പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി

നടുവില്‍ ബാലവാടിയ്ക്ക് സമീപം തെയ്യത്തിന് മുന്നില്‍പ്പെട്ട തെരുവുനായ്ക്കള്‍ തിരിഞ്ഞോടി. റോഡിലൂടെ പോവുകയായിരുന്ന തെയ്യത്തിനുമുന്നില്‍ കുരച്ചുകൊണ്ടെത്തിയ നായ്ക്കളെ തെയ്യം തിരികെ ചിലമ്പ് കുലുക്കി 'ഹാ' എന്ന് അട്ടഹസിച്ചതോടെ നായ്ക്കള്‍ തിരിഞ്ഞോടി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
നടുവില്‍ പള്ളിത്തണ്ട് മന്നന്‍കണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം സ്ഥലത്തെ ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളാലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പെരുവാറ്റ് പാച്ചില്‍ എന്ന ചടങ്ങ് നടത്തുകയായിരുന്നു. അകമ്പടിക്കാരും, വാദ്യക്കാരുമില്ലാതെ തെയ്യം കെട്ടിയാടിയ ഇടത്ത്‌നിന്നും ഒറ്റയ്ക്കാണ് ഇവിടെയെത്തി തിരികെപോകുന്നത്.
ആചാരമനുസരിച്ച് ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളാറ്റിടം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തേക്ക് പോകും വഴി മൂന്ന് തെരുവ്‌നായ്ക്കള്‍ തെയ്യത്തിന് മുന്നില്‍ കുരച്ചെത്തി. ഇതോടെ അട്ടഹസിച്ച് തെയ്യം നായ്ക്കളെ തുരത്തുകയായിരുന്നു.
തളിപ്പറമ്പ് ബാറില്‍ അഭിഭാഷകന്‍ എ പി കണ്ണന്‍ ജന്മാവകാശിയായ ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ 19കാരനായ മകന്‍ ആദിത്യനാഥാണ് കോലമണിഞ്ഞത്. ഇതിനിടെയാണ് തെരുവുനായ്ക്കളെ കണ്ടത്. പണ്ടുകാലങ്ങളില്‍ പുലര്‍ച്ചെ വെളിച്ചത്തില്‍ നാട്ടുവഴിയിലൂടെ തെയ്യം പായുന്ന പതിവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























