അജ്ഞാത കാമുകനെ തേടി കേരള പോലീസ്: രാജ്യത്ത് ആദ്യം; ഫെയ്‌സ്ബുക്ക് വഴി താന്‍ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായാണ് ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ച് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി

അജ്ഞാത കാമുകനെ തേടിയലയുന്ന ഒരു പോലീസ് സേനയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു സാധ്യതയുമില്ലെന്ന് പറയാന്‍ വരട്ടെ. കാരണം സംഭവം യാഥാര്‍ത്ഥ്യമാണ്.
കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിലാണ് സംഭവം. രേഷ്മ എന്ന യുവതി പ്രസവിച്ചയുടനെ തന്റെ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ചു. കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് പോലീസ് കണ്ടെത്തി. സംഭവം പുറത്തുവന്നയുടുനെ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികള്‍ ഇത്തിക്കര ആറ്റില്‍ ചാടി ജീവനൊടുക്കി.
ഫെയ്‌സ്ബുക്ക് വഴി താന്‍ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായാണ് ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ച് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. പക്ഷേ കാമുകനെ ഇന്നേവരെ രേഷ്മ നേരിട്ട് കണ്ടിട്ടില്ല. കാമുകനെ തിരിച്ചറിയാനുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. രേഷ്മ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആര്യയുടേ പേരിലുള്ളതായിരുന്നു. ആര്യയുടെ നമ്പറാണ് രേഷ്മ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനും ഉപയോഗിച്ചിരുന്നത്.
പോലീസ് സംഘം കഴിഞ്ഞ ദിവസം ആര്യയെ വിളിപ്പിച്ചിരുന്നു. എന്നാല്‍, ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇതിനു പിന്നാലെ ആറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇതു കൂടുതല്‍ ദുരൂഹതയായി.
മൂന്നോ നാലോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് രേഷ്മയുടെ മൊഴി. ഇതില്‍ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. സൈബര്‍ വിദഗ്ധര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ തേടാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
കുഞ്ഞ് രേഷ്മയുടേതാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ശാസ്ത്രീയമായ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുഞ്ഞ് രേഷ്മവിഷ്ണു ദമ്പതിമാരുടേതാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ രേഷ്മയുടെ മൊഴിയില്‍ പറഞ്ഞ ചിലകാര്യങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
മരിച്ച ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതിന്റെ ടെന്‍ഷനിലായിരുന്നു ആര്യ. പോലീസ് ആര്യയെ ഭീഷണിപ്പെടുത്തിയതായി ആരും കരുതുന്നില്ല. കേസില്‍ വൈകാതെ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും ചോദ്യംചെയ്യും.
2021 ജനുവരി അഞ്ചിനാണ് പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. രാത്രി മുഴുവന്‍ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പാരിപ്പള്ളി പോലീസിന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. സമീപത്തെ നിരവധി പേരെ ചോദ്യംചെയ്‌തെങ്കിലും ആദ്യഘട്ടങ്ങളില്‍ ഒരു തുമ്പും ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണം നടന്നു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ പരിശോധിച്ചു.
ആദ്യഘട്ട അന്വേഷണത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്ത പോലീസ് സംഘം ഡി.എന്‍.എ. പരിശോധന നടത്തി. സംശയമുള്ളവരുടെ ഡി.എന്‍.എ. പരിശോധന നടത്തി കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു ശ്രമം.
കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്ന രേഷ്മയും ഇതിലുള്‍പ്പെട്ടിരുന്നു. ഡി.എന്‍.എ. പരിശോധനയ്ക്ക് രേഷ്മക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല . ഇവരുടെ പെരുമാറ്റവും സംശയത്തിന് കാരണമായില്ല.
ഡി.എന്‍.എ. പരിശോധനഫലം ലഭിച്ചതോടെ കുഞ്ഞ് രേഷ്മ വിഷ്ണു ദമ്പതിമാരുടേതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ എല്ലാം പോലീസിന് മുന്നില്‍ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി.
ഗര്‍ഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത്രയുംകാലം വീട്ടുകാര്‍ അറിയാതെ എങ്ങനെ ഗര്‍ഭം മറച്ചുവെച്ചതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്. ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച് വയര്‍ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. എന്നാല്‍ പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേരിട്ടു കാണാത്ത കാമുകനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുവതിക്കറിയില്ല. ഇരുവരും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്.
ഏറേനേരം മൊബൈല്‍ഫോണിലും സാമൂഹികമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതില്‍ രേഷ്മയെ ഭര്‍ത്താവ് വിഷ്ണു നേരത്തെ വഴക്കുപറഞ്ഞിരുന്നു. ഒരിക്കല്‍ രേഷ്മയുടെ ഫോണ്‍ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു.
കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വര്‍ക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഏറെനേരം കാത്തുനിന്നശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു. ഫെയ്‌സ്ബുക്ക് കാമുകന്‍ വ്യാജനാണോ എന്ന സംശയം പോലീസിനുണ്ട്. രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡികളില്‍നിന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് പോലീസിന്റെ സംശയം.
ഇന്ത്യന്‍ പോലീസില്‍ തന്നെ ഇങ്ങനെയൊരു അന്വേഷണം ആദ്യമാണെന്നാണ് കേസന്വേഷിക്കുന്നവരുടെയും സംശയം.
"
https://www.facebook.com/Malayalivartha






















