അടി തുടങ്ങികഴിഞ്ഞു... സ്വപ്‌നയുടെ വിവാദ ശബ്ദരേഖയും പോലീസുകാരിയുടെ മൊഴിയും ആയുധമാക്കി സംസ്ഥാന സര്‍ക്കാര്‍; സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ സ്വപ്‌ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന മൊഴി വലിയ തെളിവ്; ഇ.ഡിക്കും കസ്റ്റംസിനും എതിരേ കേസെടുക്കാന്‍ നിയമോപദേശം തേടുന്നു

ഒരാള്‍ക്ക് രണ്ട് തരത്തിലുള്ള മൊഴി നല്‍കാന്‍ പറ്റുമോ. സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നത് മുഖ്യമന്ത്രിക്കെതിരെ പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്നാണ്. അതേസമയം കസ്റ്റംസിന് കൊടുത്ത രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെ പേരും പറയുന്നു. അതിന് പിന്നാലെയാണ് പോലീസുകാരിയുടെ മൊഴി പുറത്തായത്.
ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനു നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണ്. അഡ്വക്കേറ്റ് ജനറല്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരില്‍നിന്നാണ് ഒരേ സമയം ഉപദേശം തേടുക.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നുള്ള മൊഴിയാണ് ഇന്നലെ പുറത്തായത്. സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ സിജി വിജയന്റേതാണ് ഈ മൊഴി.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്‌നയുടെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘത്തിനാണു സിജി മൊഴി നല്‍കിയത്. സിജിയുടെ ഫോണ്‍ ഉപയോഗിച്ചാണു സ്വപ്‌ന സംസാരിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
സ്വപ്‌നയോടു ചോദിച്ച ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നു സിജിയുടെ മൊഴിയില്‍ പറയുന്നു.
ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തുമെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കും. താനുള്ള സന്ദര്‍ഭങ്ങളില്‍ സ്വപ്‌നയെക്കൊണ്ട് മൊഴി എഴുതിവാങ്ങിയിരുന്നത് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനായിരുന്നെന്നും സിജി പറയുന്നു.
മുഖ്യമന്ത്രിയുടെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്‍ന്നാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കസ്റ്റംസ് വാദം പൊളിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം, ശബ്ദരേഖയുടെ ഉള്ളടക്കം ശരിയാണെന്ന നിഗമനത്തിലാണ്. സൈബര്‍ വിഭാഗം അഡീഷണല്‍ എസ്.പി. ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സ്വപ്‌നയുടെ വിവാദ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തിയത്.
നിയമോപദേശത്തിനുള്ള സാധ്യത തേടണമെന്ന ശിപാര്‍ശ സഹിതമാണ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം സര്‍ക്കാരിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ സ്വപ്‌നയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി കൃത്യമായ തെളിവുണ്ടെന്നു റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് നിയമയുദ്ധത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ചു തുറന്നടിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണെന്നു പറഞ്ഞ പ്രതി അത് ഉറപ്പിച്ചു പറയുമ്പോള്‍ കേള്‍ക്കുന്ന ജനത്തിനു കാര്യം മനസിലാകുമെന്നായിരുന്നു പിണറായി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം കേന്ദ്ര ഏജന്‍സികളുടെ ആക്രമണോത്സുകതയ്ക്ക് ആക്കംകൂടിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























