കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും: വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ബഹുഭൂരിപക്ഷം ജില്ലകളിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വിരലില്‍ എണ്ണാവുന്ന ഐസിയു ബെഡുകള്‍ മാത്രമാണ് ഒഴിവുള്ളതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ ബെഡുകള്‍ ഉള്ള സിഎഫ്എല്‍ടിസികളുടെ എണ്ണവും ഉടന്‍ വര്‍ധിപ്പിക്കണം. ഓക്സിജന്‍ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയതെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.
സ്വകാര്യ മേഖലയില്‍ 75 ശതമാനം കിടക്കകൾ കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണമെന്ന നിര്‍ദേം പുനപരിശോധിക്കാൻ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. അതിന്‍റെ പ്രായോഗികത സംബന്ധിച്ച് ആരോഗ്യമേഖലയ്ക്ക് സംശയമുള്ളതിനാൽ പുനപരിശോധിക്കാൻ തയാറാവണമെന്നാണ് ആവശ്യം.
കൊവിഡ് മാത്രമല്ല, മറ്റ് ഗുരുതര രോഗമുള്ളവരുടെ ജീവനും പ്രധാനമാണ്. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഉണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമാണെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐസിയു ബെഡുകളുടെ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























