മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് യുവാവിന്റെ ആക്രമണത്തിനിരയായ ഇടുക്കി മറയൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു

മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് യുവാവിന്റെ ആക്രമണത്തിനിരയായ ഇടുക്കി മറയൂരിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് അജീഷ് ഡിസ്ചാര്‍ജാകുമ്പോള്‍ സഹപ്രവര്‍ത്തകരും മന്ത്രി പി രാജീവും ഒപ്പമുണ്ടായിരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോയ ദിനങ്ങള്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോള്‍ അതിജീവിച്ചു.
മെഡിക്കല്‍ വിദഗ്ധരും സഹപ്രവര്‍ത്തകരും സര്‍വ്വസന്നാഹങ്ങളുമായി അജീഷിനോപ്പം കഴിഞ്ഞ 24 ദിവസവും കൂടെ ഉണ്ടായിരുന്നു. വൈകിട്ടോടെ ആശുപത്രി പടവുകള്‍ അജീഷ് നടന്നിറങ്ങിയപ്പോള്‍ വരവേല്‍ക്കാന്‍ മന്ത്രി പി രാജീവും സഹപ്രവര്‍ത്തകരും പൊലീസ് അസോസിയേഷന്‍ ഭാരവാഹികളും എത്തി.
ഈ മാസം ആദ്യം ഇടുക്കി കാന്തല്ലൂര്‍ കോവില്‍ക്കടവിലാണ് പൊലീസ് ചെക്കിങ്ങിനിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ സുലൈമാന്‍ എന്ന യുവാവ് കല്ലുകൊണ്ടു അജീഷിന്റെ തലയ്ക്ക് അടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചത്. ആറുമണിക്കൂര്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നടത്തിയത്.
തലയോട്ടി തകര്‍ന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ട്ടപ്പെട്ട നിലയിലാണ് അജീഷ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വിവിധ തെറാപ്പികളുടെ സഹായത്തോടെ ഭാഗികമായി സംസാരശേഷിയും ശരീരത്തിന്റെ ഒരുവശത്തെ ചലനശേഷിയും വീണ്ടെടുത്തതായി മെഡിക്കല്‍ സംഘം അറിയിച്ചു.
അജീഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. യൂണിഫോം അണിഞ്ഞു തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അജീഷിന് അല്പം കൂടി വിദഗ്ധ ചികിത്സയുടെ ഭാഗമാകേണ്ടതുണ്ട്.
"
https://www.facebook.com/Malayalivartha

























