ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?

റഷ്യന്‍ എണ്ണ വാങ്ങുന്നതു ഇന്ത്യ നിര്‍ത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ പാക്കിസ്ഥാനു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അയച്ച സന്ദേശം ചര്‍ച്ചയാവുകയാണ്. 36 പേര്‍ കൊല്ലപ്പെട്ട ഇസ്‌ലാമാബാദിലെ ആരാധനാലയത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പുട്ടിന്റെ സന്ദേശം. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനുമാണു പുട്ടിന്‍ അനുശോചന സന്ദേശം അയച്ചത്. പാക്കിസ്ഥാനിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള തര്‍ലായ് ഇമാംബാര്‍ഗയിലാണ് സ്‌ഫോടനമുണ്ടായത്.
മതപരമായ ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തിയത് ഭീകരതയുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖത്തിന്റെ തെളിവാണെന്നും സുരക്ഷയിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള താല്‍പര്യവും അനുശോചന കുറിപ്പില്‍ പുട്ടിന്‍ സൂചിപ്പിച്ചു. പുട്ടിന്റെ അനുശോചന സന്ദേശത്തിനു പിന്നാലെ ഇന്ത്യ–യുഎസ് വ്യാപാര കരാര്‍ റഷ്യയെ പാക്കിസ്ഥാനുമായി അടുപ്പിക്കാന്‍ പ്രേരിപ്പിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. റഷ്യയുമായി ബന്ധം സ്ഥാപിക്കാന്‍ കുറച്ചു നാളായി പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന റഷ്യ പാക്കിസ്ഥാനെ അവഗണിക്കുന്നതായിരുന്നു പതിവ്.
റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ സമ്പൂര്‍ണമായി നിര്‍ത്തുക, യുഎസില്‍നിന്നും 500 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി എന്നിവയാണ് ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ പ്രധാന ഉപാധികളായി യുഎസ് മുന്നോട്ടു വച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുരണ്ടും ഇന്ത്യ–റഷ്യ ബന്ധത്തെ ബാധിക്കുന്നതാണ്. ദശാബ്ദങ്ങളായി പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ റഷ്യയുമായി ഇന്ത്യയ്ക്കു തന്ത്രപ്രധാനമായ സൗഹൃദമാണ്. അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതുരാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നാണ് ഈ വിഷയത്തില്‍ റഷ്യയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























