'അയ്യോ...മുൻകരുതലുകളെ കാറ്റിൽ പറത്താനും പുളകം കൊള്ളാനും ഒന്നുമായില്ല. അതിന് സമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾ വാക്‌സിനെടുക്കണം. ഘട്ടം ഘട്ടമായി നമ്മൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ...' ഡോക്ടർ ഷിംനാ അസീസ് കുറിക്കുന്നു

കേരളത്തിലും കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് നടപടികൾ തുടങ്ങി. ആകെ 133 കേന്ദ്രങ്ങളാണ് കേരളത്തിൽ വാക്സിനേഷനായി തയ്യാറാക്കിയിട്ടുള്ളത്. 13,300 പേരാണ് ആദ്യഘട്ടത്തിൽ വാക്സീൻ എടുക്കുക. വാക്സീൻ സ്വീകരിക്കുന്നത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറയുകയുണ്ടായി. ഇപ്പോഴിതാ കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവും നൽകുകയാണ് ഡോക്ടർ ഷിംനാ അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രാജ്യം മുഴുവൻ ഇന്ന് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങുകയാണ്. ഒരു വർഷത്തിലേറെയായി നമ്മുടെ സ്വൈര്യവും സ്വസ്‌ഥതയും കെടുത്തുന്ന ഭീകരന്റെ കൊമ്പൊടിക്കുന്ന വാക്‌സിന്റെ പെട്ടി മുറ്റത്ത് കൊണ്ട് വന്ന് പിടിച്ചിരിക്കുന്ന ഈ നേരത്ത്, അവരോട് അകത്ത് കയറിയിരിക്കാൻ പറഞ്ഞ ശേഷം നമ്മുടെ ആ പതിവ് വാട്ട്‌സ്ആപ്പ് ചോദ്യങ്ങളിലേക്ക് കടക്കാം.
• ഈ വാക്‌സിനും ഒരു ഗൂഢാലോചനയുടെ ഫലമല്ലേ? ലോകം മുഴുവൻ ഒരേ മരുന്ന് കുത്തിവെക്കാൻ വേണ്ടി ഉണ്ടായ ഒരു ഉഡായിപ്പ് സെറ്റപ്പല്ലേ ഇതെല്ലാം?
- കോവിഡ് 19 എന്ന SARS COV 2 ഇനത്തിൽപ്പെട്ട വൈറസ് ഉണ്ടാക്കുന്ന രോഗം 2019 അവസാനം മുതൽ 2021 ആദ്യം വരെ ഒൻപത് കോടിയിലേറെ പേരെ ബാധിക്കുകയും ഇരുപത് ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇനിയും ഇതാവർത്തിക്കാതിരിക്കാൻ ഒന്നുകിൽ കോവിഡ് 19 വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കണം. അല്ലെങ്കിൽ വാക്‌സിൻ വരണം.
സദാ മ്യൂട്ടേഷന് വിധേയമാകുന്ന സ്വഭാവത്തിൽ യാതൊരു സ്‌ഥിരതയുമില്ലാത്ത ഈ സൂക്ഷ്‌മജീവിക്കെതിരെ മരുന്ന് നിർമ്മിക്കാൻ അത്ര എളുപ്പമല്ല, നിലവിൽ അത് സാധിച്ചിട്ടുമില്ല. ഇത്തരത്തിൽ മരുന്നില്ലാത്ത ആദ്യത്തെ രോഗാണുവല്ല കോവിഡ് 19. നാടൻ ജലദോഷം മുതൽ നിപ്പ വരെ ഇത്തരം മരുന്നില്ലാത്ത രോഗങ്ങളാണ്. ഇവയ്‌ക്കെല്ലാം തന്നെ ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് പതിവ്.
ഈ സാഹചര്യത്തിൽ, കോവിഡ് കൊണ്ട് പോയ ജീവനുകളുടെ എണ്ണം കൂടാതിരിക്കാൻ രോഗാണുവിനെ പ്രതിരോധിക്കുകയേ വഴിയുള്ളൂ. ആ പ്രതിരോധമാണ് വാക്‌സിൻ. ഗൂഢാലോചന ആരോപിക്കുന്നവരും വായിൽ തോന്നിയ തിയറി പറയുന്നവരും നമ്മുടെ ജീവന് ഉത്തരവാദിത്വം ഏറ്റെടുക്കില്ല. വാക്‌സിൻ അധിനിവേശമല്ല, നമ്മുടെ അവകാശമാണ്, രക്ഷയാണ്.
• അപ്പോ ഈ വാക്‌സിന് സൈഡ് ഇഫക്‌ടൊന്നും ഇല്ലേ? ആരോഗ്യപ്രവർത്തകരുടെ മേൽ കുത്തിവെച്ച് പരീക്ഷിക്കുകയാണെന്നൊക്കെ പത്രത്തിൽ കണ്ടല്ലോ. അല്ല, പേപ്പർ കട്ടിങ്ങിൽ അടിവരയിട്ട പോസ്‌റ്റൊക്കെ ഫേസ്‌ബുക്കിൽ ഉണ്ടായിരുന്നേ.
- ആവശ്യത്തിന് പരീക്ഷണനിരീക്ഷണങ്ങൾക്ക് ശേഷം തന്നെയാണ് ഇപ്പോൾ കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയിരിക്കുന്നത്. ലോകത്ത് എവിടെയും തന്നെ ഈ വാക്‌സിന് സാരമായ പാർശ്വഫലങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. വാക്‌സിൻ എടുത്ത ഭാഗത്ത് വേദന, തടിപ്പ്, ചെറിയ പനി തുടങ്ങിയ തികച്ചും സ്വാഭാവികമായ പാർശ്വഫലങ്ങൾക്കപ്പുറം ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. അലർജിയുടെ സാരമുള്ള വേർഷനായ അനഫൈലാക്‌സിസ് പോലും അത്യപൂർവ്വസാധ്യത മാത്രമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
രോഗാണുവുമായി ഏറ്റവും കൂടുതൽ സമ്പർക്കമുള്ള ആരോഗ്യപ്രവർത്തകരെ 'പരീക്ഷണവസ്‌തുവാക്കുന്നു' എന്നൊക്കെ മസാലവൽക്കരിച്ചെഴുതി ദയവ് ചെയ്‌ത് ഞങ്ങളുടെ ആത്മവീര്യം കെടുത്തരുത്, ഞങ്ങളുടെ വീട്ടുകാരെ ആധിയിലാക്കരുത്. ലോകമെമ്പാടുമുള്ള ആരോഗ്യശാസ്‌ത്രഞ്‌ജരുടെ ഈ അമൂല്യമായ കണ്ടെത്തൽ വിലയേറിയതാണ്. കൊറോണക്ക് ശേഷം ജനജീവിതം സാധാരണ ഗതിയിലേക്ക് വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കൂട്ടരും ഒരു പക്ഷേ ഏറ്റവും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന ഞങ്ങൾ ആരോഗ്യപ്രവർത്തകരാകും. അത്രക്ക് വശം കെട്ടിരിക്കുന്നു ഞങ്ങളിൽ പലരും. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഞങ്ങൾ അതിലേക്ക് ഞങ്ങളുടെ പങ്ക് നൽകുകയാണ്. വാക്‌സിൻ സുരക്ഷിതമാണെന്നത് കൊണ്ടാണ് വിതരണം തുടങ്ങിയത്.
• വാക്‌സിനിൽ 'എന്തൊക്കെയോ പ്രശ്‌നമുള്ള' ingredients ഉണ്ടെന്ന് കേട്ടല്ലോ. കൊഴപ്പാവോ?
വാക്‌സിനെക്കുറിച്ച് കൂടുതൽ വിശദമായി വായിക്കണേൽ Info Clinic പോസ്‌റ്റുണ്ട്. ഒന്ന് അത്രടം വരെ ചെല്ലൂ (Link : https://www.facebook.com/1056731331111377/posts/3572757356175416/).
വാക്‌സിനിൽ ഉള്ള ഘടകങ്ങൾ L Histidine, L Histidine hydrochloride monohydrate, Magnesium chloride hexahydrate, Polysorbate 80, Ethanol, Sucrose, Sodium chloride, EDTA, Water എന്നിവയാണ്. നോ സീക്രട്ട്‌സ്.
വാക്‌സിൻ ഏതാണ്ട് നിഗൂഢ ഐറ്റം ആണെന്ന് ഇനിയിവിടെ മിണ്ടിയേക്കരുത്.
• അപ്പോ എല്ലാർക്കും കണ്ണും പൂട്ടി വാക്‌സിനെടുക്കാമെന്നാണോ പറയുന്നത്?
-അല്ല. നിലവിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ പരീക്ഷിച്ചിട്ടില്ലാത്തതിനാൽ അവർക്ക് നൽകുന്നില്ല.
ഗർഭിണികൾ, മുലയൂട്ടുന്നവർ എന്നിവരിൽ വാക്‌സിൻ പഠനങ്ങൾ നടന്നിട്ടില്ല. അവർക്ക് വാക്‌സിൻ നൽകണോ എന്നതിന്റെ വിശദാംശങ്ങൾ വാക്‌സിനേഷൻ ഘട്ടങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് അറിയാൻ സാധിക്കും.
അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവർക്ക് വാക്‌സിനെടുക്കാം. ചെറിയ പനിയോ മൂക്കൊലിപ്പോ ഒന്നും വാക്‌സിന് തടസമല്ല. എന്നാൽ എയിഡ്‌സ്, സ്‌റ്റിറോയിഡ് മരുന്ന് കഴിക്കുന്നവർ തുടങ്ങി ശരീരത്തിൽ പ്രതിരോധശേഷി തീരെ കുറവുള്ളവർ വാക്‌സിനെടുത്താലും ശരീരത്തിൽ ആവശ്യത്തിന് പ്രതിരോധഘടകങ്ങൾ ഇല്ലാത്തതിനാൽ പ്രതിരോധപ്രക്രിയ നടക്കില്ല. ഫലം കുറഞ്ഞേക്കാം.
• ഒരെണ്ണം എടുത്താൽ പിന്നെ സൂക്കേട് വരൂലാ?
വാക്‌സിനെടുത്താൽ എഴുപത് ശതമാനവും പിന്നെ കോവിഡ് വരില്ല. ഇനി അഥവാ വന്നാൽ തന്നെ, രോഗം സാരമാകാതിരിക്കാൻ ഉള്ള പ്രതിരോധശേഷി നമുക്ക് വാക്‌സിൻ വഴി ലഭിക്കും.
പക്ഷേ ഒരു ഡോസല്ല, നാലാഴ്‌ച ഇടവിട്ട് രണ്ട് ഡോസാണ് എടുക്കേണ്ടത്. ഇടത് തോളിന്റെ താഴെയായിട്ട് പേശിയിലാണ് വാക്‌സിനെടുക്കുന്നയിടം. 0.5 മില്ലിലിറ്റർ വാക്‌സിൻ ഒറ്റതവണ മാത്രം ഉപയോഗിക്കാനാവുന്ന ഓട്ടോ ഡിസേബിൾ സിറിഞ്ച് കൊണ്ടാണ് നൽകുന്നത്. ആ പിന്നെ, വാക്‌സിനെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ മുതൽ എടുത്ത് കഴിഞ്ഞ് അര മണിക്കൂർ നിരീക്ഷണവും ശേഷമുള്ള ഫോളോ അപ്പും അടക്കം സർവ്വത്ര വ്യക്‌തമായി പ്ലാൻ ചെയ്‌തിട്ടുണ്ട്. എല്ലാം ഡിജിറ്റൽ ആയി രേഖപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
ഒരു പ്രധാനകാര്യം വേറെ വാക്‌സിനെടുത്ത് പതിനാല് ദിവസത്തിനകം കോവിഡ് വാക്‌സിൻ എടുത്തൂടാ. അതേ പോലെ കോവിഡ് വാക്‌സിനെടുത്ത് പതിനാല് ദിവസം കഴിയാതെ വേറെ വാക്‌സിനും എടുത്തൂടാ. എനി കൺഫ്യൂഷൻ?
• അപ്പോ പിന്നെ, എടുക്കാല്ലേ? ഇത് എടുത്താൽ ഈ മുഖംമൂടീം സോപ്പും ഒക്കെ വലിച്ച് പറിച്ച് ദൂരെ കളയാല്ലോന്ന് ഓർക്കുമ്പോ...ഒരു പുളകം..
- അയ്യോ...മുൻകരുതലുകളെ കാറ്റിൽ പറത്താനും പുളകം കൊള്ളാനും ഒന്നുമായില്ല. അതിന് സമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾ വാക്‌സിനെടുക്കണം. ഘട്ടം ഘട്ടമായി നമ്മൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
എങ്കിൽ പോലും ''എന്നാണൊരു രക്ഷ!" എന്ന ഘട്ടത്തിൽ നിന്നും "വലിയ താമസമില്ലാതെ ഇതിനൊരന്ത്യമുണ്ടാവും"എന്നയിടത്ത് നമ്മളെത്തിക്കഴിഞ്ഞു.
പ്രസിദ്ധമായൊരു പാട്ട് പോലെ...
"ഈ കാലം മാറും നമ്മുടെ കാലക്കേടുകൾ കഥയാകും... നാമൊന്നായ് കൂടിയിരിക്കും നാളൊട്ടും വൈകാതെ..."
Dr. Shimna Azeez
https://www.facebook.com/Malayalivartha