മംഗലപുരം നാഷണല്‍ ഹൈവേ കൂട്ടായ്മ സ്വര്‍ണ്ണ കവര്‍ച്ച കേസ്.... കാര്‍ തടഞ്ഞ് മുളകുപൊടി വിതറി ജുവലറി ഉടമയെ വെട്ടി 100 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്... കൃത്യത്തില്‍ പന്ത്രണ്ടാം പ്രതിയുടെ പങ്കു വ്യക്തമാക്കുന്ന ഭാഗങ്ങള്‍ കേസ് ഡയറിയില്‍ മാര്‍ക്ക് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കണം

ദേശീയപാതയില്‍ മംഗലപുരം കുറക്കോട് ടെക്‌നോ സിറ്റിക്ക് സമീപം കാര്‍ തടഞ്ഞ് മുളകുപൊടി വിതറി ജുവലറി ഉടമയെയും ഡ്രൈവറെയും ആക്രമിച്ച് 100 പവന്‍ (788 ഗ്രാം) സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത മംഗലപുരം പള്ളിപ്പുറം നാഷണല്‍ ഹൈവേ കൂട്ടായ്മ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡിവൈഎസ്പി യോട് ജൂണ്‍ 8 ന് സി ഡി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.
ലോഡ്ജ് മുറിയെടുത്ത് കവര്‍ച്ച ആസൂത്രണം , ഗൂഢാലോചന , പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് മെയ് 8 മുതല്‍ റിമാന്റില്‍ കഴിയുന്ന പന്ത്രണ്ടാം പ്രതി കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ അന്‍വര്‍ (26) സമര്‍പ്പിച്ച റെഗുലര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദേശം.
കൃത്യത്തില്‍ പ്രതിയുടെ പങ്കും പങ്കാളിത്തവും വ്യക്തമാക്കുകുന്ന ഭാഗങ്ങള്‍ കേസ് ഡയറി ഫയലില്‍ മാര്‍ക്ക് ചെയ്ത് ഹാജരാക്കാനും അതോടൊപ്പം പ്രത്യേക റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍ ഡി വൈ എസ് പി യോട് നിര്‍ദേശിച്ചു.
2021 ഏപ്രില്‍ 9 ന് രാത്രി എട്ടുമണിയോടെ ദേശീയ പാതയില്‍ ടെക്‌നോ സിറ്റി കവാടത്തിന് മുന്നിലാണ് തലസ്ഥാന ജില്ലയെ നടുക്കിയ കൂട്ടായ്മ കവര്‍ച്ച നടന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ച് ജുവലറികള്‍ക്ക് നല്‍കുന്ന മൊത്ത വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി സമ്പത്ത് , ബന്ധു ലക്ഷ്മണന്‍ , ഡ്രൈവര്‍ അരുണ്‍ എന്നിവരെ ആക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്.
സ്വര്‍ണ്ണവും കുഴല്‍ പണവുമായി കരുനാഗപ്പള്ളി പോകും വഴിയാണ് കവര്‍ച്ച നടന്നത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ മുന്നിലും പിന്നിലുമായി ചുവന്ന സ്വിഫ്റ്റ് കാറിലും വെള്ള എര്‍ട്ടിഗ കാറിലുമായി പിന്തുടര്‍ന്ന കവര്‍ച്ചാ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മരകായുധങ്ങളായ വെട്ടുകത്തികള്‍ കൊണ്ട് വിന്‍ഡോ ഗ്ലാസ് അടിച്ചു തകര്‍ത്ത ശേഷം മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു.
തടയുന്നതിനിടെ ജ്വല്ലറി ഉടമക്ക് കൈക്ക് വെട്ടേറ്റു. ഡ്രൈവര്‍ അരുണിനെയും ലക്ഷ്മണനെയും തട്ടിക്കൊണ്ടുപോയ സംഘം യാത്രാമദ്ധ്യേ അരുണിനെ മര്‍ദിച്ച ശേഷം വാവറയമ്പലം റോഡില്‍ തള്ളിയിട്ടു. ലക്ഷ്മണനെ കഴക്കൂട്ടത്ത് ഇറക്കി വിട്ടു.
അതേ സമയം കവര്‍ച്ച നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ജ്വല്ലറി ഉടമ വിവരം പോലീസിലറിയിച്ചത്. ഇതിനിടെ കാറിലെ മുന്‍ സീറ്റ് പ്ലാറ്റ്‌ഫോമിനടിയില്‍ രണ്ട് രഹസ്യ അറയിലായി സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയുടെ കുഴല്‍ പണം കൊല്ലത്തെ ബന്ധുവിനെ വിളിച്ചു വരുത്തി ഏല്‍പ്പിച്ചു.
ഇയാളുടെ ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ പോലീസിനെ വിളിക്കും മുമ്പ് അനവധി ഫോണ്‍ വിളികള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുഴല്‍പണം കൈമാറിയ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് തുക വീണ്ടെടുത്ത് കോടതില്‍ ഹാജരാക്കി. കുഴല്‍പണം ലക്ഷ്യമിട്ടാണ് കവര്‍ച്ച നടന്നതെങ്കിലും കവര്‍ച്ച സംഘം സ്വര്‍ണ്ണ മടങ്ങിയ ബാഗാണ് കൈക്കലാക്കിയത്. പണം രഹസ്യ അറയിലാണുണ്ടായിരുന്നതെന്ന വിവരം കവര്‍ച്ചാ സംഘത്തിന് ലഭിച്ചിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ചാ സംഘം വ്യാജ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിന്റെയും അസല്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തി.
ഏപ്രില്‍ 17 ന് കൗമാരക്കാരായ 4 പ്രതികളെ അറസ്റ്റ് ചെയ്തു. പെരുമാതുറ കൊട്ടാരത്തുരുത്ത് ദാറുല്‍ സലാം വീട്ടില്‍ നെബിന്‍ (28) , പെരുമാതുറ കൊട്ടാരത്തുരുത്ത് പടിഞ്ഞാറ്റുവിള വീട്ടില്‍ അന്‍സര്‍ (28) , പോത്തന്‍കോട് അണ്ടൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്ക് സമീപം ഫൈസല്‍ (24) , കവര്‍ച്ചാ സ്വര്‍ണ്ണം പണയം വെക്കാന്‍ സഹായിച്ച പെരുമാതുറ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച കെ എല്‍ 22 രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വിഫ്റ്റ് കാറും വീണ്ടെടുത്തു.
ടെക്‌നോപാര്‍ക്കിന് പാര്‍ക്കിന് സമീപമുള്ള ലോഡ്ജില്‍ മുറി വാടകക്കെടുത്താണ് പ്രതികള്‍ ഗൂഢാലോചനയും ആസൂത്രണവും നടത്തിയത്. ലോഡ്ജ് മാനേജര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം പ്രതിയാണ് ഗൂഡാലോചനക്ക് നേതൃത്വം നല്‍കിയതെന്നും മറ്റു പ്രതികളെ കൊണ്ടുവിട്ടതെന്നും രക്ഷപ്പെടാന്‍ സഹായിച്ചതെന്നും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. മെയ് 8 നാണ് പന്ത്രണ്ടാം പ്രതി അറസ്റ്റിലായത്.
"
https://www.facebook.com/Malayalivartha