വല്ലാത്തോരു അനുഭവം... ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം ഈ ദിവസങ്ങളില്‍ പൊലീസ് പരിശോധിച്ചു; തിരികെയെത്തിയ ആയിഷ സുല്‍ത്താനയ്ക്ക് പറയാനുള്ളത് വേദനിക്കുന്ന അനുഭവങ്ങള്‍; അറസ്റ്റ് പ്രതീക്ഷിച്ചാണു കവരത്തി സ്‌റ്റേഷനില്‍ ഹാജരായതെന്ന് ആയിഷ

കൈവിട്ട വാക്കിനാല്‍ രണ്ടാഴ്ചയോളം വെള്ളം കുടിക്കുകയായിരുന്നു ആയിഷ സുല്‍ത്താന. അവസാനം കവരത്തിയില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച സിനിമാ സംവിധായിക ആയിഷ സുല്‍ത്താന കൊച്ചിയില്‍ മടങ്ങിയെത്തി.
ആയിഷ യാത്ര ചെയ്ത അഗത്തി, കൊച്ചി വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടെങ്കിലും പിന്നീടു മടങ്ങിയെത്തി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുകയായിരുന്നു.
അറസ്റ്റ് പ്രതീക്ഷിച്ചാണു കവരത്തി സ്‌റ്റേഷനില്‍ ഹാജരായതെന്ന് ആയിഷ പറഞ്ഞു. വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. തനിക്കെതിരായ നിയമ നടപടികള്‍ അജന്‍ഡയുടെ ഭാഗമാണ്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം ഈ ദിവസങ്ങളില്‍ പൊലീസ് പരിശോധിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മടങ്ങിക്കൊള്ളാന്‍ പറഞ്ഞ ശേഷം തന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ല. താന്‍ ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നതു നുണക്കഥയായിരുന്നെന്നും അവര്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്നാണു പൊലീസ് നിര്‍ദേശപ്രകാരം ആയിഷ കവരത്തിയില്‍ ചോദ്യം ചെയ്യലിനു ഹാജരായത്. മൂന്നു തവണ ചോദ്യം ചെയ്തു വിട്ടയച്ച പൊലീസ് വെള്ളിയാഴ്ച ആയിഷയെ വിളിച്ചു വരുത്തി ഫോണ്‍ പിടിച്ചെടുത്തിരുന്നു. സിനിമാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി മാതാവിനും സഹോദരനുമൊപ്പം കൊച്ചിയിലാണ് ആയിഷ താമസിക്കുന്നത്.
രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നീതി തന്നോടൊപ്പമാണെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് ഈ വിധിയിലൂടെ നിയമം പറയുന്നതെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.
ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതി പ്രകാരം ആയിഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി ഇടക്കാല ജാമ്യം നല്‍കുകയും ഇന്ന് മുന്‍കൂര്‍ ജാമ്യം നല്‍കുകയുമായിരുന്നു.
ഏഴാം തീയതി ചാനല്‍ ചര്‍ച്ചക്കിടെ എന്റെ വായില്‍നിന്ന് വീണ് പോയ വാക്കാണ്. അത് അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പിറ്റേന്ന് തന്നെ പറഞ്ഞിട്ടും ഇവര്‍ എനിക്കെതിരേ പരാതിയുമായി പോവുകയായിരുന്നു. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ട്. എനിക്കെതിരേ കൃത്യമായ ഗൂഢാലോചന നടക്കുന്നുണ്ട്. ആരൊക്കെയാണ്, എന്തൊക്കെയാണ് എന്നുള്ളതെല്ലാം വ്യക്തമാണ്.
അവരുടെ ഗൂഢാലോചന സംബന്ധിച്ചുള്ള വോയിസ്‌ക്ലിപ്പുകള്‍ പലതും പുറത്ത് വന്നിരുന്നു. എന്നെ ഒരു പാകിസ്താന്‍കാരിയാക്കാനുള്ള വെമ്പലാണ് അവരില്‍ ഞാന്‍ കാണുന്നത്. പാകിസ്താന്‍ ഇത് ആഘോഷിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി തന്നെ പറയുന്ന വീഡിയോ കണ്ടിരുന്നു. ഇത് മാധ്യമ ശ്രദ്ധ കിട്ടുന്ന കാര്യമാണ്, എന്നെ ഒറ്റപ്പെടുത്തണം എന്നെല്ലാം വീഡിയോയില്‍ പറഞ്ഞിരുന്നു. എന്റെ പിന്നിലുള്ളത് ആരാണ്, ഞാന്‍ ആരാണ്, എന്താണ് എന്നുള്ളതെല്ലാം അന്വേഷിക്കുകയാണ്. പ്രതികരിക്കുന്ന പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ശബ്ദം ഇല്ലാതാക്കുകയെന്നതാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് നിയമം നമ്മളോട് പറയുന്നതെന്നും ആയിഷ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















