പറന്നിറങ്ങും ഒന്നൊന്നര വരവുമായി... സംസ്ഥാന ബിജെപി നേതൃത്വത്തിന് കരുത്ത് പകര്‍ന്ന് മഞ്ചേശ്വരത്ത് ബിജെപിയെന്ന് മനോരമയുടെ സര്‍വേ; കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുമ്പോള്‍ സര്‍വേക്ക് വലിയ പ്രാധാന്യം; സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ വോട്ട് മറിക്കാതിരുന്നാല്‍ ഇക്കുറി നിയമസഭയിലെത്തും; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സര്‍വേ വലിയ ഇംപാക്ട്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നിയമസഭയിലെത്തിക്കാന്‍ ബിജെപി സകല സന്നാഹങ്ങളും നല്‍കിയിട്ടുണ്ട്. രണ്ട് സ്ഥലത്ത് മത്സരിക്കാനുള്ള അവസരവും പറന്ന് നടന്ന് വോട്ട് പിടിക്കാന്‍ ഹെലികോപ്ടറും നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റുകളില്‍ യുഡിഎഫിനും രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും സാധ്യത പ്രവചിച്ച് മനോരമ ന്യൂസ്-വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം വന്നിരിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സര്‍വേ പറയുന്നു. തൃക്കരിപ്പൂരില്‍ കനത്ത പോരാട്ടം നടക്കുമെന്ന് പറയുന്ന സര്‍വേ യുഡിഎഫിന് നേരിയ മേല്‍ക്കൈയും പ്രവചിക്കുന്നു. ഉദുമയിലും കാഞ്ഞങ്ങാട്ടും സര്‍വേ എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നു.
കാസര്‍കോട് ജില്ലയില്‍ സാധ്യത ഇങ്ങനെ: കാസര്‍കോട് സര്‍വേ : എല്‍ഡിഎഫ് 2, യുഡിഎഫ് 2, എന്‍ഡിഎ 1. സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ മറികടക്കും. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരില്‍ ആണെന്ന് സര്‍വേ പറയുന്നു. ഇവിടെ യുഡിഎഫ്, എല്‍ഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രം.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് നേരിയ മുന്നേറ്റമെന്ന് പ്രവചിക്കുമ്പോള്‍ അഴീക്കോട് യുഡിഎഫ് നിലനിര്‍ത്തുമെന്നും പറയുന്നു. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം മികച്ചതെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. വളരെ നല്ലതെന്ന് 25 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 39 ശതമാനം പേര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 27,000 വോട്ടര്‍മാര്‍ പങ്കെടുത്തതാണ് സര്‍വേ.
തിരഞ്ഞെടുപ്പ് ഗവേഷണ രംഗത്ത് പ്രശസ്തരായ വിഎംആര്‍ ആണ് മനോരമ ന്യൂസിനായി സര്‍വേ സംഘടിപ്പിച്ചത്. കേരളം ആരു ഭരിക്കും, മുഖ്യമന്ത്രിയാകാന്‍ യോഗ്യത ആര്‍ക്ക്, പ്രതിപക്ഷ പ്രവര്‍ത്തനം എങ്ങനെ, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍വേ നല്‍കും. ഓരോ ജില്ലയിലെയും വോട്ടു വിഹിതം, മുന്നണികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍, നിലവിലെ എംഎല്‍എമാരുടെ ജനപ്രീതി തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ അറിയാം. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളോട് വോട്ടര്‍മാരുടെ പ്രതികരണം എത്തരത്തിലാണെന്നും സര്‍വേ വെളിപ്പെടുത്തും.
എന്തായാലും മനോരമയുടെ പ്രവചനത്തില്‍ ആവേശത്തിലാണ് ബിജെപി. അതേസമയം ചെറിയ പേടിയുമുണ്ട്. സുരേന്ദ്രന്റെ വിജയം എപ്പോഴത്തേയും പോലെ ഉറപ്പിച്ചാല്‍ വോട്ട് മറിക്കുമോ എന്ന പേടിയാണ് ഉള്ളത്.
അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപരനായി മത്സരിച്ചു മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര ഇനി താമര വിരിയിക്കാന്‍ വോട്ടു തേടും. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ.സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്‌സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. ഇന്നു 11 മുതല്‍ 3 വരെയാണു പത്രിക പിന്‍വലിക്കാനുള്ള സമയം.
2016 തിരഞ്ഞെടുപ്പില്‍ കെ.സുന്ദര നേടിയ 467 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 89 വോട്ടിനു പരാജയപ്പെടാന്‍ കാരണമായിരുന്നു.
ഇതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്നു ബിഎസ്പി നേതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച വൈകിട്ടു 4നു ശേഷം കെ. സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സുന്ദരയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രാത്രിയോടെ പിന്‍വലിച്ചു.
എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കെ. സുന്ദര പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കള്‍ കണ്ടെന്നും അവര്‍ പറഞ്ഞതിനാല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു എന്നും സുന്ദര പറഞ്ഞു.
https://www.facebook.com/Malayalivartha

























