തലതല്ലി ചെന്നിത്തല... എല്ലാ സര്‍വേകളും പറയുന്നത് കേരളത്തില്‍ തുടര്‍ഭരണമെന്ന്; ശബരിമലയും മത്സ്യതൊഴിലാളികളും സ്വര്‍ണവും ഡോളറും സ്വപ്നയുമൊന്നും ജനങ്ങളെ ഏശുന്നില്ലെന്ന് സൂചന; എല്ലാവര്‍ക്കുമുള്ള ഭക്ഷ്യ കിറ്റും ക്ഷേമ പെന്‍ഷനും ചെന്നിത്തലയുടെ മോഹം കെടുത്തുമോ

തുടര്‍ച്ചയായ നാലാമത്തെ സര്‍വേയിലും കേരളത്തില്‍ ഭരണ തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി പിന്നെ പൊങ്ങിയത് തമിഴ്‌നാട്ടിലാണ്. അവിടെ കടലില്‍ ചാടാതിരിക്കാന്‍ ജില്ലാഭരണകൂടം വിലക്കുമേര്‍പ്പെടുത്തി.
സമരങ്ങളില്‍ പ്രതിപക്ഷം മേല്‍കൈ നേടിയ ശബരിമലയും മത്സ്യതൊഴിലാളികളും സ്വര്‍ണവും ഡോളറും സ്വപ്നയുമൊന്നും ജനങ്ങളെ ഏശുന്നില്ലെന്നാണ് സൂചന. എല്ലാവര്‍ക്കുമുള്ള ഭക്ഷ്യ കിറ്റും ക്ഷേമ പെന്‍ഷനും ചെന്നിത്തലയുടെ മോഹം കെടുത്തുമോ എന്ന ആശങ്കയാണ് യുഡിഎഫ് ക്യാമ്പില്‍ ഉയരുന്നത്.
കേരളത്തില നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് ഭരണത്തുടര്‍ച്ച പ്രവചിച്ചിരിക്കുകയാണ് ടൈംസ് നൗ സി വോട്ടര്‍ സര്‍വേ. 140 അംഗ നിയമസഭയില്‍ എല്‍.ഡി.എഫ് 78 86 സീറ്റ് നേടുമെന്നാണ് പ്രവചനം.
യു.ഡി.എഫ് 52-60 സീറ്റ് വരെയും ബി.ജെ.പി 0 -2 മുതല്‍ സീറ്റ് വരെയും നേടുമെന്നും സര്‍വേ പറയുന്നു. 2016 നെ അപേക്ഷിച്ച് എല്‍.ഡി.എഫിന്റെ വോട്ടുവിഹിതത്തില്‍ 0.6 ശതമാനത്തിന്റെ കുറവുണ്ടാകും. 2016 ല്‍ 43.5 ശതമാനമുണ്ടായിരുന്നത് 42.9 ആകും. യു.ഡി.എഫിന്റേത് 38.8 ശതമാനത്തില്‍ നിന്ന് 37.6 ആയി കുറയും. സര്‍വേയില്‍ പങ്കെടുത്തവരില്‍ 42.34 ശതമാനം പേരും ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നാണ്. കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 55.84 പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നു. 31.95 % പേര്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കാനാണ് താത്പര്യപ്പെടുന്നത്.
കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയുടെ ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റും ട്വന്റി ഫോര്‍ ന്യൂസും എബിപി ന്യൂസും നേരത്തെ എത്തിയിരുന്നു. മൂന്നിലും ഭരണ തുടര്‍ച്ച പ്രവചിച്ചിരുന്നു.
കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്നാണ് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പറയുന്നു.
ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സര്‍വേ, എന്‍ഡിഎ രണ്ട് സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ പ്രവചനങ്ങളാണ് പുറത്തുവന്നത്.
ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലത്തില്‍ 72 മുതല്‍ 78 സീറ്റുവരെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണം എന്നാണ് കൂടുതല്‍ പേരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത്.
നിയമസഭയില്‍ യുഡിഎഫിന് 59 മുതല്‍ 65 സീറ്റ് വരെ മാത്രമേ സര്‍വ്വേ പ്രവചിക്കുന്നുള്ളു. വലിയ തിരിച്ചടിയാണ് യുഡിഎഫിനെ കാത്തിരിക്കുന്നത് എന്നാണ പ്രവചനം. കേവല ഭൂരിപക്ഷത്തിലേക്ക് പ്രതിപക്ഷത്തിന് ആറ് സീറ്റ് കൂടിവേണം എന്നത് യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവചനമാണ്.
വലിയ നേട്ടമാണ് എന്‍ഡിഎയ്ക്ക് ഈ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. 3 മുതല്‍ 7 സീറ്റുകള്‍ വരെ എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് ഫലം പറയുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വപ്നം കാണാനാകുന്നതിന്റെ പരമാവധിയാണ് പ്രവചനമായി വന്നിരിക്കുന്നത്.
എന്തായാലും ഇത്രയേറെ വിവാദം നില്‍ക്കുന്ന സാഹചര്യത്തിലും ഭരണ തുടര്‍ച്ച എല്ലാ സര്‍വേകളും പറയുന്നതിനാല്‍ അങ്കലാപ്പിലാണ് യുഡിഎഫ്.
https://www.facebook.com/Malayalivartha
























