാര്‍ത്ഥികളെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ രൂപതകള്‍, എന്‍ എസ് എസ്,എസ്.എന്‍ ഡി പി എന്നിവര്‍ തീരുമാനിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്തു നിന്നും വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇന്ദിരാഭവനില്‍ നിന്നും കെ. കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ നിന്നും മാത്രമാകണം അതെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുന്നത്. മിടുക്കരും ജനകീയരുമായ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെയും ഡിസിസി ഭാരവാഹികളെയും സ്ഥാനമാനങ്ങളിലെ വലുപ്പചെറുപ്പം നോക്കി മാറ്റി നിര്‍ത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി മത്സരിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ഇടതുമുന്നണി യുവജനങ്ങളെയാണ് സ്ഥാനാര്‍ത്ഥികളാവാന്‍ പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കളില്‍ പലരും ഇക്കുറി മാറി നില്‍ക്കുമെന്നാണ് തീരുമാനം. ഇതില്‍ മന്ത്രിമാരും സംസ്ഥാന നേതാക്കളും ഉണ്ട്. ജി.സുധാകരനെ പോലുള്ള നേതാക്കള്‍ ഇനി മത്സരരംഗത്തേക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.അപ്പോഴാണ് കോണ്‍ഗ്രസിന്റെ നീക്കം ദുര്‍ബലമാകുന്നത്.
തുടര്‍ഭരണമാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. അതുകൊണ്ടാണ് അവര്‍ ആര്യാ രാജേന്ദ്രന്‍ മോഡല്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലി അവരെ എത്രകണ്ട് പിന്തുണക്കുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha