ആ കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു! തീവണ്ടിയില്‍ വഴിതെറ്റി കേരളത്തിലേക്ക് എത്തിയ പത്തൊന്‍പതുകാരന്‍ ശിവചൗധരി, തന്നെ തിരഞ്ഞെത്തിയ അമ്മയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങി; ആ സന്തോഷത്തിനിടയിലും അവനറിയാതെ പോയൊരു ദുഃഖവാർത്ത

ആറുമാസം മുമ്പ് വീട്ടില്‍ നിന്ന് വഴിതെറ്റി തീവണ്ടിയില്‍ കേരളത്തിലെത്തിയ പത്തൊന്‍പതുകാരന്‍ ശിവചൗധരി ഒടുവില്‍ അമ്മയെ കണ്ടെത്തി. നിമിത്തമായത് സന്നദ്ധപ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തകളും. മകനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും മധു കൂപ്പു കൈകളോടെ നന്ദി പറഞ്ഞു. ശിവയെക്കണ്ട സന്തോഷത്തില്‍ വല്യച്ഛന്റെ മിഴികളും ഈറനണിഞ്ഞു. പുനഃസമാഗമത്തിനു നിമിത്തമായ സന്നദ്ധപ്രവര്‍ത്തകര്‍ക്കും അത് സന്തോഷ നിമിഷമായി.
പക്ഷേ, അവന്റെ അച്ഛന്‍ മൂന്നു മാസം മുന്‍പ് ഈ ലോകം വിട്ടുപോയെന്ന സങ്കടവാര്‍ത്ത അവന്‍ അറിഞ്ഞിട്ടില്ല. വീട്ടില്‍ച്ചെന്നിട്ടേ അതു പറയാന്‍ പറ്റൂ എന്ന് വല്യച്ഛന്‍ പറഞ്ഞുകേട്ടതോടെ എല്ലാവര്‍ക്കും സങ്കടമായി. വെള്ളിയാഴ്ച അമ്മയെത്തി അവനെ ഏറ്റുവാങ്ങുന്ന മുഹൂര്‍ത്തം കണ്ടു നിന്നവരുടെ കണ്ണുനിറച്ചു. മമ്മീ മമ്മീ എന്നു വിളിച്ച് അമ്മയുടെ കാലില്‍ വീണും കെട്ടിപ്പിടിച്ചും മടിയില്‍ കിടന്നും കാണാതായ കാലത്തെ വിഹ്വലതകള്‍ അത്രയും അവന്‍ കരഞ്ഞുതീര്‍ത്തു.
'2021 മേയ് 30-ന് രാത്രി 11.30-ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് എ.എസ്.ഐ. സന്തോഷ്‌കുമാറാണ് കണ്ടച്ചിറ റെയില്‍വേ ക്രോസിനു സമീപം വെച്ച് ശിവയെ കണ്ടെത്തുന്നത്. ഒരു കണ്ണ് തുറക്കാന്‍ പറ്റാത്തവിധം പരിക്കുണ്ടായിരുന്നു. ചോരയൊലിക്കുന്നുണ്ടായിരുന്നു. ഇടതുകൈ കറക്കിക്കൊണ്ടിരിക്കുകയായിരുന്നു. വെള്ളം ചോദിച്ചപ്പോള്‍ ആരോ പിടിച്ചുതള്ളി പരിക്കുപറ്റിയെന്നാണു എല്ലാവരോടും പറഞ്ഞത്.
തുടര്‍ന്ന് എസ്.ഐ സന്തോഷ് കുമാര്‍ അറിയിച്ചതനുസരിച്ചെത്തിയ ഹാര്‍ട്ട്ബീറ്റ്സ് ട്രോമാകെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ താജുദ്ദീന്‍ ചന്ദനത്തോപ്പ് ശിവചൗധരിയെ കോര്‍പ്പറേഷന്റെ, അലഞ്ഞുതിരിയുന്നവര്‍ക്കായുള്ള ക്യാമ്പിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നു.
ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ഏറെ പണിപ്പെട്ടു. മുറിവില്‍ മരുന്നുവെച്ച് അലഞ്ഞുതിരിയുന്നവരെ പാര്‍പ്പിക്കാന്‍ തേവള്ളി ബോയ്സ് സ്‌കൂളില്‍ ഒരുക്കിയ ക്യാമ്പിൽ എത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ കാട്നി ജില്ലയിലെ ശങ്കര്‍ഗഢ് പഹാറുവ സ്വദേശിയായ സുരേഷ് കുമാറിന്റെയും മധുവിന്റെയും മകനാണ് ശിവ. മകനെ കാണാതായതു മുതല്‍ അവര്‍ പോലീസില്‍ പരാതി കൊടുത്തും പരിചയക്കാര്‍ വഴി നാടെങ്ങും അന്വേഷിച്ചും കഴിയുകയായിരുന്നു.
ഒടുക്കം ക്യാമ്പിൽ വെച്ച് സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ വിപിന്‍ ഫോണില്‍ ഫെയ്സ്ബുക്ക് നോക്കുമ്പോൾ ശിവ അരികില്‍ വന്ന് ഫോണ്‍ വാങ്ങി. അവന്റെ ചേട്ടന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് കാണിച്ചു കൊടുത്തു. അങ്ങനെയാണ് വീട്ടുകാരുമായി ബന്ധപ്പെടാനായത്.
വിവരമറിഞ്ഞയുടനെ അവര്‍ കേരളത്തിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ക്യാമ്പിലെത്തിയ ശിവയുടെ അമ്മ മധുവും വല്യച്ഛനും അവനെ ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു. ആധാര്‍ കാര്‍ഡും കുഞ്ഞുന്നാളിലെ ഫോട്ടോയുമെല്ലാം അവര്‍ കൊണ്ടു വന്നിരുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റാണ് അവനെ അമ്മയെ ഏല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha