എല്ലാം സിനിമാ കഥ പോലെ... മുപ്പത്തിയാറു വര്‍ഷം നീണ്ട തന്റെ കുറ്റാന്വേഷണ ജീവിതത്തില്‍ നിന്നും ലോക്‌നാഥ് ബഹ്‌റ പടിയിറങ്ങുമ്പോള്‍ കൈയ്യടികള്‍ മാത്രം; ലോകത്തെ വിറപ്പിച്ച മുംബയ് ബോംബ് സ്‌ഫോടനകേസ്, എയര്‍ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയ കേസ്, ബാബറി മസ്ജിദ് തകര്‍ത്ത കേസ് അങ്ങനെ ആ പരമ്പര നീളുന്നു

മുപ്പത്തിയാറു വര്‍ഷം നീണ്ട തന്റെ കുറ്റാന്വേഷണ ജീവിതം അവസാനിപ്പിച്ച് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ലോക്‌നാഥ് ബഹ്‌റ ഈ മാസം 30ന് പടിയിറങ്ങുന്നു. ജിയോളജിയില്‍ ഉന്നതപഠനം കഴിഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്ന ശേഷം ലോക്‌നാഥ് ബെഹ്‌റ അന്വേഷിച്ച ചില കേസുകള്‍ മാദ്ധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.
ലോകത്തെ വിറപ്പിച്ച മുംബയ് ബോംബ് സ്‌ഫോടനകേസ്, എയര്‍ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയ കേസ്, പുരുലിയയില്‍ ആകാശത്തു നിന്ന് തോക്കുകള്‍ വര്‍ഷിച്ച കേസ്, ബാബറി മസ്ജിദ് തകര്‍ത്ത കേസ് തുടങ്ങിയവയൊക്കെ അതില്‍പ്പെടും.
മാത്രമല്ല, കേരളത്തില്‍ അത്ര ആഘോഷിക്കപ്പെടാത്തതും എന്നാല്‍ പ്രമാദവുമായിരുന്ന നിരവധി കൊലക്കേസുകളും തീവ്രവാദകേസുകളും അഴിമതിക്കേസുകളും അവയില്‍ പെടും. പക്ഷേ, ബെഹ്‌റ ഇതിന്റെയെല്ലാം ഭാഗമായിരുന്നു എന്ന് മിക്ക മലയാളികള്‍ക്കും അറിവുണ്ടാവില്ല. കാരണം, സി.ബി.ഐയില്‍ ജോലി ചെയ്ത പത്തുവര്‍ഷക്കാലത്തും എന്‍.ഐ.എയില്‍ ജോലി ചെയ്ത അഞ്ചുവര്‍ഷക്കാലത്തുമാണ് ബെഹ്‌റ ഈ അന്വേഷണ സംഘങ്ങളുടെയെല്ലാം ഭാഗമായിരുന്നത്
2008 ല്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ 10 പാക്കിസ്ഥാനികള്‍ മുംബയില്‍ നടത്തിയ വെടിവയ്പ്പിലും സ്‌ഫോടനത്തിലും ഇസ്രയേലികളടക്കമുള്ള വിദേശികളും ഇന്ത്യക്കാരും ഉള്‍പ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
പുരുലിയയില്‍ ആയുധം വര്‍ഷിച്ച കേസന്വേഷണം കൂടുതല്‍ ശ്രമകരമായിരുന്നു. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പീറ്റര്‍ ബ്ലീച്ചിനെ വിമാനത്തില്‍ വച്ച് അറസ്റ്റ് ചെയ്യാനും രക്ഷപ്പെട്ട കിം ഡേവി എന്ന പ്രതിയെ വിദേശത്ത് അറസ്റ്റ് ചെയ്ത് തടവിലാക്കാനും ഇരുപത്തിയേഴ് രാജ്യങ്ങളിലായി ചിതറികിടന്ന തെളിവുകള്‍ അതാത് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പാലിച്ച് ശേഖരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമൊക്കെ വലിയ ശ്രമം തന്നെ വേണ്ടി വന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ .ഐ .എ) രൂപീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ബെഹ്‌റയടക്കമുള്ള ഏതാനും പ്രഗത്ഭ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഇവരുടെ സംഘം എന്‍.ഐ.എയെ ഭാരതത്തിന്റെ അഭിമാനമാക്കി മാറ്റി. താമസിയാതെ അദ്ദേഹം കേരളത്തില്‍ പൊലീസ് മേധാവിയായി.
ജയില്‍, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നീ നാലു അതിപ്രധാന മേഖലയെയും നയിക്കാന്‍ അവസരം കിട്ടിയ, ഒരുപക്ഷേ ഒരേയൊരു കേരള ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കാം ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന പൊലീസ് മേധാവിയായി അഞ്ചു വര്‍ഷമാണ് ലോക്‌നാഥ് ബെഹ്‌റ സേവനമനുഷ്ഠിച്ചത്.
ആ അഞ്ചുവര്‍ഷക്കാലം എന്ന് പറയുന്നത് ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയുടെ ഏകദേശം മുഴുവന്‍ കാലവും രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യകാലവും ആയിരുന്നു. ഇന്ത്യയില്‍ അപൂര്‍വം പൊലീസ് മേധാവികള്‍ക്കു മാത്രമേ ഒരു മന്ത്രിസഭയുടെ ഏതാണ്ട് മുഴുവന്‍ കാലം ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും അലോസരമുണ്ടാക്കാതെ സേവനമനുഷ്ഠിക്കാന്‍ അവസരം കിട്ടിയിട്ടുള്ളൂ.
തന്റെ ശക്തമായ പൊലീസ് തീരുമാനങ്ങള്‍ സൗമ്യമായ ഭാഷയില്‍ കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയുടെ മുന്നില്‍ കാര്യകാരണസഹിതം അവതരിപ്പിച്ച് അനുമതി നേടിയെടുത്തിരുന്ന അദ്ദേഹം മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ക്ക് പറയാനുള്ളത് ശാന്തമായിരുന്ന് കേള്‍ക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും ശ്രമിച്ചു വിജയിച്ചിരുന്നു. പൊതുവെ ദൃശ്യമാദ്ധ്യമങ്ങളില്‍ വരാന്‍ മടിക്കുന്ന, അപൂര്‍വമായി വന്നാലും ഒന്നോ രണ്ടോ വാചകത്തില്‍ വിഷയം പറഞ്ഞു തീര്‍ക്കുന്ന ഒരു പ്രകൃതക്കാരനാണ് ബെഹ്‌റ.
പൊലീസിനു പുറത്തെ പൊതുചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അപൂര്‍വമായിരുന്നു. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളില്‍ ജനകീയസാന്നിദ്ധ്യമായി നില്‍ക്കാനും അദ്ദേഹം ഒട്ടുമേ താല്‍പര്യം കാണിച്ചില്ല. ഈ ഒറീസക്കാരന്‍ പടിയിറങ്ങുമ്പോള്‍ മലയാളികള്‍ അറിയാതെ സല്യൂട്ട് അടിച്ച് പോകുകയാണ്.
"
https://www.facebook.com/Malayalivartha






















