നിബന്ധന കര്‍ശനമെങ്കില്‍ അഞ്ച് മന്ത്രിമാരടക്കം 22 പേര്‍ ഇക്കുറി മത്സരത്തിനുണ്ടാവില്ല;തോമസ് ഐസക്കും ,എ കെ ബാലനും അടക്കം ആ അഞ്ചുപേർ

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ് ജനങ്ങൾ .എല്ലാ പാർട്ടികളും മത്സരത്തിന് തയ്യാറായി കഴിഞ്ഞു .ഈ സാഹചര്യത്തിൽ പലരും ഉറ്റുനോക്കുന്ന ഒരു കാര്യം ഉള്ളത് ഇത്തവണ ആരൊക്കെ മത്സര രംഗത്ത് ഉണ്ടാകും എന്നതാണ് .പ്രധാനമായും എല്ലാ പാർട്ടികളും ഇത്തവണ മത്സരരംഗത്ത് യുവകകളെ ഇറക്കാൻ ആണ് ശ്രമിക്കുന്നത് .കഴിഞ്ഞ തദ്ദേശീയ തിരഞ്ഞെടുപ്പിലെ സി പി എമ്മിന്റെ തന്ത്രമാണ് പലരും പയറ്റുന്നത് .സി.പി.എമ്മില്‍ രണ്ട് ടേം നിബന്ധന കര്‍ശനമായി പാലിച്ചാല്‍ അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എം.എല്‍.എമാരും വീണ്ടും മത്സരരംഗത്തുണ്ടാകില്ല. പിണറായി മന്ത്രിസഭയിലെ 11 സി.പി.എം. മന്ത്രിമാരില്‍ അഞ്ച് പേരും രണ്ടോ അതില്‍ കൂടുതലോ മത്സരിച്ചവരാണ്. ഇതില്‍ മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ബാലന്‍ എന്നിവര്‍ നാല് തവണയും ജി. സുധാകരന്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ മൂന്നും ടേമും തുടര്‍ച്ചയായി ജയിച്ചവരാണ്. ഐസക് രണ്ട് തവണ ആലപ്പുഴയിലും അതിന് മുമ്പ് രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചു.
എ.കെ. ബാലന്‍ ആദ്യ രണ്ട് ടേം കുഴല്‍മന്ദത്ത് നിന്നും കഴിഞ്ഞ രണ്ട് തവണയായി തരൂരിലും ജയിച്ചു. ഇ.പി. ജയരാജന്‍ മട്ടന്നൂരില്‍ രണ്ട് ടേമായി. പാര്‍ട്ടി സമ്മേളനത്തിലേക്ക് കടക്കുന്നതിനാല്‍ ഇ.പിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ആലോചിച്ചാല്‍ അദ്ദേഹം ഇത്തവണ മത്സരിക്കില്ല. അങ്ങനെയെങ്കില്‍ മന്ത്രി കെ.കെ. ശൈലജ കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്ക് മാറിയേക്കും. മന്ത്രി സി. രവീന്ദ്രനാഥ് രണ്ട് തവണ പുതുക്കാട് നിന്നും അതിന് മുമ്പത്തെ ടേം കൊടകര നിന്നും ജയിച്ച് തുടര്‍ച്ചയായി മൂന്നു ടേമായി.
എം.എല്‍.എമാരില്‍ രാജു ഏബ്രഹാം തുടര്‍ച്ചയായി നാല് ടേം റാന്നിയില്‍ നിന്ന് വിജയിച്ചു. എ. പ്രദീപ്കുമാര്‍(കോഴിക്കോട് നോര്‍ത്ത്), കെ.വി. അബ്ദുള്‍ഖാദര്‍(ഗുരുവായൂര്‍), ബി.ഡി. ദേവസ്സി(ചാലക്കുടി), അയിഷ പോറ്റി(കൊട്ടാരക്കര), എസ്. രാജേന്ദ്രന്‍(ദേവികുളം), എസ്. ശര്‍മ്മ(വൈപ്പിന്‍) എന്നിവര്‍ മൂന്നു ടേം പൂര്‍ത്തിയാക്കി. ഇതില്‍ മുന്‍മന്ത്രി കൂടിയായ എസ്. ശര്‍മ്മ ഒരു ടേം വടക്കേക്കരയിലും രണ്ട് ടേം വൈപ്പിനിലും പ്രതിനിധീകരിച്ചു. കെ. കുഞ്ഞിരാമന്‍(ഉദുമ), ജയിംസ് മാത്യു(തളിപ്പറമ്പ്), ടി.വി. രാജേഷ്(കല്യാശ്ശേരി), സി. കൃഷ്ണന്‍(പയ്യന്നൂര്‍), പുരുഷന്‍ കടലുണ്ടി(ബാലുശ്ശേരി), കെ. ദാസന്‍(കൊയിലാണ്ടി), പി. ശ്രീരാമകൃഷ്ണന്‍(പൊന്നാനി), സുരേഷ് കുറുപ്പ്(ഏറ്റുമാനൂര്‍), ആര്‍. രാജേഷ്(മാവേലിക്കര), ബി. സത്യന്‍(ആറ്റിങ്ങല്‍) എന്നിവരും രണ്ട് ടേം തുടര്‍ച്ചയായി പൂര്‍ത്തിയാക്കി. മന്ത്രി എ.സി. മൊയ്തീനും രണ്ട് ടേം പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ച്ചയായിട്ടില്ല. 2006-ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് ജയിച്ചു. 2011-ല്‍ മത്സരിച്ചില്ല. 2016-ല്‍ കുന്നംകുളത്ത് നിന്ന് ജയിച്ചു. മൊയ്തീന്‍ വീണ്ടും കുന്നംകുളത്ത് തന്നെ ഒരുതവണ കൂടി മത്സരിക്കാനാണ് സാധ്യത.സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇതില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കാന്‍ പാര്‍ട്ടി സന്നദ്ധമാകും എന്നതിനെ ആശ്രയിച്ചാകും അവര്‍ മത്സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുക.
https://www.facebook.com/Malayalivartha
























