100 ഹമാസുകൾക്ക് വധശിക്ഷ!! ഹിസ്ബുല്ല താവളങ്ങളിൽ ബോംബിട്ടു 450 അൽ-ഖസ്സാം ബ്രിഗേഡുകളെ പരസ്യ വിചാരണ ചെയ്യും

2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ പങ്കെടുത്ത 100 ഹമാസ് പോരാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമപരമായ നീക്കങ്ങൾ ഇസ്രായേൽ മന്ത്രിമാർ ആരംഭിച്ചു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും നീതിന്യായ മന്ത്രി യാരിവ് ലെവിനും ഇത് സംബന്ധിച്ച പ്രത്യേക സൈനിക കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. അറസ്റ്റ് ചെയ്ത 450 അൽ-ഖസ്സാം ബ്രിഗേഡ് അംഗങ്ങളെ വിചാരണ ചെയ്യാനാണ് നീക്കം. ഇവർക്കായി വധശിക്ഷ നടപ്പിലാക്കാൻ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചേക്കും.
മുമ്പ് നാസി ഉദ്യോഗസ്ഥൻ അഡോൾഫ് ഐച്ച്മാനെ വിചാരണ ചെയ്തതിന് സമാനമായ രീതിയിൽ പ്രത്യേക ട്രൈബ്യൂണൽ വഴി വിചാരണ നടത്താനാണ് ആലോചന. എന്നാൽ, ഇത്തരം പരസ്യ വിചാരണകൾ ഇസ്രായേലിന്റെ ഗാസയിലെ സൈനിക നടപടികൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് വേദിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇറ്റാമർ ബെൻ-ഗ്വിറിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയാണ് വധശിക്ഷയ്ക്കായുള്ള നിയമനിർമ്മാണത്തിന് സമ്മർദ്ദം ചെലുത്തുന്നത്. നിലവിൽ 9,500-ലധികം ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിലുണ്ട്, ഇവരുടെ തടങ്കൽ സാഹചര്യങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, ജയിലുകളിൽ തടവുകാർ കലാപത്തിന് മുതിർന്നേക്കുമെന്ന് ജയിൽ സർവീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
ഗാസയിൽ യുദ്ധത്തിനിടെ അവശേഷിച്ച പൊട്ടാത്ത വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ച് ഒരു ബാലൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇതിനുപുറമെ, ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സലിം കുടുംബത്തിലെ 60 പേരുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിൽ സിവിൽ ഡിഫൻസ് ടീം കണ്ടെടുത്തു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു.
ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം നടക്കുകയാണ് . ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ശക്തമാർന്ന ബോംബാക്രമണം നടക്കുന്നത്. ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ് ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്ക് റിഹാൻ പർവത മേഖലയിൽ നിന്ന് തുടങ്ങി സിറിയയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഹെർമൽ മേഖല വരെയാണ് വ്യോമാക്രമണങ്ങൾ നടന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഈ മാസാവസാനമാണ് അതിർത്തിയിൽനിന്നു ഹിസ്ബുല്ല പിന്മാറേണ്ടത്. വെടിനിർത്തൽ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. അതിനിടെ, വെടിനിർത്തലിൽ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ലബനൻ സേനാ മേധാവിയുമായി പാരിസിൽ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.
വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ വ്യാഴാഴ്ച ഒരു ഇസ്രായേലി അധിനിവേശ സൈനികന്‍ കൊല്ലപ്പെട്ടതായി അല്‍-അറബി ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണസാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ല. ഫലസ്തീന്‍ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് അല്‍-അറബി ഈ വാര്‍ത്ത നല്‍കിയത്. ഇസ്രായേല്‍ സൈന്യമോ ഇസ്രായേല്‍ മാധ്യമങ്ങളോ ഈ റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനസംഖ്യയുടെ കാര്യത്തില്‍ ഗസയിലെ ഏറ്റവും വലിയ ക്യാമ്പാണ് ജബലിയ. എന്നാല്‍, വംശഹത്യയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളെയും നിര്‍ബന്ധിതമായി കുടിയിറക്കിയിരുന്നു. നിലവില്‍ ജബലിയ കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ പടിഞ്ഞാറന്‍ ഭാഗം ‘യെല്ലോ ലൈന്‍’ (Yellow Line) എന്ന് വിളിക്കപ്പെടുന്ന പരിധിക്കുള്ളിലെ ഫലസ്തീന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ഒക്ടോബര്‍ 10-ലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം യെല്ലോ ലൈനിന് അപ്പുറത്തുള്ള ഫലസ്തീനികളെ ആക്രമിക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ അവിടെ നാനൂറിലധികം ഫലസ്തീനികളെ കൊലപ്പെടുത്തി. ഇതില്‍ കുറഞ്ഞത് 200 പേരെങ്കിലും ഫലസ്തീന്‍ പക്ഷത്തുനിന്നുള്ള ആക്രമണങ്ങള്‍ക്കുള്ള ‘തിരിച്ചടി’ എന്ന പേരിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. അതേസമയം, ഇസ്രായേല്‍ നൂറുകണക്കിന് തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഫലസ്തീനികള്‍ ആരോപിക്കുന്നു. എന്നാല്‍ ഫലസ്തീന്‍ പക്ഷം കരാര്‍ ലംഘിച്ചതിന് തെളിവുകള്‍ നല്‍കാന്‍ ഇസ്രായേലിനായിട്ടില്ല.
യെല്ലോ ലൈനിന് പടിഞ്ഞാറ് ഭാഗത്തുള്ള ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഫലസ്തീന്‍ പ്രതിരോധ വിഭാഗങ്ങളെ പ്രകോപിപ്പിക്കുകയും അതുവഴി വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തുകയുമാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ കരുതുന്നു.
2023 ഒക്ടോബര്‍ 7 മുതല്‍ ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിവരുന്ന വ്യവസ്ഥാപിതമായ വംശഹത്യയില്‍ ഇതുവരെ 70,600-ലധികം ആളുകള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 1,10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 9,500 ഫലസ്തീനികളെ കാണാതായിട്ടുണ്ട്. യുദ്ധത്തിനിടയില്‍ ആയിരക്കണക്കിന് പേരെ തട്ടിക്കൊണ്ടുപോവുകയും ഇസ്രായേല്‍ ജയിലുകളില്‍ അതിക്രൂരമായ സാഹചര്യങ്ങളില്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഗസ്സ വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുന്ന ഇസ്രായേൽ നടപടി സമാധാന പദ്ധതിക്ക് വൻ തിരിച്ചടിയെന്ന് മധ്യസ്ഥ രാജ്യമായ ഖത്തർ. കരാറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പുകൾ വേഗത്തിലാക്കണമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
വാഷിങ്ടണിൽ കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഖത്തർ പ്രധാനന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന തങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും മാനുഷിക സഹായം ഗസ്സയിലേക്ക് എത്താൻ ഇനിയും വൈകരുതെന്നും ഖത്തർ പ്രധാനന്ത്രി വ്യക്തമാക്കി
രണ്ടു മാസത്തിലേറെ നീണ്ട വെടിനിർത്തൽ കരാർ എണ്ണൂറോളം തവണയാണ് ഇസ്രായേൽ ലംഘിച്ചത്. ഇതുവഴി 394 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1075 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുംശൈത്യത്തിന്റെ പിടിയിലായ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാണെന്ന് വിവിധ യുഎൻ ഏജൻസികൾ അറിയിച്ചു. താത്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന യുഎൻ അഭ്യർഥനയും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല.
അതേസമയം, ഗസ്സയിൽ സമാധാനം കൊണ്ടുവന്നത് തന്റെ നേട്ടമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. 29ന് വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ട്രംപിന്‍റ നിർണായക കൂടിക്കാഴ്ച നടക്കും. ഗസ്സയിലെ വംശഹത്യാ നടപടികളുടെ പേരിൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജിമാർക്കും ജീവനക്കാർക്കുമെതിരെ അമേരിക്ക കൂടുതൽ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു.
ഇതിനിടെ, ദക്ഷിണ ലബനാനിൽ ഇന്നലെയും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെ ആയുധ ശേഖരങ്ങളും പരിശീലന കേന്ദ്രങ്ങളുമടക്കമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
അതേസമയം, കനത്ത അതിശൈത്യവും കൊടുങ്കാറ്റും ഗാസയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. ഒരു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 13 പേർ തണുപ്പ് മൂലം മരണപ്പെട്ടു. പേമാരിയിൽ ഗാസയിലെ 90 ശതമാനം അഭയകേന്ദ്രങ്ങളും വെള്ളത്തിനടിയിലാവുകയും ആയിരക്കണക്കിന് ടെന്റുകൾ നശിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ടെന്റുകൾ ഒന്നിനും പരിഹാരമല്ലെന്നും ജനങ്ങളുടെ അന്തസ്സും ജീവനും സംരക്ഷിക്കാൻ സുരക്ഷിതമായ വീടുകൾ നിർമ്മിച്ചു നൽകണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha

























