ഫിറോസും ഓക്കെയായി... വരുന്ന നിയസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഉടുപ്പുതയ്ച്ച പി.കെ. ഫിറോസിനെതിരെ ലീഗ് നേതാക്കളില്‍ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍; സര്‍ക്കാരിന് പരാതി നല്‍കിയില്ലെങ്കില്‍ വിജിലന്‍സിന് പരാതി നല്‍കിയാല്‍ മതിയെന്നാണ് നിലപാട്

ഏറെ നാളായി സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു പി കെ ഫിറോസ്.
കെ ടി ജലീല്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവരെ പലവട്ടം തേച്ചൊട്ടിച്ച പികെ. ഫിറോസിന് ഒരു പണി കൊടുക്കാന്‍ സി പി എം നേതാക്കള്‍ കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് കത്തുവ ഉന്നാവോ പിരിവ് എന്ന ഭൂമറാങ്ക് വന്നു വീണത്. പി.കെ ഫിറോസിനെതിരെ ആരോപണം ഉന്നയിച്ചത് സിപിഎം അല്ല. യുത്ത് ലീഗാണ്. അതിന്റെ ദേശീയ പ്രസിഡന്റ് യൂസഫ് പടനിലമാണ്. എന്നാല്‍ സി പി എമ്മിന് ഇതില്‍ ഒരു പങ്കുണ്ടോ എന്നാണ് പി.കെ. ഫിറോസിന്റെ സംശയം. കെ.റ്റി. ജലീല്‍ ലീഗിന്റെ വീട്ടില്‍ ഒളിഞ്ഞു കയറിയോ എന്ന സംശയത്തിലാണ് ലീഗ് നേതാവ് പി.കെ. ഫിറോസ്.
ഏതായാലും വരുന്ന നിയസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഉടുപ്പുതയ്ച്ച പി.കെ. ഫിറോസിനെതിരെ ലീഗ് നേതാക്കളില്‍ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണത്തിന് ഉത്തരവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലീഗ് നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ ഏതെങ്കിലും പൊതു പ്രവര്‍ത്തകന്‍ ഇതിന് തയ്യാറാകുമെന്നാണ് സി പി എം നേതൃത്വം കരുതുന്നത്. സര്‍ക്കാരിന് പരാതി നല്‍കിയില്ലെങ്കില്‍ വിജിലന്‍സിന് പരാതി നല്‍കിയാല്‍ മതിയെനാണ് നിലപാട്.
കാരണം തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ആരോപണം പൊടുന്നനെ പൊട്ടി പുറപ്പെട്ടത്.
പീഡനത്തിന് ഇരയായവര്‍ക്ക് വേണ്ടി പിരിച്ച തുക പി.കെ. ഫിറോസ് ദുര്‍വിനിയോഗം ചെയ്‌തെന്നാണ് യൂത്ത് ലീഗിലെ ആരോപണം. പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലം ആരോപണം ഉന്നയിച്ചത്. സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കത്തുവ ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുമില്ല. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സി.കെ. സുബൈര്‍ പല ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നുമാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. ഇത് പുറത്തുപറയാതിരിക്കാന്‍ തനിക്കെതിരേ ഭീഷണികള്‍ ഉണ്ടെന്നും യൂസഫ് പറയുന്നു.
ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളളവര്‍ക്കുമുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചിരുന്നു. ആറുമാസത്തിനുളളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു തരത്തിലും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുമധ്യത്തിലെത്തുന്നതെന്നാണ് യൂസഫ് പറയുന്നത്. പഞ്ചാബ് മുസ്ലീം ഫെഡറേഷനാണ് ഉന്നാവോകത്തുവ സംഭവങ്ങളില്‍ കേസ് നടത്തിപ്പിന്റെ ചുമതല.
പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് പി കെ. ഫിറോസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട്. ഒരിക്കല്‍ കുഞ്ഞാലിക്കുട്ടിയെ തറ പറ്റിച്ച നേതാവായിരുന്നു കെ.റ്റി. ജലീല്‍. ജലീലിനെ ഒതുക്കിയത് ഫിറോസാണ് . എന്നാല്‍ ജലീലിന് ലീഗില്‍ ഇപ്പോഴും നിര്‍ണായക സ്വാധീനമുണ്ടൈന്നാണ് ലീഗിനുള്ളിലെ ചിലര്‍ അടക്കം പറയുന്നത്. കാരണം ലീഗിന്റെ സ്‌കൂളില്‍ നിന്നാണ് ജലീല്‍ രാഷ്ട്രീയം പഠിച്ചത്. ജലീലിന് രാഷ്ട്രീയത്തിന്റെ എല്ലാ പാഠങ്ങളും പഠിപ്പിച്ചു കൊടുത്തത് ലീഗ് നേതാക്കളാണ്. സിമിയില്‍ നിന്ന് എം എസ് എഫിലെത്തിയ ജലീല്‍ ലീഗില്‍ നിന്ന് പുറത്തായതോടെയാണ് ഇടതുപക്ഷത്തെത്തിയത്. എന്നാല്‍ പി.കെ. കുഞാലിക്കുട്ടി ഒഴികെയുള്ള ലീഗ് നേതാക്കളുമായി ഇന്നുംജലീലിന് വളരെ നല്ല ബന്ധമാണുള്ളത്.
ഉന്നാവ് വിഷയത്തില്‍ ഫിറോസിനെതിരായ പരാതി കെട്ടിചമച്ചതാണെന്നാണ് ഫിറോസുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ ഉണ്ടായ പരാതിക്ക് പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന അന്വേഷണത്തിലാണ് ഫിറോസിന്റെ സഹപ്രവര്‍ത്തകര്‍. ഏതാണ്ട് ഒരു വര്‍ഷം മുമ്പുണ്ടായ ആരോപണം ഇപ്പോള്‍ പൊടിതട്ടിയെടുത്തത് തന്റെ നിയമസഭാ സീറ്റ് തെറിപ്പിക്കാനാണെന്ന സംശയവും ഫിറോസിനുണ്ട്. അതു കൊണ്ടു തന്നെ ചില ലീഗ് നേതാക്കളെ ഫിറോസ് വിഭാഗം സംശയിക്കാതിരിക്കുന്നില്ല. അവര്‍ക്ക് സിപി എമ്മുമായി ബന്ധമുണ്ടോ എന്നാണ് സംശയം. ഏതായാലും നനഞ്ഞിറങ്ങിയ ഫിറോസ് കുളിച്ചു കയറാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ കത്വഉന്നാവോ ഇരകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നിഷേധിച്ചു. യൂസഫ് പടനിലത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ യുഡിഎഫിനെതിരെ മത്സരിച്ച ആളാണ് യൂസഫ് പടനിലം. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.
കത്വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. ഒരു കോടിയോളം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചു. ഇങ്ങിനെ ഒരു ആരോപണം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് മുന്‍പേ ഉന്നയിക്കാതിരുന്നതെന്ന് പികെ ഫിറോസ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഉന്നയിക്കാമായിരുന്നില്ലേ. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് യൂസഫ്. അദ്ദേഹത്തെ നിയമപരമായി തന്നെ നേരിടും. ആര് ആവശ്യപ്പെട്ടാലും കണക്ക് കാണിക്കും.
"
https://www.facebook.com/Malayalivartha
























