കൈവിട്ട വാക്കാണ് സത്യം... ജോസഫൈന് വീണ്ടും വിനയായി കൈവിട്ട വാക്കുകള്‍; യുവതിയോട് മോശം പ്രതികരണം നടത്തിയ ജോസഫൈന്‍ വിവാദം മറ്റൊരു തലത്തിലേക്ക്; സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും; മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല

വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ കൈവിട്ട വാക്കില്‍ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. ഇത്തവണ പക്ഷെയത് ആഘോഷിക്കുകയാണ്.
ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ ഫോണില്‍ വിളിച്ച യുവതിയോട്, പീഡനവിവരം പൊലീസില്‍ അറിയിച്ചില്ലെങ്കില്‍ അനുഭവിച്ചോളൂ എന്ന് മോശമായി പ്രതികരിച്ച് വിവാദത്തിലായ എം.സി. ജോസഫൈനെതിരെ രൂക്ഷവിമര്‍ശനം.
പ്രതിപക്ഷത്തിന് പുറമേ, ഇടതുസഹയാത്രികരായ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം രംഗത്തുവന്നതോടെ ആകെ പുലിവാലായി. വനിതാകമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സ്ത്രീവിരുദ്ധതയുടെ പേരില്‍ നിരന്തരം വിവാദത്തിലകപ്പെടുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കും. കേന്ദ്രകമ്മിറ്റി അംഗമാണ് ജോസഫൈന്‍.
ഇവരെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കണമെന്നും അവരുടെ പരിഗണനയിലെത്തിയ എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. പ്രത്യക്ഷസമരവുമായി യൂത്ത് കോണ്‍ഗ്രസുമിറങ്ങി. ഇടതുസഹയാത്രികനായ ചലച്ചിത്രപ്രവര്‍ത്തകന്‍ ആഷിക് അബു അടക്കമുള്ളവര്‍ കടുത്ത രോഷം പ്രകടിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്.
വിവാദത്തെ തള്ളാനോ കൊള്ളാനോ സി.പി.എം ഇതുവരെ തയാറായിട്ടില്ലെങ്കിലും, മോശമായി പ്രതികരിച്ചെങ്കില്‍ തിരുത്തി ക്ഷമ ചോദിക്കണമെന്ന് പാര്‍ട്ടിയുടെ മറ്റൊരു കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി പ്രതികരിച്ചു. ഇവരെ മാറ്റണമെന്ന് സി.പി.ഐയുടെ വിദ്യാര്‍ത്ഥിസംഘടനയായ എ.ഐ.എസ്.എഫ് പരസ്യമായി ആവശ്യപ്പെട്ടു.
ചാനല്‍ പരിപാടിക്കിടെ യുവതി വിളിച്ചപ്പോള്‍ മുതല്‍ അസ്വസ്ഥതയോടെയാണ് ജോസഫൈന്‍ പ്രതികരിച്ചതെന്നാണ് ആക്ഷേപം. അതോടെ യുവതി സംസാരിക്കാന്‍ പോലും ഭയപ്പെടുന്ന നിലയായി. വിവാദമായതോടെ വിശദീകരണവുമായെത്തിയ ജോസഫൈന്‍, താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് യുവതിയോട് ഇടപെട്ടതെന്ന് പറഞ്ഞു.
പൊലീസില്‍ പരാതിപ്പെടേണ്ട കേസാണിതെന്ന് ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്. എല്ലായിടത്തും വനിതാകമ്മിഷന് പെട്ടെന്നോടിയെത്താനാവില്ല. ദിനംപ്രതി നിരവധി പരാതികളാണ് കേള്‍ക്കുന്നത്. തങ്ങളും പച്ചമനുഷ്യരാണ്. പലവിധ മാനസികസമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ സ്ത്രീകളും ഒരുപോലെയല്ല പരാതി പറയാന്‍ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
നേരത്തേ 89 വയസുള്ള വയോധികയോട് മോശമായി സംസാരിച്ചത് വിവാദമായിരുന്നു. കഥാകൃത്ത് ടി. പദ്മനാഭന്‍ തന്റെ വീട്ടിലെത്തിയ സി.പി.എം നേതാക്കളോട് ജോസഫൈനെതിരെ തുറന്നടിച്ചു. സി.പി.എം മുന്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ പീഡനവിവാദത്തില്‍, പാര്‍ട്ടിക്ക് സ്വന്തമായി കോടതിയുണ്ടെന്ന ജോസഫൈന്റെ പ്രതികരണവും കോളിളക്കമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നടക്കം പല തവണ തിരുത്തല്‍ നിര്‍ദ്ദേശമുയര്‍ന്നിട്ടും മാറുന്നില്ലെന്നാണ് ആക്ഷേപം.
അതേസമയം ഫോണില്‍ വിളിച്ച പരാതിക്കാരിയോട് ദേഷ്യപ്പെട്ട് സംസാരിച്ച സംഭവത്തില്‍ എം.സി ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു. ഭര്‍ത്താവില്‍ നിന്ന് പീഡനമേറ്റിട്ടും പരാതിക്കാരി പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായി. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് സംസാരിച്ചത്.
പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എറണാകുളം സ്വദേശിയായ പെണ്‍കുട്ടി വിളിച്ചപ്പോള്‍ ശബ്ദം നന്നേ കുറവായിരുന്നു. ആ ഘട്ടത്തിലാണ് ഉറച്ച് സംസാരിക്കാന്‍ പറഞ്ഞത്. സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു എന്നും ജോസഫൈന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























