സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി....

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്നാഴ്ചയ്ക്കകം നിര്‍ദ്ദേശം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. ഐഎച്ച്ആര്‍ഡി വകുപ്പില്‍ സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. നേരത്തെ ഇതേയാവശ്യം ഉന്നയിച്ചു ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.
ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഇതിന് വിരുദ്ധമായ നടപടി കോടതി ഉത്തരവിനെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ വിലക്കിക്കൊണ്ട് ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ചില ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ പരിഗണനയില്‍ ഇപ്പോഴുമുണ്ട്.
മാര്‍ച്ച് 18 ന് ഈ ഹര്‍ജികള്‍ പരിഗണനയ്ക്കു വരും. ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതോടെ ആ ഹര്‍ജികള്‍ക്കും ഇതു ബാധകമാവും. അതേസമയം ഇതുവരെ നടപ്പാക്കിയ സ്ഥിരപ്പെടുത്തല്‍ നടപടികളില്‍ ഈ ഉത്തരവ് ബാധകമാണോ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha

























