ജില്ലാ കോടതി നശിപ്പിക്കാനേല്‍പ്പിച്ച തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഓഫീസര്‍ കടത്തിക്കൊണ്ടു പോയ സംഭവം...എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കെതിരായ പരാതി അന്വേഷിക്കാത്ത സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം

ജില്ലാ കോടതി നശിപ്പിച്ചു കളയാനേല്‍പ്പിച്ച തീര്‍ന്ന കേസിന്റെ തൊണ്ടി മുതലായ സ്പിരിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കടത്തിക്കൊണ്ടു പോയ കേസില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരായ പരാതി അന്വേഷിക്കാത്തതിന് സംസ്ഥാന വിജിലന്‍സ് ഡയറക്ടറെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചു.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിയാരോപണ പരാതി വിജിലന്‍സ് അന്വേഷിക്കാതെ എക്‌സൈസ് വകുപ്പിന് കൈമാറിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ നിയമാനുസരണം എന്തു നടപടിയെടുത്തുവെന്നും അഴിമതി നിരോധന നിയമ ഭേദഗതി വകുപ്പ് 17 എ പ്രകാരം അന്വേഷണ അനുമതി തേടിയോ ഇല്ലെങ്കില്‍ തേടാത്തതിനുള്ള വിശദീകരണം സഹിതമുള്ള റിപ്പോര്‍ട്ട് ഡയറക്ടര്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
മാര്‍ച്ച് 29 ന് ഡയറക്ടര്‍ വിശദീകരണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് വിജിലന്‍സ് ജഡ്ജി എം. ബി. സ്‌നേഹലത ഉത്തരവിട്ടത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പത്തനംതിട്ട മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി. സാജു , പ്രിവന്റീവ് ഓഫീസര്‍ സച്ചിന്‍ സെബാസ്റ്റ്യന്‍ , ഡ്രൈവര്‍ പി.ജി. വിശ്വനാഥന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. പ്രദീപ് കുമാര്‍ , എസ്. ഷൈന്‍ , ജി. പ്രവീണ്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന വിജിലന്‍സിന്റെ നിഷ്‌ക്രിയത്വത്തെയും നിരുത്തരവാദിത്വത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
കോട്ടയം സി പി എം ജില്ലാ സെക്രട്ടറി വാസവന്റെ സഹോദരീ പുത്രന്‍ വിജിലന്‍സ് എസ്.പി ഇ. എസ്. ബിജിമോനാണ് വിജിലന്‍സ് ഡയറക്ടറെ സ്വാധീനിച്ച് പരാതി അട്ടിമറിച്ചതെന്ന് നാഗരാജ് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി നിലപാട് കടുപ്പിച്ചത്.
2018 ഒക്ടോബര്‍ 18 ന് ഉച്ച തിരിഞ്ഞ് 3. 30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട മല്ലപ്പള്ളി എക്‌സൈസ് റെയിഞ്ച് പാറാവു ഡ്യൂട്ടിക്കാരനായ സിവില്‍' എക്‌സൈസ് ഓഫീസര്‍ വി. പ്രദീപ് കുമാര്‍ തൊണ്ടി സ്പിരിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനമായ കെ എല്‍ ഛ1 ബി കെ 1569 നമ്പര്‍ ബൈക്കില്‍ കടത്തിക്കൊണ്ടു പോകവേ മല്ലപ്പള്ളി ടൗണില്‍ വച്ച് ഹര്‍ത്താലനുകൂലികള്‍ തടഞ്ഞുവച്ച് കീഴ്വായ്പുര പോലീസിന് കൈമാറുകയായിരുന്നു.
തൊണ്ടി സ്പിരിറ്റ് തലേന്ന് ( 17 ന് ) പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി , അബ്കാരി കേസ് തീര്‍ന്നതിനാല്‍ , നശിപ്പിച്ചു കളയാനായി മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ചിന് കൈമാറിയതായിരുന്നു.
പിടികൂടിയ സ്പിരിറ്റ് ഏതെങ്കിലും കേസിലെയാണോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കീഴ്വായ്പുര പോലീസ് മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ചിനോട് ആവശ്യപ്പെട്ട് രാത്രി 9. 30 വരെ സമയം കൊടുത്തിട്ടും എക്‌സൈസ് റെയ്ഞ്ച് യാതൊരു റിപ്പോര്‍ട്ടും നല്‍കിയില്ല. തുടര്‍ന്ന് പ്രദീപിനെതിരെ അബ്കാരി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എന്നാല്‍ പ്രദീപിനെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ മല്ലപ്പള്ളി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി പേലീസ് പിടിച്ച സ്പിരിറ്റ് ഒക്ടോബര്‍ 18 രണ്ടു മണിക്ക് മഞ്ഞത്താനം റോഡ് കലുങ്കിന് സമീപം ആരോ ഉപേക്ഷിച്ച സ്പിരിറ്റ് കണ്ടെടുത്തതായി വ്യാജ സാക്ഷികളെ സൃഷ്ടിച്ച് വ്യാജ മഹസറും കേസ് റെക്കോര്‍ഡുകളും തയ്യാറാക്കി പ്രതിയില്ലാതെ കളവായി കേസെടുത്തു. കള്ളക്കേസിന് നിയമ സാധുത വരുത്താന്‍ എക്‌സൈസ് ഓഫീസ് ജി ഡി തുടങ്ങിയ എല്ലാ രേഖകളും ക്രിത്രിമമായി ക്രമീകരിച്ചു.
പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ , മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കുറ്റകൃത്യങ്ങള്‍ മറ നീക്കി പുറത്തു വന്നു. ഈ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് നാഗരാജ് ഹര്‍ജി ഫയല്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha


























