ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയത് അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി; എങ്കിലും ജനങ്ങള്‍ നല്‍കിയ വിധിയോട് യോജിക്കാനാകില്ല, എംഎം മണി

ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാന്‍ സാധിക്കില്ലെന്നുതന്നെയാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതികരണത്തെ പാര്‍ട്ടിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് നൂറുശതമാനവും താന്‍ അംഗീകരിക്കുന്നുവെന്നും എം.എം മണി പറഞ്ഞു. വിഷയത്തില്‍ സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സിപിഐ എന്തുപറഞ്ഞു എന്നത് തനിക്ക് വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു.
ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചിരുന്നു. നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ചശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























