ജീവനും മരണത്തിനുമിടയില്‍ നിന്ന് മടങ്ങിയെത്തി സന്തോഷ് ജോര്‍ജ് കുളങ്ങര...... ഗുരുതരാവസ്ഥയില്‍ ആഴ്ചകളോളം ആശുപത്രിയില്‍ കിടന്ന മലയാളിയുടെ പ്രിയ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ആരോഗ്യം വീണ്ടെടുത്ത് സ്‌ക്രീനിലേക്ക് മടങ്ങിയെത്തി

അക്ഷരാര്‍ഥത്തില്‍ ഈ സഞ്ചാരക്കഥ കേട്ട് മലയാളികള്‍ ഞെട്ടി വിശ്വസിക്കാനാകാതെ കേരളം ഒന്ന് വിഷമിച്ചു. ഇപ്പോള്‍ ആശ്വാസത്തിലാണ് എല്ലാവരും. ഒടുവില്‍ മടങ്ങിയെത്തി സന്തോഷ് ജോര്‍ജ് കുളങ്ങര.
ഗുരുതരാവസ്ഥയില്‍ ആഴ്ചകളോളം ആശുപത്രിയില്‍ കിടന്ന മലയാളിയുടെ പ്രിയ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ആരോഗ്യം വീണ്ടെടുത്ത് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ജനുവരി 11ന് പതിവ് വൈദ്യപരിശോധനയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചെന്ന അദ്ദേഹം തുടര്‍ന്നുള്ള 20 ദിവസം ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള യാത്രയിലായിരുന്നു.
പിത്തസഞ്ചിയില്‍ കല്ലുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തതാണ് തുടക്കം. ഗുരുതര പ്രശ്‌നമല്ലെങ്കിലും അടിക്കടി വിദേശയാത്ര ചെയ്യുന്നതിനാല്‍ പിത്തസഞ്ചി മാറ്റാനായി കീ ഹോള്‍ ലാപ്രോസ്‌കോപി ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. പിറ്റേന്ന് ആശുപത്രി വിടാനിറങ്ങുമ്പോള്‍ ശ്വാസംമുട്ടലുണ്ടാകുകയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് ബാധയാണെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ന്യൂമോണിയ ബാധിക്കുകയും പള്‍സ് റേറ്റ് കുറയുകയും ശ്വാസകോശത്തില്‍ രക്തം കെട്ടുകയുമെല്ലാമായി പിന്നീടുള്ള ദിവസങ്ങളില്‍ രോഗം ഗുരുതരമായി തുടര്‍ന്നു. രണ്ടു ദിവസത്തേക്കെന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ നിന്ന് പോയതാണ്, ആശുപത്രിയിലാണെന്ന കാര്യം അധികമാര്‍ക്കും അറിയുകയുമില്ല. 'കഥ, തിരക്കഥ, സംഭാഷണം, സംവിധാന'മെല്ലാം താന്‍ തന്നെയായതിനാല്‍ ചാനലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നായിരുന്നു സന്തോഷിന്റെ ചിന്ത.
ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും കൊടുത്തുവിടാന്‍ പറഞ്ഞു. വെന്റിലേറ്റര്‍ ഘടിപ്പിച്ച്, ഇടയ്ക്കിടെ മയക്കത്തിലേക്ക് പോകുന്ന അവസ്ഥയിലിരുന്ന്, അദ്ദേഹം അടുത്തയാഴ്ചത്തേക്കുള്ള എല്ലാ പരിപാടികളും തീര്‍ത്തുകൊടുത്തു. ഡ്യൂട്ടി ഡോക്ടര്‍മാരുടെ എതിര്‍പ്പ് സന്തോഷിന്റെ വാശിക്കുമുന്നില്‍ തോറ്റു!
പോളണ്ടിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ ഗ്യാസ് ചേമ്പറില്‍ വിഷവാതകം ശ്വസിച്ച്, മരണത്തെ കാത്തിരിക്കുന്നതായുള്ള തോന്നലുകളിലേക്കാണ് ആ നിത്യസഞ്ചാരിയുടെ ഉപബോധമനസ് പിന്നീട് സഞ്ചരിച്ചത്. യാത്രകളെ നിരന്തരമായി ആവാഹിക്കുന്ന ആ മനസ് അങ്ങനെ സഞ്ചരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ജീവിതത്തിലെ ദൗത്യം കഴിഞ്ഞാല്‍ മരിക്കണം. ദീര്‍ഘായുസ് എന്നെല്ലാം കേട്ടാല്‍ തമാശയാണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചുകഴിഞ്ഞു, അതുകൊണ്ടുതന്നെ അവസാന ആഗ്രഹമൊന്നും ഇല്ല സന്തോഷ് പറയുന്നു.
https://www.facebook.com/Malayalivartha