ക്ലൈമാക്‌സിലേക്ക്... എന്‍ഫോഴ്‌സ്‌മെന്റ് കളിച്ച കളികളേക്കാള്‍ വലിയ കളി പുറത്തെടുത്ത് ക്രൈംബ്രാഞ്ച്; ഇ.ഡിക്കെതിരായ സന്ദീപിന്റെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സര്‍ക്കാര്‍; കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള അന്വേഷണം നിരപരാധികളെ കേസില്‍ കുടുക്കാനുള്ള ലൈസന്‍സല്ല

സ്വര്‍ണക്കടത്ത് അന്വേഷണത്തിനെത്തിയ ദേശീയ അന്വേഷണ ഏജന്‍സികളെ ക്രൈംബ്രാഞ്ച് വെള്ളം കുടുപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ ഇ.ഡിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും ഇതു മുദ്രവച്ച കവറില്‍ നല്‍കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള അന്വേഷണം നിരപരാധികളെ കേസില്‍ കുടുക്കാനുള്ള ലൈസന്‍സല്ല. ഇ.ഡി ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കുന്നെന്ന ആരോപണം ശരിയാണെങ്കില്‍ ഒരു പൗരനും രാജ്യത്ത് സുരക്ഷിതനല്ല.
ഇ.ഡി ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണം നേരിടണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അഡി. സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ വാദിച്ചു. ഇന്നും വാദം തുടരും.
ഇരു കേസുകളിലും തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കും. ഇ.ഡിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡി. സോളിസിറ്റര്‍ ജനറല്‍മാരായ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരാണ് ഹാജരാകുന്നത്.
സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ കുറ്റകരമായ പ്രവൃത്തികളെക്കുറിച്ച് വിവരങ്ങളുണ്ടെന്നും ഹര്‍ജിക്കാരനായ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന് ഉന്നത സ്വാധീനവും അധികാരവുമുള്ളതിനാല്‍ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും െ്രെകംബ്രാഞ്ച് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന സന്ദീപിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്താണ് സത്യവാങ്മൂലം നല്‍കിയത്.
ഇ.ഡി അന്വേഷിക്കുന്ന സ്വര്‍ണക്കടത്തിന്റെ വിവരങ്ങളോ വസ്തുതകളോ സന്ദീപ് നല്‍കിയ മൊഴിയിലില്ല. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കോടതി അനുവദിച്ചിരുന്നു. കോലഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ തടസപ്പെടുത്താനാണ് ഇ.ഡിയുടെ ഹര്‍ജി. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുമെന്നതിനാലാണ് ഇത്തരമൊരു നീക്കമെന്ന് സംശയിക്കണമെന്നും പറയുന്നു.
കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍, എതിര്‍കക്ഷികള്‍ക്കെതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനു വിരുദ്ധമായി കസ്റ്റംസ് അസി. കമ്മിഷണര്‍ ലാലുവിനെ കൊച്ചി ഡി.സി.പി വിളിച്ചുവരുത്തിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉപദ്രവിച്ചെന്നാരോപിച്ച് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ലാലുവിനെ ഫോണില്‍ വിളിച്ചിരുന്നു. ഹരികൃഷ്ണന്‍ ഡി.ജി.പിക്ക് മാര്‍ച്ച് മൂന്നിനു നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറി. അന്വേഷണച്ചുമതലയുള്ള ഡി.സി.പി കാശ്മീരില്‍ പരിശീലനത്തിനു പോയിരുന്നതിനാല്‍ മാര്‍ച്ച് 27ന് തിരിച്ചെത്തിയശേഷമാണ് പരാതി പരിഗണിച്ചത്.
നിജസ്ഥിതി അറിയാന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അസൗകര്യമുണ്ടെന്ന് ലാലു അറിയിച്ചെന്നും കേസുമായി ക്രൈംബ്രാഞ്ചിന് ബന്ധമില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
"
https://www.facebook.com/Malayalivartha