കാപ്പന് ചിന്തിക്കും മുമ്പേ പിസി... മാണി സി കാപ്പന് പാലായില്‍ വേരൊന്നുമില്ലെന്ന് പിസി ജോര്‍ജ്; പാലാ നിയോജക മണ്ഡലത്തില്‍ എത്ര എന്‍.സി.പി.ക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാം; ജയിച്ചതിനു ശേഷം എന്റെ ആളുകളെ ഉള്‍പ്പെടെ അദ്ദേഹം സ്‌നേഹത്തില്‍ പിടിച്ചെടുത്തു

എല്‍ഡിഎഫില്‍ നിന്നും പുറത്ത് കടന്ന മാണി സി കാപ്പന് സ്വന്തം തട്ടകത്തില്‍ തന്നെ കാലിടറുകയാണ്. എല്‍ഡിഎഫിന്റെ തണലില്‍ വളര്‍ന്ന ചെറിയ പാര്‍ട്ടിയാണ് എന്‍സിപി. തന്റെ മഹത്വം കൊണ്ടാണ് വിജയിച്ചതെന്ന അവകാശ വാദമാണ് മാണി സി കാപ്പന്‍ ഉന്നയിക്കുന്നത്.
മാത്രമല്ല പിസി ജോര്‍ജ് തന്നെ സഹായിച്ചെന്നും പിസിയെ സ്വതന്ത്രനായി പിന്തുണയ്ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു വച്ചു. എന്നാല്‍ ആ പിസി ജോര്‍ജ് തന്നെ മാണി സി കാപ്പനെതിരെ രംഗത്ത് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
മാണി സി. കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ് പറയുന്നത്. മാണി ഗ്രൂപ്പ് ഇടതു പക്ഷത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ പാലാ സീറ്റ് തരണമെന്നായിരുന്നു അവരുടെ ഡിമാന്റ്. അല്‍പ്പം കാത്തിരുന്ന ശേഷം കാപ്പന് പാലാ സീറ്റിനെ ചൊല്ലി ബഹളം ഉണ്ടാക്കാമായിരുന്നുവെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
എന്‍.സി.പി.ക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയെന്നു പറഞ്ഞ് കാപ്പന്‍ ബഹളം വെയ്‌ക്കേണ്ട. ജയിച്ചതിനു ശേഷം എന്റെ ആളുകളെ ഉള്‍പ്പെടെ അദ്ദേഹം സ്‌നേഹത്തില്‍ പിടിച്ചെടുത്തു. അങ്ങനെ കുറേ ആളുകളെ മാത്രമാണ് കാപ്പന്‍ ഉണ്ടാക്കിയിരിക്കുന്നത്. അതല്ലാതെ കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്നും പി. സി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
ദേശീയ തലത്തില്‍ ശരദ് പവാറിനെയാണ് കാപ്പന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ശരദ് പവാര്‍ സി.പി.എം. ഉള്‍പ്പെടെയുള്ള കക്ഷികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ശരദ് പവാറിന് കേരളത്തിലെ ഇടതുപക്ഷത്തിനെതിരായി നില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ശരദ് പവാറിന് കാപ്പനെ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ വരുമ്പോള്‍ കാപ്പന് യു.ഡി.എഫില്‍ ചേരാതെ വഴിയില്ലെന്നും ജോര്‍ജ്ജ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
അതേസമയം ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നതിലൂടെ ഇടതുമുന്നണി തന്നോട് കാട്ടിയത് നീതികേടാണെന്നും ,എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്തായാലും താന്‍ ഇടതുമുന്നണി വിടുകയാണെന്നുമാണ് മാണി സി.കാപ്പന്‍ പറഞ്ഞത്.
പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനമേ, സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ക്ക് അനുസരിക്കാനാവൂ. പാലയില്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് യു.ഡി.എഫിന്റെ ഭാഗമാകും. ഇക്കാര്യം ശരത് പവാറിനെയും പ്രഫുല്‍പട്ടേലിനെയും അറിയിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കില്ല. പുതിയ പാര്‍ട്ടിയായി ഘടകകക്ഷിയായാലും പാലാ കൂടാതെ മൂന്ന് സീറ്റുകള്‍ ലഭിക്കും.
യു.ഡി.എഫിലേക്ക് പോകുകയാണെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എം.എല്‍.എയാക്കിയ ജനങ്ങളോടുള്ള അനീതിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എന്‍.സി.പിക്ക് എല്‍.ഡി.എഫ് വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനത്തിലെത്തും മുമ്പ് അദ്ദേഹം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് അനുചിതമാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു കാപ്പന്റെ പ്രഖ്യാപനം.
തനിക്കൊപ്പം ആളുകളുണ്ടെന്ന അവകാശവാദം കാണാന്‍ പോകുന്ന പൂരമാണല്ലോ. ഇക്കാര്യം ജില്ലാ പ്രസിഡന്റുമാരോട് അന്വേഷിച്ചാല്‍ അറിയാം. തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനമെടുക്കില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
മാണി സി. കാപ്പന്‍ വ്യക്തി മാത്രമാണെന്നും ഘടകകക്ഷികളായ പാര്‍ട്ടികള്‍ക്കാണ് മുന്നണിയില്‍ പ്രാധാന്യമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
മാണി സി. കാപ്പന്‍ കാണിച്ചത് രാഷ്ട്രീയ മര്യാദയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണി മാറുമ്പോള്‍ എല്‍.ഡി.എഫില്‍ നിന്ന് ലഭിച്ച സ്ഥാനങ്ങള്‍ കാപ്പന്‍ രാജിവയ്ക്കണമായിരുന്നു. എല്‍.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് പോലുമില്ല. അതിനു മുമ്പ് പാലാ സീറ്റില്ലെന്ന് പറഞ്ഞ് മുന്നണി വിടുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha