ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു

ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ കൊള്ള നടത്തുവെന്ന് കെ.എസ്.ആര്‍.ടി.സി എംഡി ബിജുപ്രഭാകറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്താകുന്നു. തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ഐ എന്‍ ടി യു സിക്കാര്‍ എം ഡിക്ക് എതിരെ പ്രതിഷേധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി അറിയിച്ചു. ജീവനക്കാര്‍ക്കെതിരെ പ്രതികരണം നടത്തിയ ബിജു പ്രഭാകറിന് എതിരെ വിവിധ യൂണിയനുകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാര്‍ച്ചു നടത്തി. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തി നടപടി എടുക്കണമെന്ന് ടി.ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് ശശിധരന്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി. തങ്ങളുടെ ചോറാണ്. ചോറില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍, ആരായാലും ഏത് മന്നന്‍ ശ്രമിച്ചാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയുടെ എറണാകുളത്തെ ഭൂമി പാട്ടത്തിന് കൈമാറ്റം ചെയ്യുന്നതില്‍ ക്രമക്കേടുണ്ടെന്നും ശശിധരന്‍ ആരോപിച്ചു. തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ യൂണിറ്റുകള്‍ക്കു മുന്‍പിലും ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എസ് ആര്‍ ടി സിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞതാണ് ബിജുപ്രഭാകറിന് എതിരെ സംഘടനകള്‍ തിരിയാനുളള കാരണം. സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റങ്ങളെ എതിര്‍ക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സുകള്‍ നിര്‍മ്മിച്ചത് വേണ്ട പഠനമില്ലാതെയാണ്. ജീവനക്കാര്‍ കൂടുതലാണ്. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം എം പാനലുകാരാണ് ജോലി ചെയ്യുന്നത്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ട്രിപ് ദൂരം കൂട്ടിക്കാണിച്ചുളള ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജുപ്രഭാകര്‍ ആരോപിച്ചിരുന്നു.
കെ എസ് ആര്‍ ടി സിയില്‍ സ്വിഫ്റ്റ് പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന ബിജു പ്രഭാകറിന്റെ തീരുമാനമാണ് ജീവനക്കാരുമായുളള ശീതയുദ്ധത്തിന് വഴിത്തുറന്നത്. 2012-15 കാലത്ത് അക്കൗണ്ട്‌സ് മാനേജര്‍ ആയിരുന്നപ്പോള്‍ 100 കോടിയുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥനടക്കം ഉളളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. സി.ഐ.ടി.യുവും എം.ഡി.ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha