ഭാരതീപുരം കൊലക്കേസ്; ഷാജി പീറ്റർ കൊല്ലപ്പെട്ടത് തലയ്ക്ക് ക്ഷതം ഏറ്റാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍... പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധന ഫലവും ഉടൻ പൊലീസിന് ലഭിക്കും: കൊല്ലം അഞ്ചൽ കേസിൽ നിർണായക വഴിത്തിരിവ്

കൊല്ലം അഞ്ചലിൽ ഭാരതീപുരം തോട്ടംമുക്ക് പള്ളിക്കിഴക്കതില്‍ വീട്ടില്‍ ഷാജി പീറ്റര്‍ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം കാരണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധന ഫലവും വൈകാതെ പൊലീസിനു ലഭിക്കും.
അടിയേറ്റു വലതു കാലിന്റെ എല്ല് ഒടിഞ്ഞതായും കണ്ടെത്തി. തലയോട്ടിക്കു പൊട്ടലുണ്ട്. ഇക്കാര്യം ഏരൂര്‍ ഇന്‍സ്പെക്ടറെ അറിയിച്ചു. 2018ലെ ഓണ ദിവസം വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയ ഷാജിയെ സഹോദരനും മാതാവും ചേര്‍ന്നു കൊന്നു കുഴിച്ചിട്ട കേസില്‍ സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്.പ്രതികളായ മാതാവ് പൊന്നമ്മ , സഹോദരന്‍ സജിന്‍ പീറ്റര്‍ എന്നിവരെ കസ്റ്റഡിയില്‍ ലഭിച്ചാലേ ഇക്കാര്യത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ എന്നും അറിയിച്ചു.
2019 ലെ തിരുവോണദിവസമാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വഴക്കിനിടെ സജിന്‍ കമ്പി വടി കൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയുമായിരുന്നു.
അടിയേറ്റ് ഷാജി നിലത്തുവീണു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.
അതുകൊണ്ട് തന്നെ പിടിക്കപ്പെടില്ലെന്നും കരുതി. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നു. പൊലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്.
അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു. പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്പി.മാര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറ ത്തറിഞ്ഞത്.
കൊലപാതകം നടന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടിയാണ് രണ്ടു വര്‍ഷക്കാലം കൊലപാതക വിവരം പുറത്തറിയാതെ സൂക്ഷിക്കാന്‍ കുടുംബത്തിന് സഹായമായത്. അയല്‍പക്കത്തെങ്ങും മറ്റ് വീടുകള്‍ ഇല്ലാതിരുന്നതും കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ വലിയൊരു കാരണമായി.
https://www.facebook.com/Malayalivartha


























