വെല്ലുവിളികളേറെ... കാലാവധി കഴിയും മുമ്പേ പുറത്ത് പോകേണ്ടി വന്ന ജോസഫൈന് പകരം പുതിയ വനിതാകമ്മിഷന്‍ അദ്ധ്യക്ഷ കൂടിയാലോചനകള്‍ക്കു ശേഷം; വനിത കമ്മീഷന്‍ ഇല്ലെങ്കിലും സിറ്റിംഗില്‍ കമ്മിഷനിലെ മുതിര്‍ന്ന അംഗത്തിന് അദ്ധ്യക്ഷ സ്ഥാനം വഹിക്കാം

എം.സി. ജോസഫൈന്‍ ഇത്ര പെട്ടന്ന് രാജി വയ്ക്കുമെന്ന് ആരും തന്നെ കരുതിയില്ല. കാലാവധി കഴിയും മുമ്പേ വിവാദത്തില്‍ കുടുങ്ങി എം.സി. ജോസഫൈന് രാജിവയ്‌ക്കേണ്ടിവന്ന പശ്ചാത്തലത്തില്‍ വനിതാ കമ്മിഷന് പുതിയ അദ്ധ്യക്ഷയെ നിയമിക്കുന്നത് സി.പി.എമ്മില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷമായിരിക്കും.
നിലവിലെ കമ്മിഷന് അദ്ധ്യക്ഷയുടെ അഭാവത്തിലും സിറ്റിംഗ് നടത്തി പരാതികള്‍ പരിഗണിക്കാം. സിറ്റിംഗില്‍ കമ്മിഷനിലെ മുതിര്‍ന്ന അംഗത്തിന് അദ്ധ്യക്ഷ സ്ഥാനം വഹിക്കാം. പതിനൊന്നു മാസം കാലാവധി ശേഷിക്കെയാണ് ജോസഫൈന് രാജിവയ്‌ക്കേണ്ടിവന്നത്. സ്ത്രീകളുടെ സങ്കീര്‍ണമായ ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ട പദവിയിലേക്ക് വരുന്ന വ്യക്തിക്ക് അതിനുള്ള പ്രാപ്തിയുണ്ടാവണമെന്നും ഇനിയൊരു വിവാദത്തിന് ഇടവരുത്തരുതെന്നും സര്‍ക്കാരും സി.പി.എമ്മും ആഗ്രഹിക്കുന്നു.
കമ്മിഷന്‍ അദ്ധ്യക്ഷയുടെ ഇടപെടലുകള്‍ എപ്പോഴും പൊതുസമൂഹം ശ്രദ്ധിക്കാറുണ്ട്. ജോസഫൈന്‍ എണ്‍പത്തൊന്‍പതു വയസുള്ള വയോധികയുടെ പരാതി കൈകാര്യം ചെയ്ത രീതി ടി. പദ്മനാഭന്റെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. അതിനാല്‍ ശ്രദ്ധാപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോസഫൈനിന്റെ രാജി അംഗീകരിക്കുന്നതിനപ്പുറത്തേക്കുള്ള ചര്‍ച്ചകളിലേക്ക് കടന്നില്ല.
പല സി.പി.എം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയായിട്ടില്ല. ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും പുനഃസംഘടനയും നടക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലേക്കും വൈകാതെ സി.പി.എം കടക്കും. ജൂലായ് 9, 10 തീയതികളില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജന്‍ഡ. ജൂലായ് അവസാനം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പാര്‍ട്ടി സമ്മേളനങ്ങളുടെ അജന്‍ഡ നിശ്ചയിക്കും. മിക്കവാറും ആഗസ്‌റ്റോടെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടന്നേക്കാം.
വിവാദങ്ങള്‍ക്കൊടുവില്‍ എം സി ജോസഫൈന്‍ വനിത കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ അദ്ധ്യക്ഷ ആരാകുമെന്ന ചര്‍ച്ച സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജീവമായി. ഇക്കാര്യത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആകാംക്ഷയാണ് പൊതുസമൂഹത്തിനുളളത്. ജാഗ്രതയോടെ വേണം പുതിയ അദ്ധ്യക്ഷയെ നിയമിക്കേണ്ടതെന്നാണ് സി പി എം നേതാക്കളുടെ പൊതു അഭിപ്രായം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ല. സി പി എമ്മില്‍ സംഘടനരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകള്‍ക്ക് അദ്ധ്യക്ഷ കസേരയിലേക്ക് തങ്ങളെ പരിഗണിക്കണമെന്ന ആഗ്രഹമുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ തുറന്നുസമ്മതിക്കുന്നു.
പി കെ ശ്രീമതി, സി എസ് സുജാത, സുജ സൂസന്‍ ജോര്‍ജ്, അയിഷപോറ്റി, പി സതീദേവി എന്നിവരുടെ പേരുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതില്‍ സി എസ് സുജാതയുടെ പേരിനാണ് മുന്‍തൂക്കം. മുന്‍മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ എന്നിവരുടെ പേരുകളും നിര്‍ദേശിക്കുന്നവരുണ്ട്. മന്ത്രിസ്ഥാനം കൊടുക്കാതെ മാറ്റിനിര്‍ത്തിയ ശൈലജ ടീച്ചറിനെ വനിത കമ്മിഷന്‍ അദ്ധ്യക്ഷയാക്കണമെന്നാണ് അവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha






















