കെ. പി. സി. സി ഓഫീസില്‍ ഇപ്പോള്‍ നടക്കുന്നതെന്ത്? കേട്ടാല്‍ സങ്കടം വരും

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാചേന്ദ്രനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ നിന്നും പൂര്‍ണമായി ഔട്ടായി. കെ.മുരളീധരന് കിട്ടുന്ന പ്രാധാന്യം പോലും ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസില്‍ കിട്ടുന്നില്ല.
രാഹുല്‍ ഗാന്ധി ചെന്നിത്തലയെയോ ഉമ്മന്‍ ചാണ്ടിയെയോ മുല്ലപ്പള്ളിയെയോ വിളിക്കാറില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് പോലും ഇവര്‍ക്ക് ഒരു കോള്‍ കിട്ടിയിട്ട് ദിവസങ്ങളായി. വി.ഡി സതീശനെ മാത്രമാണ് ഗാന്ധിമാരുടെ ഓഫീസില്‍ നിന്നും വിളിക്കാറുള്ളത്.എന്തിന് കോള ഘടകത്തില്‍ നിരന്തരം ചര്‍ച്ചകള്‍ക്കായി എത്തുന്ന താരിഖ് അന്‍വര്‍ പോലും ഇവരെ കണ്ട മട്ട് നടിക്കുന്നില്ല.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സമാധാനം മാത്രമാണുള്ളത്.മുല്ലപ്പള്ളി പാര്‍ട്ടി കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ സമയം കളയുന്നു. പ്രസിഡന്റ് എന്ന് ആരെങ്കിലും വിളിച്ചാല്‍ താന്‍ പ്രസിഡന്റ് അല്ലെന്ന് മുല്ലപ്പള്ളി പറയുന്നു. പ്രസിഡന്റിന്റെ ചുമുതല പോലും നിര്‍വഹിക്കാന്‍ അദ്ദേഹം താത്പര്യം കാണിക്കുന്നില്ല.
പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ പകരക്കാരനെ നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അന്‍വറിന് ആശയകുഴപ്പത്തിലാണ് . സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന്റെ ശ്രമം. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാരും താരീഖ് അന്‍വറിനോട് ഏതെങ്കിലും നേതാവിന്റെ പേര് നിര്‍ദ്ദേശിക്കാതിരുന്നതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്.
കെപിസിസി പ്രസിഡന്റ് ആരാകണമെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിനെടുക്കാമെന്ന് താരിഖിനോട് നേതാക്കള്‍ പറഞ്ഞതായി ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് പദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ താരിഖ് കടുത്ത പ്രതിസന്ധിയിലാണ്. ഒരു കാരണവശാലും സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഒന്നും കണ്ടില്ല കേട്ടില്ല മിണ്ടില്ല എന്ന് പറയുന്ന സ്വഭാവമാണ് കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ താരിഖ് അന്‍വറിനോട് കാണിക്കുന്നത്. ഹൈക്കമാന്റിന് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം എന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ ഹൈക്കമാന്റിന് നല്‍കുന്നത്.
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ള നേതാക്കള്‍ ആഗ്രഹിക്കുന്നത്. വി ഡി സതീശനോട് കടുത്ത അമര്‍ഷമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ബി ജെ പിയുടെ കുഴല്‍പ്പണ വിവാദത്തിനെതിരെ രംഗത്തെത്തിയ കെ.മുരളീധരനെ മുതിര്‍ന്ന നേതാക്കള്‍ വിലക്കുന്ന സാഹചര്യം വന്നെത്തിയതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ എംപിമാരായ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള പേരുകള്‍. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനില്‍ക്കുന്നതിനാല്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താരീഖ് അന്‍വറിന് ഒരാഴ്ച സമയമാണ് നല്‍കിയിരുന്നത്. ഗ്രൂപ്പുകളുടെ പരിഭവം നീക്കി നേതാവിനെ നിശ്ചയിക്കുകയെന്ന വലിയ കടമ്പയാണ് അന്‍വറിന് മുന്നിലുള്ളത്.
കെ സുധാകരനോടും കൊടിക്കുന്നില്ലിനോടും മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു താല്‍പര്യവുമില്ല. സതീശനെ തീരുമാനിച്ചതോടെ അവര്‍ കെ പി സി സിയും വിട്ടു. കെ പി സി സിക്ക് പ്രസിഡന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ലെന്നാണ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മുല്ലപ്പള്ളിയുടെയും മട്ട്. അതാണ് അഭിപ്രായം പറയാന്‍ അവരെ വിലക്കുന്ന പ്രധാന ഘടകം. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ പോലും സര്‍ക്കാരിനെ അനുകൂലിച്ചോ എതിര്‍ത്തോ സംസാരിക്കാറില്ല. ഇത്രയും സംസാരിച്ചതെല്ലാം മതിയെന്ന അഭിപ്രായമാണ് ചെന്നിത്തലക്കുള്ളത്.
ദിവസങ്ങള്‍ ചെല്ലുന്തോറും കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. സി പി എം അതിഗംഭീരമായി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ് മുടന്തന്‍ കാളയെ പോലെ ഇഴഞ്ഞോടുന്നു. മരണവീടിന് സമാനമാണ് കെപിസിസി കാര്യാലയം.
"
https://www.facebook.com/Malayalivartha