ദേ കിടക്കുന്നു ആശാന്‍... ഉമ്മന്‍ചാണ്ടിയെ നേമത്തെത്തിക്കാന്‍ ചരടുവലിച്ച മുല്ലപ്പള്ളിക്കും അതേ പാര വരുന്നു; കെപിസിസി പ്രസിഡന്റ് സുരക്ഷിത മണ്ഡലം തേടി പോകാതെ നേമം ഏറ്റെടുക്കണമെന്ന ചര്‍ച്ച തുടരുന്നു; വിഷയം മാറ്റാന്‍ കല്‍പ്പറ്റയില്‍ കൈപ്പത്തി തന്നെയെന്ന് മുല്ലപ്പള്ളി

തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് കമ്മ്യൂണിസ്റ്റുകാരല്ല. സാക്ഷാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. കോണ്‍ഗ്രസിനകത്ത് അത്തരം ചര്‍ച്ചകള്‍ വന്നിട്ടില്ല. വേണമെങ്കില്‍ അത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ല എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
എന്നാലിപ്പോള്‍ മുല്ലപ്പള്ളിക്കും പാവങ്ങളുടെ ഗുജറാത്ത് പാരയാകുകയാണ്. എന്ത് കൊണ്ട് കെപിസിസി അധ്യക്ഷന്‍ നേമം ഏറ്റെടുത്ത് മാതൃക കാണിച്ചുകൂട എന്നാണ് കോണ്‍ഗ്രസ് അണികള്‍ ചോദിക്കുന്നത്. അതേസമയം തന്നെ മുല്ലപ്പള്ളി കല്‍പ്പറ്റയിലേക്ക് ഓടിയൊളിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. അത് താനോണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ട സമയത്തെല്ലാം അനുസരിച്ചിട്ടേയുള്ളൂ. സീറ്റിന്റെ കാര്യത്തില്‍ ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു.
കല്‍പ്പറ്റയില്‍ മുല്ലപ്പള്ളി മത്സരിക്കുന്നുവെന്ന വാര്‍ത്തയ്ക്കിടെ സീറ്റിനായി മുസ്‌ലിം ലീഗ് അവകാശവാദമുന്നയിച്ചതായി ചില നേതാക്കള്‍ പ്രതികരിച്ചിരുന്നു. ആവശ്യമെന്തായാലും സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി ഉറപ്പിക്കുന്നു. തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പാര്‍ട്ടി പറയുന്നത് പൂര്‍ണമായും അനുസരിക്കും. എന്നാല്‍ മത്സരിക്കില്ലെന്ന് പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകര സീറ്റിനെച്ചൊല്ലി ആര്‍എംപിയുമായി യാതൊരു ചര്‍ച്ചയുമുണ്ടായിട്ടില്ല. സീറ്റ് പിടിച്ചെടുക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണ്. വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ മുല്ലപ്പള്ളി നൂറ് കടക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ സൗഹൃദപരമായി പൂര്‍ത്തിയാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റായി നിന്ന് നേതൃത്വം നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. 140 മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങും. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കാനിറങ്ങും. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് പോരാടാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നത്. ജനശ്രദ്ധ മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ സംവിധാനം ശക്തിപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകമ്മിറ്റികളും കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചു തുടങ്ങി. ഓരോ നേതാക്കളും അവരവരുടെ ബൂത്തിന്റെ ചുമതലയും ഏറ്റെടുത്തു. താഴെത്തട്ടില്‍ സംഘടനാ സംവിധാനം ശക്തമല്ലാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന്റ അടിസ്ഥാനത്തിലാണ് 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാനത്തെ 25,041 ബൂത്തുകളും ഒറ്റദിവസം കൊണ്ട് പുനഃസംഘടിപ്പിക്കാനും പ്രധാന നേതാക്കള്‍ അവരവരുടെ ബൂത്തിന്റെ ചുമതല ഏറ്റെടുക്കാനും തീരുമാനിച്ചത്.
തിരുവനന്തപുരത്ത് ജഗതി 92ാം നമ്പര്‍ ബൂത്തിന്റെ ചുമതല യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഏറ്റെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ 126ാം നമ്പര്‍ അങ്ങാടി ബൂത്തിന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51ാം നമ്പര്‍ ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും. പുനഃസംഘടിപ്പിച്ച ബൂത്ത് കമ്മറ്റികളുടെ ലിസ്റ്റ് ശനിയാഴ്ചയ്ക്കകം കെപിസിസിക്ക് കൈമാറണമെന്നാണ് നിര്‍ദേശം. കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോഴും നേമത്ത് ആരെന്ന കാര്യം ശരിക്കും വിവാദമാകും.
https://www.facebook.com/Malayalivartha
























