കൂടുതല്‍ തെളിവുകള്‍ പുറത്ത്... കിരണ്‍കുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു; വിസ്മയ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നു; നിരന്തര പീഡനങ്ങള്‍ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു

നാടിന്റെ വേദനയായി വിസ്മയ മാറുമ്പോള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗണ്‍സലിങ് വിദഗ്ധന്‍ പൊലീസിനു കൈമാറി. താന്‍ നേരിടുന്ന നിരന്തര പീഡനങ്ങള്‍ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരില്‍ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവു ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശിച്ചിരുന്നു.
വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി. എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ അല്‍പം മാത്രം ഉയരക്കൂടുതലുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതല്‍ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു.
കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
അതേസമയം വിസ്മയ വി.നായര്‍ ഭര്‍തൃവീട്ടില്‍ മരിച്ചതു കഴുത്തില്‍ കുരുക്കു മുറുകിയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുന്നു. തൂങ്ങിമരണമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുള്ളതിനാല്‍ ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനാവുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജനില്‍നിന്ന് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തു പൊലീസ് സര്‍ജനെ കൊണ്ടുവന്നു പരിശോധന നടത്താനാണു തീരുമാനം.
വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 21നു പുലര്‍ച്ചെയാണ്. സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ ഭര്‍ത്താവും അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കിരണിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും ലോക്കറും കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. 2 വര്‍ഷത്തിനിടെയുള്ള മുഴുവന്‍ പണമിടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിനോടു പൊലീസ് ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിലെ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. കിരണിന്റെയും വിസ്മയയുടെയും 3 മൊബൈല്‍ ഫോണുകളില്‍നിന്നു വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ ഫൊറന്‍സിക് സയന്റിഫിക് വിദഗ്ധര്‍ ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha






















