ആ ദുരൂഹ മരണം ചര്‍ച്ചയില്‍... വിജയ യാത്രയിലെ അമിത്ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പിണറായി വിജയന്‍; നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയത്; മുസ്ലിം എന്ന വാക്കുച്ചരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്; വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ

കേരളത്തില്‍ ബിജെപി ദേശീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പയറ്റ് തുടരുകയാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ മുഖ്യമന്ത്രിക്കെത്തിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ അതിന് കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കണ്ണൂര്‍ പിണറായിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെയും വര്‍ഗീയത വളര്‍ത്താമെന്നു ചിന്തിക്കുകയും അതിനുവേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്നും മുസ്ലിം എന്ന വാക്കുച്ചരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്.
മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വര്‍ഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആര്‍.എസ്.എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്. അങ്ങനെയുള്ള പാര്‍ട്ടിയുടെ വലിയ നേതാവാണ് ഇവിടെ വന്ന് ഉറഞ്ഞുതുള്ളിയത്.
എന്നോട് ചില ചോദ്യവും ചോദിച്ചു. ഞാനേതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല എന്നാണ് ഇതിന് മറുപടി പറയാനുള്ളത്.
ഏതോ ഒരു സംശയാസ്പദമായ മരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. ഏതാണെന്ന് പറയട്ടെ, എന്താണെന്ന് അന്വേഷിക്കാന്‍ തയ്യാറാകും. പുകമറ സൃഷ്ടിക്കരുത്. എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഷാ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുജറാത്ത് വംശഹത്യ നടന്നപ്പോള്‍ പത്രപ്രവര്‍ത്തകനായ രാജീവ് ഷാ, അമിത് ഷായില്‍ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് എഴുതിയിരുന്നു. കലാപത്തെക്കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറയുന്നു.
ഹിന്ദു മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലിമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്നും പറഞ്ഞു.
ഇതോടൊപ്പം മുഖ്യമന്ത്രി അമിത്ഷായോടായി ചോദ്യങ്ങളും ചോദിച്ചു. ദുരൂഹമരണത്തെക്കുറിച്ച് പറഞ്ഞല്ലോ, അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ അന്വേഷിക്കാം.
വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് ആരായിരുന്നു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് സംഘപരിവാര്‍ നേതാക്കളായിരുന്നില്ലേ. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളം എങ്ങനെയാണ് സ്വര്‍ണക്കടത്തിന്റെ ഹബ്ബായി മാറിയത്. തുടങ്ങിയവയാണ് അമിത്ഷായോടായി ചോദിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണങ്ങള്‍ക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേതാക്കളും പ്രവര്‍ത്തകരും ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ബാന്‍ഡ് വാദ്യത്തിന്റെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ജന്മനാടായ പിണറായിയിലേക്ക് ആനയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്‍.ഡി.എഫിന്റെ പ്രചാരണ തുടക്കം കൂടിയായി മുഖ്യമന്ത്രിയുടെ സ്വീകരണപരിപാടി.
"
https://www.facebook.com/Malayalivartha
























