വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ശ്രീജിത്ത് ലോക്കപ്പ് മരണം: ആളുമാറി നിരപരാധിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസ്:ആലുവ എസ്.പി. യുടെ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എസ് ഐ സന്തോഷ് കുമാറിനും പറവൂർ സി ഐ ക്രിസ്പിൻ സാമിനും ജില്ലാ കോടതിയുടെ അന്ത്യശാസനം

ആലുവ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ശ്രീജിത് കസ്റ്റഡി കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാത്ത ഒന്നും അഞ്ചും പ്രതികളായ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എസ് ഐ സന്തോഷ് കുമാറിനും വടക്കൻ പറവൂർ സി ഐ ക്രിസ്പിൻ സാമിനും എറണാകുളം ജില്ലാ കോടതിയുടെ രൂക്ഷ വിമർശനവും അന്ത്യശാസനവും.
കോടതിയിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയുള്ള രണ്ടു പ്രതികളുടെയും ആവശ്യം കോടതി തള്ളി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കൗസർ എടപ്പകത്താണ് മാർച്ച് 27 ന് ഹാജരാകാൻ ഇരുവർക്കും അന്ത്യശാസനം നൽകിയത്.
കൂട്ടു പ്രതികളായ മുൻ വരാപ്പുഴ എസ് ഐ ദീപക്കും മറ്റു പോലീസുദ്യോസ്ഥരുമടക്കമുള്ള ഏഴു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം പുതുക്കി. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് എല്ലാ പ്രതികളും മാർച്ച് 27 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
2016 മെയ് മാസം എൽ ഡി എഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന അഞ്ചാമത്തെ കസ്റ്റഡി മരണമാണ് ശ്രീജിത്തിൻ്റേത്. 2016 സെപ്റ്റംബർ 11 ന് മലപ്പുറം വണ്ടൂർ സ്റ്റേഷനിൽ നടന്ന ട്രക്ക് ഡ്രൈവർ അബ്ദുൾ ലത്തീഫ് ലോക്കപ്പ് മരണം , ഒക്ടോബർ 7 ന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന സേലം സ്വദേശി കാളി മുത്തു (48)വിൻ്റെ കസ്റ്റഡിമരണം , ഒക്ടോബർ 23 ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ നടന്ന ദളിത് യുവാവ് കുഞ്ഞുമോൻ (39) കസ്റ്റഡി മരണം , 2017 ജൂലൈയിൽ തൃശൂർ പാവറട്ടി സ്റ്റേഷനിൽ നടന്ന ദളിത് യുവാവ് വിനായകൻ (19) കസ്റ്റഡി മരണം എന്നിവയാണ് ആദ്യ 4 കസ്റ്റഡി മരണങ്ങൾ.
പാറശ്ശാല ശ്രീജിവ് കസ്റ്റഡി മരണം , 2019 ലെ നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണം എന്നിവയും സംസ്ഥാനത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങളാണ്. 2005 ൽ തലസ്ഥാനത്തെ ഫോർട്ട് സ്റ്റേഷനിൽ നടന്ന ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ 2 പോലീസുകാർക്ക് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു.
കൂടാതെ തെളിവു നശിപ്പിച്ചതിനും കൊലപാതകം മറച്ചു വയ്ക്കാനായി വ്യാജ തെളിവുകൾ നിർമ്മിക്കാൻ കൂട്ടു നിന്നതിനും ഫോർട്ട് എസ് ഐ , സി ഐ , അസി. കമ്മീഷണർ എന്നിവരെ 2 വർഷം വീതം തടവനുഭവിക്കാനും പിഴയൊടുക്കാനും സിബിഐ കോടതി 2018 ൽ ശിക്ഷ വിധിച്ചു. ഹൈക്കോടതിയിൽ അപ്പീൽ പരിഗണനയിലിരിക്കെ ഒന്നാം പ്രതിയും ഫോർട്ട് സിഐയുടെ സ്ക്വാഡംഗവുമായ പോലീസുദ്യോഗസ്ഥൻ ശ്രീകുമാർ ക്യാൻസർ രോഗാധിക്യത്താൽ 2020 ൽ മരണപ്പെട്ടു.
2018 ലെ വരാപ്പുഴ ലോക്കപ്പ് കൊലപാതകക്കേസിൽ ഒന്നു മുതൽ ഒമ്പത് വരെ പ്രതികളായ ആലുവ റൂറൽ എസ്. പി: എ.വി. ജോർജ് രൂപീകരിച്ച ആർ.ടി.എഫ് (റൂറൽ ടൈഗർഫോഴ്‌സ്) ലെ അംഗങ്ങളും പോലീസുദ്യോഗസ്ഥരുമായ പി.പി. സന്തോഷ് കുമാർ , ജിതിൻ രാജ് , എം. എസ്. സുമേഷ് , വരാപ്പുഴ സബ് ഇൻസ്പെക്ടർ ജി.എസ്. ദീപക് , വടക്കൻ പറവൂർ സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാം , വരാപ്പുഴ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ സി.എൻ. ജയനന്ദൻ , സന്തോഷ് ബാലി , ശ്രീരാജ് , ഇ.ബി. സുനിൽ കുമാർ എന്നിവരാണ് കുറ്റം ചുമത്തലിന് ഹാജരാകേണ്ടത്.
വരാപ്പുഴ ദേവസ്വം പാടം ശ്രീജിത്തിനെ ആളുമാറി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചവിട്ടിക്കൊന്ന കേസിലാണ് വിചാരണ തുടങ്ങുന്നത്. 2018 ഏപ്രിൽ 6 രാത്രിയിലാണ് സംസ്ഥാനം നടുങ്ങിയ കിരാതമായ ലോക്കപ്പ് മർദ്ദനം നടന്നത്. 6 നു പിടികൂടിയിട്ടും അറസ്റ്റ് മെമ്മോ ,അറസ്റ്റ് കാർഡ് , അറസ്റ്റ് അറിയിപ്പ് തുടങ്ങിയവ തയ്യാറാക്കാതെയും 24 മണിക്കൂറിനകം മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കാതെയും മൂന്നാം മുറ പ്രയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
9 ന് ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. ദേവസ്വം പാടം വാസുദേവൻ എന്നയാളുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് സജിത് എന്നയാളെ തേടിയെത്തിയ ആർ.ടി.എഫുകാർ ആളുമാറി ശ്രീജിത്തിനെ വിട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പിടിച്ചയുടൻ പോലീസുദ്യോഗസ്ഥൻ ഫോണിൽ എസ്പിയെ വിളിച്ച് '' സജിത്തിനെ കിട്ടി '' യെന്ന് അറിയിച്ചു. ആലുവ റൂറൽ എസ് പി ആയിരുന്ന എ. വി. ജോർജ് രൂപീകരിച്ച ടൈഗർ ഫോഴ്സിലെ പോലീസുകാരാണ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തത്. പിന്നീട് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായും മൃഗീയമായും മർദിക്കുകയായിരുന്നു.
ചവിട്ടേറ്റ ശ്രീജിത്തിൻ്റെ ചെറുകുടൽ മുറിഞ്ഞുപോയി. അടിവയറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദേഹത്ത് 18 മുറിവുകളും ചതവുകളുമുണ്ടായിരുന്നു.
അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെ നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയെടുത്ത് കൊലപ്പെടുത്തിയ ശേഷം കള്ളക്കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ അടക്കമുള്ള പോലീസ് സ്റ്റേഷൻ രേഖകൾ കൃത്രിമമായി തയ്യാറാക്കി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. '' വാട്ടിയെടുക്കണം '' എന്ന എസ് പിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ ബൂട്ടിട്ടു ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയത്.
കേസിൽ ആരോപണ വിധേയനായ മുൻ റൂറൽ എസ്പി എ.വി.ജോർജിനെ പ്രതിപ്പട്ടികയിൽ ചേർക്കാതെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് സാക്ഷിയാക്കി. ഇത് ജോർജിന് ആഭ്യന്തര മന്ത്രി പിണറായി വിജയനിലുള്ള സ്വാധീനത്താലാണെന്ന ആരോപണമുണ്ട്. കേസിൽ പ്രതികളായ പോലീസുദ്യോഗസ്ഥരുടെ സസ്പെൻഷനും നേരത്തേ പിൻവലിച്ചിരുന്നു. ഗുഢാലോചനയിൽ പങ്കുള്ളതായി ആരോപണം നേരിട്ട എസ്.പി ജോർജിനെതിരെ വകുപ്പുതല അന്വേഷണത്തിലൊതുക്കി കൊലക്കേസിൽ നിന്നും ക്രൈംബ്രാഞ്ചും സർക്കാരും രക്ഷിച്ചെടുത്തു.
2020 ലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച കോടതി പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 209 ( കോടതിയിൽ വ്യാജമായ അവകാശവാദം നേരുകേടായി ഉന്നയിക്കൽ) , 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ) , 324 ( അപായകരമായ ആയുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ) , 325 ( സ്വേച്ഛയാ കഠിന ദേഹോപദ്രവമേൽപ്പിക്കൽ) , 342 ( അന്യായ തടങ്കലിൽ വയ്ക്കൽ) , 192 ( വ്യാജ തെളിവ് നിർമ്മിക്കൽ) , 166 എ (പബ്ലിക് സെർവൻ്റ്' നിയമപ്രകാരമുള്ള നിർദേശം അനുസരിക്കാതിരിക്കൽ) , 167 (പബ്ലിക് സെർവൻ്റ് ക്ഷതി ഉളവാക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ രേഖ തയ്യാറാക്കൽ) , 211 (കുറ്റം ചെയ്തുവെന്ന് ഉന്നയിക്കുന്ന വ്യാജമായ ചാർജ് ) , 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 220 (പ്രാധികാരമുള്ള ആൾ നിയമവിരുദ്ധമായി തടവിൽ വയ്ക്കുന്നതിന് കമ്മിറ്റ് ചെയ്യൽ) , 218 (ശിക്ഷയിൽ നിന്ന് രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പബ്ലിക് സെർവൻ്റ് തെറ്റായ റെക്കോർഡും ലിഖിതവും രൂപപ്പെടുത്തൽ) , 302 (കൊലപാതകം) , 34 (പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായി പരസ്പരം ഉൽസാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) , കേരള പോലീസ് നിയമത്തിലെ വകുപ്പ് 116 ( നിരപരാധിയെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തി വ്യാജ പ്രസ്താവനയും വ്യാജ രേഖകളും തയ്യാറാക്കൽ) എന്നീ കുറ്റകൃത്യങ്ങൾക്ക് സെഷൻസ് കേസെടുത്ത് പ്രതികളായ 9 പോലീസുദ്യോഗസ്ഥരെയും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha