ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച് ലഹരി കടത്ത് നടത്തുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച് കാരിയര്‍മാരാക്കി ലഹരി കടത്തുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുവൈറ്റില്‍ ജോലിക്ക് പോയ മകന്റെ ബാഗേജില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെടുത്തെന്നും മകന്‍ ജയിലിലാണെന്നും മോചനത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി നായരമ്ബലം സ്വദേശിയായ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി.അരുണ്‍ പരിഗണിച്ചത്. ഇത്തരത്തിലുള്ള ലഹരി കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണന്നും ഗൗരവത്തോടെ കാണണമെന്നും ഗൂഡ സംഘങ്ങളെ കണ്ടെത്തിയില്ലങ്കില്‍ നിരപരാധികളായ ചെറുപ്പക്കാര്‍ ഇനിയും ഇരകളാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ കോടതി ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ദേശിച്ചു. മകന് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്തയാള്‍ വിമാനത്താവളത്തില്‍ വെച്ച് മറ്റൊരാളെ ഏല്‍പ്പിക്കാന്‍ ബാഗ് കൈമാറിയെന്നും ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന വിവരം മകന് അറിയില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ബാഗില്‍ നിന്ന് ലഹരിവസ്തു കണ്ടെടുത്ത കുവൈറ്റ് പൊലിസ് മകനെ ജയിലിടച്ചുവെന്നും നിരപരാധിത്വം തെളിയിക്കുന്ന അന്വേഷണ റിപോര്‍ട്ട് ഹാജരാക്കിയാല്‍ വിട്ടയക്കാമെന്ന് അറിയിച്ചിട്ടുണ്ടന്നും ബോധിപ്പിച്ചു. ആന്റണി എന്നയാളാണ് മകന് ബാഗേജ് കൈമാറിയതെന്നും പൊലിസിന് നല്‍കിയ പരാതിയില്‍ അന്വേഷണം എങ്ങുമെത്തിയില്ലന്നും പിതാവ് ബോധിപ്പിച്ചു. പരാതിയില്‍ സത്യമുണ്ടന്ന് നിരീക്ഷിച്ച കോടതി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കുവൈറ്റ് അധികൃതര്‍ക്ക് കൈമാറാനും നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha























