ദൈവം സത്യം, ധർമജൻ കഴിച്ചിട്ടില്ല; ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ ബിബിൻ ജോർജ്...

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ രണ്ടാമത്തെ പുതിയ ബിരിയാണി ഹോട്ടൽ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഒടുവിൽ വ്യക്തത. ഉദ്ഘാടനത്തിനെത്തിയ നടൻ ധർമജൻ ബോൾഗാട്ടി മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ബിബിൻ ജോർജ് വ്യക്തമാക്കി.ചടങ്ങിനിടയിൽ ധർമജന് ബാലൻസ് നഷ്ടപ്പെടുന്നതും, തൊട്ടുപിന്നിൽ നിന്ന ബിബിൻ അദ്ദേഹത്തെ താങ്ങിപ്പിടിക്കുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. രാവിലെ തന്നെ താരം മദ്യപിച്ചാണ് എത്തിയതെന്നും, തിരക്കിനിടയിൽ ഷർട്ടിന്റെ ബട്ടൺസ് പോലും മാറിപ്പോയത് ഇതിന് തെളിവാണെന്നും ആരോപിച്ചായിരുന്നു സൈബർ ഇടങ്ങളിലെ കടുത്ത പരിഹാസങ്ങളും ട്രോളുകളും.
'മദ്യപിച്ചിരുന്നിടത്തു നിന്ന് അതേപടി പിടിച്ചുകൊണ്ടുവന്നതാണ്' എന്ന തരത്തിലുള്ള മോശം കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞിരുന്നു.എന്നാൽ സുഹൃത്തിനെതിരെയുള്ള സൈബർ ആക്രമണം കടുത്തതോടെ ബിബിൻ ജോർജ് നേരിട്ട് രംഗത്തെത്തുകയായിരുന്നു. "നിങ്ങളുടെ വർക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം... അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നായിരുന്നു ട്രോളന്മാർക്ക് മറുപടിയായി ബിബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കടയ്ക്കുള്ളിലേക്ക് കയറാൻ നേരം ചെരുപ്പ് മാറ്റിവെക്കുന്നതിനിടയിലാണ് ധർമജന് ബാലൻസ് നഷ്ടപ്പെട്ടതെന്നും അത് തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണെന്നും ബിബിൻ വ്യക്തമാക്കി.
അതേസമയം, ധർമജനെതിരെയുള്ള വിമർശനങ്ങൾ ശക്തമായപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായും വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു മനുഷ്യന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അദ്ദേഹം കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ ചിന്തിക്കാതെയാണ് ഇത്തരം ക്രൂരമായ പരിഹാസങ്ങൾ നടത്തുന്നതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ചില മരുന്നുകൾ കഴിക്കുമ്പോൾ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, തിരക്കുകൾക്കിടയിൽ ഷർട്ടിന്റെ ബട്ടൺ മാറിപ്പോകുന്നത് അത്രവലിയ കുറ്റമായി കാണേണ്ടതില്ലെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. സുഹൃത്തിന്റെ ബിസിനസ്സ് വിജയത്തിൽ പങ്കുചേരാനെത്തിയ കലാകാരനെ വ്യക്തിഹത്യ ചെയ്യുന്ന സൈബർ സംസ്‌കാരത്തിനെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























