പാതിരാത്രി തലയിൽ ചാക്കിട്ട് കയറി വന്ന ഭീകര രൂപം, ലക്ഷ്യം വച്ചത് അടുക്കള CCTVയിൽ തെളിഞ്ഞ മുഖം

പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ മോഷണവും. സംസ്ഥാനത്തെ ആദ്യ സിലിണ്ടര്‍ മോഷണം തിരുവനന്തപുരം നഗരമധ്യത്തിലാണ് അരങ്ങേറി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോഷണം. ചാലയിലെ വി.എസ്.ഹോട്ടലില്‍നിന്നാണ് ഇന്നു പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചത്. തലയില്‍ ചാക്കിട്ടു മറച്ച് ഒരാള്‍ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
നിറയെ ഗ്യാസുള്ള സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. പകുതി ഉപയോഗിച്ച രണ്ടു സിലിണ്ടറുകള്‍ അവിടെ തന്നെ ഉപേക്ഷിച്ചാണ് കള്ളന്‍ മടങ്ങിയത്. സിലിണ്ടര്‍ മോഷ്ടിക്കപ്പെട്ടതോടെ ഇന്ന് ഉച്ചയോടെ ഹോട്ടല്‍ അടച്ചിടേണ്ട നിലയാണുള്ളതെന്ന് ഹോട്ടല്‍ ഉടമ അര്‍ച്ചന പറഞ്ഞു. വെളുപ്പിനെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അര്‍ച്ചന പറഞ്ഞു. ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോള്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എന്താണെന്നു പരിശോധിച്ചപ്പോഴാണ് ഫ്യൂസ് ഊരിയ നിലയില്‍ കണ്ടതെന്നും അര്‍ച്ചന പറഞ്ഞു.
ഹോട്ടലിന്റെ ഇടതുഭാഗത്തെ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചു മറച്ച ഭാഗത്താണ് അടുക്കളയുള്ളത്. മെയിന്‍ സ്വിച്ചിന്റെ ഫ്യൂസ് പുറത്തുനിന്ന് ഊരിയ ശേഷമാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. തുടര്‍ന്ന് ടോര്‍ച്ച് അടിച്ച് നോക്കിയാണ് സിലിണ്ടര്‍ കണ്ടെത്തിയത്. ഉള്ളില്‍ കയറിയപ്പോള്‍ സിസിടിവി ക്യാമറ കണ്ടതിനെ തുടര്‍ന്ന് ചാക്ക് എടുത്ത് തലയില്‍ ഇട്ട് മറച്ചതിനു ശേഷം കാമറ തിരിച്ചുവച്ചു. അതിനു ശേഷമാണ് സിലിണ്ടറുമായി കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയൂണ് ഉള്‍പ്പെടെ തയാറാക്കാന്‍ എല്ലാ സാധനങ്ങളും വാങ്ങി വന്നപ്പോഴാണ് സിലിണ്ടര്‍ നഷ്ടപ്പെട്ടതെന്ന് അര്‍ച്ചന പറഞ്ഞു.
അതുകൊണ്ട് ബിരിയാണി മാത്രമാക്കി മെനു ചുരുക്കാനാണ് തീരുമാനം. സിലിണ്ടര്‍ പൊലീസ് കണ്ടെത്തിയാല്‍ രണ്ടു ദിവസം കൂടി ഹോട്ടൽ മുന്നോട്ടുപോകും. അല്ലെങ്കില്‍ ഇന്നു വൈകിട്ടോടെ ഹോട്ടല്‍ അടച്ചിടേണ്ടിവരുമെന്നും അര്‍ച്ചന പറഞ്ഞു. ഒരാളെ സംശയമുണ്ടെന്നും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അര്‍ച്ചന പറഞ്ഞു.
https://www.facebook.com/Malayalivartha
























