തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം 13 സീറ്റ് ചോദിക്കാനൊരുങ്ങുന്നു... കോട്ടയത്ത് ആറ് സീറ്റെങ്കിലും കിട്ടിയേ മതിയാവൂ...

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് 13 സീറ്റിന്റെ ആവശ്യം ഉന്നയിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് വിഭാഗം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റിലാണ് പാർട്ടി മത്സരിച്ചിരുന്നത് അതിൽ 9 ഇടങ്ങളിൽ ജയിക്കുകയും ചെയ്തു. പാർട്ടിയുടെ കോട്ടയായ കോട്ടയം ജില്ലയിൽ ആറു സീറ്റാണ് ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. ജോസ് കെ. മാണി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്ന പാലായ്ക്കു പുറമേ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവ. ഇവയിൽ നമുക്ക് അങ്കത്തട്ടിൽ ആരെയൊക്കെ പ്രതീക്ഷിക്കാം എന്നൊന്ന് പരിശോധിക്കാം.
കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എം.എൽ.എ. എൻ. ജയരാജ് തന്നെ മത്സരിക്കും. പൂഞ്ഞാറിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിനാണ് സാധ്യത ഏറെയുള്ളത്. ചങ്ങനാശ്ശേരി കിട്ടിയാൽ ജോബ് മൈക്കിളിനാണ് പ്രഥമ പരിഗണന. കുടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലിയോ നിലവിലെ അംഗമായ പി.എം. മാത്യുവോ മത്സരിക്കും. ഏറ്റുമാനൂർ ആണെങ്കിൽ സ്റ്റീഫൻ ജോർജിനാണ് സാധ്യത ഏറെ.
എറണാകുളത്ത് അങ്കമാലിയോ പെരുമ്പാവൂരോ കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ജില്ലാ പ്രസിഡന്റ് ബാബു ജോസഫിനെയാകും പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പാർട്ടി മത്സരിക്കുന്ന പേരാമ്പ്രയ്ക്കു പുറമേ തിരുവമ്പാടി ആവശ്യപ്പെടാൻ ആണ് സാധ്യത. പേരാമ്പ്രയിൽ കഴിഞ്ഞതവണ മത്സരിച്ച മുഹമ്മദ് ഇക്‌ബാൽ തന്നെയാകും സ്ഥാനാർഥി. തിരുവമ്പാടി കിട്ടിയാൽ ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിനാണ് മുൻഗണന.
ആലപ്പുഴയിൽ കുട്ടനാട് സീറ്റു ലഭിച്ചാൽ നിലവിലെ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജുവിനാകും ടിക്കറ്റ് ലഭിക്കുക. റോഷി അഗസ്റ്റിൻ മത്സരിക്കുന്ന ഇടുക്കി കൂടാതെ തൊടുപുഴ സീറ്റിൽ പ്രൊഫ. ആന്റണി, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് എന്നിവരാണ് പട്ടികയിലുള്ളത്. കണ്ണൂരിൽ ഇരിക്കൂറാണ് പാർട്ടി ആഗ്രഹിക്കുന്ന സീറ്റ്. ഇവിടെ ജില്ലാ പഞ്ചായത്തംഗമായിരുന്ന ജോസ് കുറ്റ്യാനിമറ്റത്തിനെ പരിഗണിക്കും. പത്തനംതിട്ട ജില്ലയിൽ റാന്നിയും തൃശ്ശൂരിൽ ഇരിങ്ങാലക്കുടയുമാണ് ആവശ്യപ്പെടാനൊരുങ്ങുന്നത്. രണ്ടിടത്തും പുതുമുഖങ്ങളെ ഇറക്കാൻ ആണ് സാധ്യത.
അതേസമയം, പാലാ സീറ്റ് നഷ്ടപ്പെട്ടതിന്റെ ദുഃഖവും പ്രതിഷേധവും ഉണ്ടെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫിന്റെ തെക്കൻ മേഖല ജാഥയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിലാണ് പീതാംബരൻ മാസ്റ്റർ പ്രതിഷേധം തുറന്ന് പറഞ്ഞത്. എൻ.സി.പിക്ക് പാലാ സീറ്റ് നഷ്ടപ്പെടുകയും മാണി സി. കാപ്പൻ പാർട്ടി വിടുകയും ചെയ്തതിലുള്ള വിഷമം തുറന്ന് പറയുകയാണ് ടി.പി പീതാംബരൻ ചെയ്തത്. ജോസ് കെ. മാണിയും ഉൾപ്പെടുന്ന വേദിയിൽ വച്ചാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന ഇടതുപക്ഷത്തെ ദുർബലമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha