വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

മുൻ ലോകകപ്പ് പോലെ ഫ്രാൻസ് അർജന്റീന ഫെനൽ ആകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ എത്തിയിരിക്കുകയാണ്. കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയ്ക്ക് പിഴച്ചത് രണ്ടു തവണ; ആറു മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.
60–ാം മിനിറ്റിൽ കിലിയൻ എംബപെയും 66–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. ഡിസൈർ ഡൂയെയുടെ പക്കൽനിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു. ടൂർണമെന്റിൽ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. ലയണൽ മെസ്സിക്കു ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.
ആറു മിനിറ്റിനുള്ളിൽ ഫ്രാൻസിന്റെ രണ്ടാം ഗോളും പിറന്നു. മൊറോക്കോ ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പ്രതിരോധ പിഴവാണ് ഫ്രാൻസ് മുതലെടുത്തത്. ആദ്യ ഗോൾ നേടിയ എംബപെ ഇവിടെ ഒരു പ്ലേമേക്കറുടെ വേഷം അണിഞ്ഞു. മൊറോക്കൻ പ്രതിരോധത്തിന്റെ വിടവിലൂടെ എംബപെ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഉസ്മാൻ ഡെംബെലെ പന്ത് യാസിൻ ബോണോയെ മറികടന്ന് വലയിലെത്തിച്ചു. സ്കോർ 2–0. ഈ ലോകകപ്പിൽ ഡെംബലെയുടെ അഞ്ചാം ഗോളാണിത്.
മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. ലീഡ് നേടാനുള്ള സുവർണാവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 25–ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനൽറ്റി, കിക്ക് എടുത്ത കിലിയൻ എംബപെ മിസ്സാക്കുകയായിരുന്നു. ബോക്സിനുള്ളിൽ എംബപയെ നുസൈർ മസ്റൂയി ഫൗൾ ചെയ്തതിനാണ് വാർ പരിശോധനയിലൂടെ ഫ്രാൻസിന് പെനൽറ്റി അനുവദിച്ചത്.
28–ാം മിനിറ്റിൽ കിക്കെടുത്ത എംബപെ, ഗോൾപോസ്റ്റിന്റെ താഴെ വലതുമൂലയിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും മൊറോക്കൻ കീപ്പർ യാസിൻ ബൂണോ തടയുകയായിരുന്നു. ആദ്യപകുതിയിൽ ഗോൾ ലക്ഷ്യമാക്കി നാലു ഷോട്ടുകൾ ഉതിർത്തി ഫ്രാൻസിന്റെ എല്ലാം ശ്രമങ്ങളും കിടിലൻ സേവിലൂടെ ബൂണോ തടയുകയായിരുന്നു. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ മൊറോക്കോയ്ക്കായില്ല. പന്തടക്കത്തിലും പാസുകളിലും ഫ്രാൻസിനു തന്നെയായിരുന്നു മുൻതൂക്കം.
മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബൂണോയുടെ ഗംഭീര സേവുകളും ഫ്രാൻസിന്റെ പ്രതിരോധക്കരുത്തും, പിന്നാലെ ആറു മിനിറ്റിനിടെ രണ്ടു ഗോളും കണ്ട ക്വാർട്ടർ പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം സെമി ഫൈനൽ സ്വപ്നം കണ്ടെത്തിയ മൊറോക്കോയെ തകർത്ത് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഫ്രഞ്ച് പട. ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമി ഫൈനലാണിത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ആധിപത്യം സ്ഥാപിച്ച ഫ്രഞ്ച് പട മൊറോക്കൻ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയർത്തി. സൂപ്പർ താരം കിലിയൻ എംബപെയുടെ പെനാൽറ്റി ഉൾപ്പെടെ ഒരുപിടി എണ്ണംപറഞ്ഞ ഷോട്ടുകൾ തടുത്തിട്ട ഗോൾ കീപ്പർ യാസിൻ ബൂണോയാണ് മൊറോക്കോയെ രക്ഷിച്ചത്. തുടരെ ആക്രമിച്ച് കയറി പെനാൽറ്റി ഏരിയയിൽ നിന്ന് ഏഴെണ്ണം ഉൾപ്പെടെ 13 ഗോൾശ്രമങ്ങൾ നടത്തിയിട്ടും ആദ്യ പകുതിയിൽ വല ചലിപ്പിക്കാൻ എംബപെയ്‌ക്കും സംഘത്തിനുമായില്ല.
ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ
നാലാം മിനിറ്റിൽ തുടരെ രണ്ട് ഗോൾശ്രമങ്ങളാണ് ഫ്രാൻസ് നടത്തിയത്. ആദ്യം സൂപ്പർ താരം കിലിയൻ എംബപെ വെടിയുണ്ട കണക്കെ തൊടുത്ത ഷോട്ടും തൊട്ടടുത്ത നിമിഷം ദയോത് ഉപമെകാനോയുടെ ഹെഡറും മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബൂണോ തടുത്തു. ഹൈഡ്രേഷൻ ബ്രേക്കിന് തൊട്ടുമുൻപ് ബോക്സിനുള്ളിൽ കിലിയൻ എംബപെയെ നൂസൈർ മസ്റാവി വീഴ്ത്തിയതിന് ഫ്രാൻസിന് പെനാൽറ്റി അനുവദിച്ചു. ഫ്രാൻസിനെ മുന്നിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് എംബപെ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ തന്റെ ഇടതുവശത്തേക്ക് ഗംഭീര ഡൈവിലൂടെ കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ലൂക്കാസ് ഡിഗ്നെയുടെ ഇടംകാലൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിയകന്നു. അതേസമയം ആദ്യ 45 മിനിറ്റിൽ ഫ്രാൻസിന്റെ കരുത്തുറ്റ പ്രതിരോധ നിരയ്ക്ക് ഭീഷണിയാകുന്ന ഒരേ ഒരു നീക്കം മാത്രമാണ് മൊറോക്കോയ്‌ക്ക് നടത്താനായത്.
രണ്ടാം പകുതിയിൽ പക്ഷെ കളി മാറി. പൂർണമായി ആക്രമണത്തിലേക്ക് ഗിയർ മാറ്റിയ ഫ്രഞ്ച് പടയ്ക്കു മുന്നിൽ മൊറോക്കൻ പ്രതിരോധം നന്നേവിയർത്തു. പിന്നാലെ ഗോൾ കീപ്പർ യാസിൻ ബൂണോയുടെ പ്രതിരോധം ഭേദിച്ച് ആറു മിനിറ്റിനുള്ളിൽ, ആദ്യം എംബപെയും പിന്നാലെ ഉസ്മാൻ ഡെംബലെയും മൊറോക്കൻ വല ചലിപ്പിച്ചതോടെ ഫ്രഞ്ച് ആധിപത്യം പൂർണമായി. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിഫൈനലിൽ എത്താമെന്ന ആത്മവിശ്വാസം നഷ്ടമായ മൊറോക്കോ, പൊരുതാനുള്ള ശ്രമം പോലും നടത്താതെ കിഴടങ്ങുകയായിരുന്നു.
എട്ട് ഓൺടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 21 ഗോളവസരങ്ങളാണ് മത്സരത്തിൽ ഫ്രഞ്ച് പട സൃഷ്ടിച്ചത്. ഇതിൽ 12 എണ്ണം പെനാൽറ്റി ഏരിയയിൽ നിന്നായിരുന്നു. അതേസമയം, ഒരു ഓൺടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ നാല് ഗോളവസരങ്ങൾ മാത്രമാണ് മൊറോക്കോയ്‌ക്ക് ലഭിച്ചത്.
∙ തുടർച്ചയായ മൂന്നു ലോകകപ്പുകളിൽ സെമിഫൈനലിൽ എത്തുന്ന മൂന്നാമത്തെ ടീമായി ഫ്രാൻസ്. ജർമ്മനി (2002 മുതൽ 2014 വരെ 4 തവണയും 1982-1990 വരെ 3 തവണയും), ബ്രസീൽ (1994-2002 വരെ 3 തവണയും) എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് ടീമുകൾ.
∙ എട്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിഫൈനലിൽ എത്തുന്നത്. ഈ നേട്ടത്തിൽ ഫ്രാൻസസ്, ബ്രസീലിനൊപ്പം (8 തവണ) രണ്ടാം സ്ഥാനത്തെത്തി. 12 തവണ സെമി ഫൈനൽ കളിച്ചിട്ടുള്ള ജർമനിയാണ് ഒന്നാമത്.
∙ 60 ാം മിനിറ്റിൽ ഗോൾ നേടിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെയ്‌ക്ക് ലോകകപ്പ് കരിയറിലെ ഗോളുകളുടെ എണ്ണം 20 ആയി. അർജന്റീനയുടെ ലയണൽ മെസ്സിക്ക് (21 ഗോൾ) പിന്നിൽ രണ്ടാം സ്ഥാനത്താണ് എംബപെ.
∙ ഈ ലോകകപ്പിൽ ഇതേവരെ 8 ഗോളുകൾ നേടിയ എംബപെ (3 അസിസ്റ്റ്), അസിസ്റ്റുകളുടെ കൂടി അടിസ്ഥാനത്തിൽ ഗോൾഡൻ ബൂട്ട് മത്സരത്തിൽ ലയണൽ മെസ്സിയെ (എട്ടു ഗോളും ഒരു അസിസ്റ്റും) മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
∙ മൊറോക്കോയ്‌ക്കെതിരെയുള്ള ഗോളും അസിസ്റ്റും സഹിതം, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ എംബപെയുടെ ആകെ ഗോൾ സംഭാവനകൾ 14 ആയി. കഴിഞ്ഞ 60 വർഷത്തിനിടെ ഈ നേട്ടം കൈവരിച്ചവരിൽ ലയണൽ മെസ്സിക്കൊപ്പം (14) ഒന്നാം സ്ഥാനത്താണ് എംബപെ.
∙ 8 ഗോളും 3 അസിസ്റ്റും സഹിതം ഈ ലോകകപ്പിൽ എംബപെ 11 ഗോളുകളിൽ പങ്കാളിയായി. 1970 ൽ ഗെർഡ് മുള്ളർക്ക് (13) ശേഷം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകുന്ന താരമാണ് എംബപെ.
∙ 1966 ന് ശേഷം രണ്ടു വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ (2022, 2026) 10 ൽ അധികം ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ കളിക്കാരനാണ് എംബപെ.
∙ ഒരു ലോകകപ്പ് മത്സരത്തിൽ എംബപെ ഗോളും അസിസ്റ്റും നേടുന്നത് ഇത് മൂന്നാം തവണയാണ്. 60 വർഷത്തിനിടെ ഈ നേട്ടം കൂടുതൽ തവണ (5) കൈവരിച്ച ഏക കളിക്കാരൻ ലയണൽ മെസ്സിയാണ്.
∙ മൊറോക്കോയ്‌ക്കെതിരെ ഗോൾ നേടിയതോടെ ഉസ്മാൻ ഡെംബലെയ്ക്ക് ലോകകപ്പ് കരിയറിലെ ഗോളുകളുടെ എണ്ണം 5 ആയി. ഈ ലോകകപ്പിലാണ് അദ്ദേഹം ഈ അഞ്ച് ഗോളുകളും നേടിയത് (2018, 2022 ലോകകപ്പുകളിൽ ഡെംബലെ ഗോൾ നേടിയില്ല).
∙ ഒരു ലോകകപ്പിൽ 5 ൽ അധികം ഗോളുകൾ നേടുന്ന, ഒരേ ടീമിലെ സഹതാരങ്ങൾ എന്ന നേട്ടത്തിനും എംബപെയും ഡെംബലെയും ഉടമകളായി. 2002 ൽ ബ്രസീലിനായി റൊണാൾഡോയും റിവാൾഡോയും ഈ നേട്ടം കൈവരിച്ചിരുന്നു.
∙ 60 വർഷത്തിനിടെ ഒരു ലോകകപ്പിൽ അഞ്ചോ അതിലധികമോ ഗോളുകൾ നേടുന്ന ഫ്രാൻസിന്റെ കളിക്കാർ എംബപെയും ഡെംബലെയും മാത്രമാണ്.
അതേസമയം അർജന്റീന ഈജിപ്റ്റ് മത്സര വിവാദം തുടരുന്നു. ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടറിൽ അർജന്റീന ഈജിപ്തിനെ 3–2ന് തോൽപിച്ചതിനു പിന്നാലെ അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയോടും കലിപ്പിച്ച് ഈജിപ്ത് പരിശീലകൻ ഹൊസ്സാം ഹസ്സൻ. മത്സരത്തിനു ശേഷം രോഷത്തോടെ ഗ്രൗണ്ടിൽനിന്നു മടങ്ങിയ ഹൊസ്സാം ഹസ്സൻ, ഡ്രസിങ് റൂമിലേക്കു പോകുന്നതിനിടെയാണ് സ്കലോനിയയെ കണ്ടുമുട്ടിയത്. ഹൊസ്സനും ഈജിപ്ഷ്യൻ സംഘവും റഫറിമാരോടും സ്റ്റാഫുകളോടും കലഹിക്കുന്നതിനിടെയായിരുന്നു സ്കലോനിയുടെ കടന്നുവരവ്.
ഈജിപ്ഷ്യൻ സംഘത്തിന്റെ ബഹളങ്ങളൊന്നും കണ്ടില്ലെന്ന ഭാവത്തിൽ നടന്നുനീങ്ങുകയായിരുന്നു സ്കലോനിക്കു നേരെയാണ് ഈജിപ്ഷ്യൻ കോച്ച് രോഷപ്രകടനം നടത്തിയത്. എന്നാൽ മറുത്തൊന്നും പറയാൻ നിൽക്കാതെ സ്കലോനി നടന്നുനീങ്ങുകയായിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾക്കു മുന്നിട്ടുനിന്ന ഈജിപ്തിനെതിരെ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ത്രില്ലർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ റഫറിയുടേത് അന്യായമായ തീരുമാനങ്ങളാണെന്നാണ് ഈജിപ്തിന്റെ നിലപാട്. 13 മിനിറ്റിനിടെ അർജന്റീന മൂന്നു ഗോളുകൾ അടിച്ചതോടെ റഫറിക്കെതിരെ ഈജിപ്ത് രംഗത്തെത്തുകയായിരുന്നു.
സംഭവത്തിൽ മിണ്ടാതിരിക്കാൻ സാധിക്കില്ലെന്നും പരാതി നൽകുമെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ‘‘ഈജിപ്ത് ടീമിന്റെ അവകാശങ്ങളും താൽപര്യങ്ങളും പ്രതിരോധിക്കുന്നത് വിലകുറച്ചു കാണാനും ഒഴിവാക്കാനും സാധിക്കില്ല. പൂർണ്ണമായ ബോധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടി ഞങ്ങൾ വഹിക്കുന്ന ഒരു ഉത്തരവാദിത്തമാണിത്.’’– ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തെ ഫീൽഡ് റഫറി കൃത്യമായി ഉപയോഗിച്ചില്ലെന്നാണ് ഈജിപ്തിന്റെ പ്രധാന പരാതി.
അതേസമയം ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടറിൽ അർജന്റീന ടീമിന് അനുകൂലമായി റഫറിമാർ നിലപാടെടുത്തെന്ന പരാതിയിൽ ഈജിപ്ത് ടീമിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. റഫറി അർജന്റീനയ്ക്കൊപ്പം നിന്നാണ് കളി ജയിപ്പിച്ചതെന്നാണ് ഈജിപ്ത് ടീമിന്റെയും ആരാധകരുടെയും പരാതി. റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ ഫിഫയ്ക്കു പരാതി നൽകിയിരുന്നു. സംഭവത്തിൽ ഫിഫ അന്വേഷണം നടത്തുമെന്നാണു വിവരം.
ഫ്രാൻസ്– മൊറോക്കോ പോരാട്ടം നിയന്ത്രിക്കുന്ന റഫറിമാരെല്ലാം അർജന്റീനക്കാർ, പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ
ഈജിപ്തിന്റെ വിജയം തട്ടിയെടുത്തതാണെന്നു മംദാനി പ്രസംഗത്തിനിടെ ആരോപിച്ചു. പ്രസംഗത്തിന്റെ ഇടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു മംദാനിയുടെ പരാമർശം. പ്രീക്വാർട്ടറിൽ ഈജിപ്തിനെ 3–2ന് തോൽപിച്ചാണ് അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ക്വാർട്ടറിൽ കരുത്തരായ സ്വിറ്റ്സർലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഈജിപ്ത്– അർജന്റീന മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ പരിശീലകൻ ഹൊസം ഹസ്സനും താരങ്ങളും രംഗത്തെത്തിയിരുന്നു. മത്സരത്തിനു ശേഷം ഈജിപ്ഷ്യൻ പരിശീലകൻ ഫിഫയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
‘‘എനിക്കിത് നിസ്സാരമായി കാണാൻ കഴിയില്ല. ഭാഗ്യദോഷത്തെപ്പറ്റി പറയാനുമില്ല. ഞങ്ങൾ ചതിക്കപ്പെട്ടു. ഇത് അനീതിയാണ്. ലഭിക്കേണ്ടിയിരുന്ന പെനൽറ്റി കിക്ക് നഷ്ടപ്പെട്ടു. അതിൽ വിഎആർ പരിശോധന ഉണ്ടായിരുന്നില്ല. അവർക്ക് ലോകചാംപ്യന്മാരെ നിലനിർത്തണമായിരുന്നു. മെസ്സിയെ നിലനിർത്തണമായിരുന്നു. ഇനി ഈ ലോകകപ്പിലെ ഒരു മത്സരവും ഞാൻ കാണില്ല’’– ഹൊസം ഹസ്സൻ ആരോപിച്ചു.
ഈജിപ്ത് താരം മുസ്തഫ സീക്കോയും റഫറിക്കെതിരെ രംഗത്തെത്തി. ‘‘മത്സരത്തിന്റെ തുടക്കം മുതൽ റഫറി ഞങ്ങൾക്കെതിരായിരുന്നു. ഒരു രാജ്യത്തിന്റെ മുഴുവൻ പരിശ്രമങ്ങളെയാണ് അവർ ഇല്ലാതാക്കിയത്. ഈജിപ്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ ടൂർണമെന്റ് ഒരു തട്ടിപ്പാണ്. മറ്റൊരു ലോകകപ്പ് നേട്ടത്തിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ’’–മുസ്തഫ സീക്കോ വ്യക്തമാക്കി. മത്സരത്തിൽ സീക്കോ നേടിയ ഗോൾ ഫൗളിന്റെ പേരു പറഞ്ഞ് റഫറി നിഷേധിച്ചിരുന്നു. അതാണ് വിവാദമായത്.
"https://www.facebook.com/Malayalivartha
























